ന്യൂദല്‍ഹി : സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചതില്‍ കേരളത്തിന് 11 മെഡലുകള്‍. വിശിഷ്ട സേവനത്തിനുള്ള ഒരു മെഡലും സ്തുത്യര്‍ഹ സേവനത്തിനുള്ള 10 മെഡലുകളും കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നേടിയത്.
എഡിജിപി യോഗേഷ് ഗുപ്തയാണ് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹനായത്. ജി. സ്പര്‍ജന്‍ കുമാര്‍, ടി. കൃഷ്ണ കുമാര്‍, ടോമി സെബാസ്റ്റ്യന്‍, അശോകന് അപ്പുക്കുട്ടന്, അരുണ്‍ കുമാര്‍ സുകുമാരന്‍, ഡി. സജി കുമാര്‍, ഗണേശന് വി.കെ., സിന്ധു വി.പി., സന്തോഷ് കുമാര്‍ എസ്., സി.എം. സതീശന്, എന്നിവരാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ അര്‍ഹരായത്. അഗ്നി ശമന സേനാംഗങ്ങള്‍ക്കുള്ള മെഡലിന് കേരളത്തിലെ അഞ്ച് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. സിബിഐയിലെ മലയാളി ഉദ്യോഗസ്ഥന് മനോജ് ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹനായി.
രാജസ്ഥാന് ജോദ്പൂര്‍ ഐജിയും മലയാളിയുമായ ജോസ് മോഹനും രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹനായി. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പിയായിരുന്നു. മൂവാറ്റുപുഴ സ്വദേശിയാണ് ജോസ് മോഹന്‍.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 1380 ഉദ്യോഗസ്ഥരാണ് ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹരായത്. മെഡലുകള്‍ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന ചടങ്ങില്‍ രാഷ്ട്രപതി നല്‍കും. ഒപ്പം ബിഎസ്എഫിന്റെ ഭാഗത്ത് നിന്നുള്ള കേരളത്തിലെ ഉദ്യോഗസ്ഥനായ എസ്പി മഹാദേവനും, സിഐഎസ്എഫിലെ ഉദ്യോഗസ്ഥനായ കൃഷ്ണകുമാറിനും പോലീസ് മെഡലുണ്ട്.കമാന്റന്റ് സുധീര്‍ കുമാറിനും രാഷ്ട്രപതിയുടെ മെഡല്‍ ലഭിക്കും.
ഇന്ത്യന്‍ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ 23 പേര് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്കാരത്തിന് അര്‍ഹരായി. ഇവരില്‍ 20 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ലഡാക്കില്‍ നടന്ന സംഘര്‍ഷം നേരിട്ടതില്‍ ധീരതയ്ക്കുള്ള പുരസ്കാരമാണ് ലഭിച്ചത്. ഇതാദ്യമായാണ് ഇത്രയധികം ഐടിബിപിയില്‍ പേര്‍ക്ക് പുരസ്കാരം ലഭിക്കുന്നതെന്ന സേന വ്യക്തമാക്കി. ജമ്മു കശ്മീര്‍ പോലീസില്‍ 256 പേര് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്കാരത്തിന് അര്‍ഹരായി. ഒരാള്‍ക്ക് രാഷ്ട്രപതിയുടെ വിശിഷ്ട പുരസ്കാരം ലഭിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡലും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കേരള പോലീസില്‍ നിന്ന് ഉത്ര കേസ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ഹരിശങ്കറടക്കം സംസ്ഥാനത്തെ ആമ്പത് ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: