ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരത്തിലെ രണ്ട് ജ്വല്ലറികളില്‍ മോഷണം. രണ്ട് കടകളില്‍ നിന്നായി 97000 രൂപയുടെ വെള്ളി ആഭരണങ്ങളാണ് മോഷണം പോയത്. ചന്ത ഭാഗത്തെ ആലുക്കല്‍ ജ്വല്ലറിയിലും ഐശ്വര്യ ജ്വല്ലറിയിലുമാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. ആലുക്കല്‍ ജ്വല്ലറിയില്‍ നിന്ന് 85000 രൂപ വില വരുന്ന രണ്ട് കിലോ വെള്ളി ആഭരണങ്ങളാണ് മോഷണം പോയത്. തിരുവല്ല ഇടിഞ്ഞില്ലം സ്വദേശി ദേവസ്യയുടേതാണ് കട.
വാഴപ്പള്ളി സ്വദേശി പ്ലാപ്പറമ്പില്‍ മണിയുടെ ഉടമസ്ഥതയിലുള്ള ഐശ്വര്യ ജ്വല്ലറിയില്‍ നിന്നും 12000 രൂപ വിലവരുന്ന 200 ഗ്രാം വെള്ളി ആഭരണങ്ങളാണ് മോഷണം പോയത്. രാവിലെ കടകള്‍ തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. തുടര്‍ന്ന് ചങ്ങനാശ്ശേരി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. സമീപ സ്ഥാപനങ്ങള്‍ക്ക് മുന്പിലെ സിസിടിവി ക്യാമറകള്‍ മോഷ്ടിച്ചശേഷവും ഐശ്വര്യയ്ക്ക് സമീപത്തെ സിസിടിവി ക്യാമറ തകര്ത്തശേഷവുമാണ് മോഷ്ടാക്കള്‍ ആഭരണങ്ങള്‍ കവര്‍ന്നത്. എന്നാല്‍, മോഷ്ടാവിന്റെ ദൃശ്യം അടുത്തുള്ള മറ്റൊരു സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഇരുകടകളിലെയും ഡിസ്പ്ലേയ്ക്കായി വച്ചിരുന്ന ആഭരണങ്ങളും കവറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ചങ്ങനാശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലയില്‍ സമാന രീതിയില്‍ നടന്ന മോഷണ കേസുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്ന് സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി ഡി. ശില്പ അറിയിച്ചു.
വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള പരിശോധനയില്‍ ആലുക്കല്‍ കടയില്‍ നിന്നും ഒരാളുടെ വിരലടയാളം ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡോഗ് സ്ക്വാഡ് പരിശോധനയില്‍ പോലീസ് നായ സംഭവ സ്ഥലത്ത് നിന്നും അസീസി റോഡിലെത്തിയ ശേഷം എംസി റോഡിലൂടെ എസ്ബി കോളേജിനു മുന്‍വശത്തുള്ള റോഡുവഴി കാക്കാംതോട് എത്തി നിന്നു.
ഏകദേശം ഒരു കിലോമീറ്ററോളം പോലീസ് നായ സംഭവ സ്ഥലത്തുനിന്നും ഓടിയാണ് നിന്നത്. ഇവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്. ശ്രീകുമാര്‍, സിഐ പ്രശാന്ത് കുമാര്‍ എന്നിവരും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: