കൊച്ചി: പൊതു വിദ്യാഭ്യാസ വകുപ്പിനെ ഉപയോഗിച്ച് കമ്യൂണിസ്റ്റാശയങ്ങള്‍ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോഷക സംഘടനയായ ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാലയങ്ങളില്‍ ‘മക്കള്‍ക്കൊപ്പം’ എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കൊവിഡ് അനുബന്ധ സാഹചരൃത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പിന്തുണ നല്‍കാനെന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി, തങ്ങളുടെ സംഘടനയിലേക്കുള്ള റിക്രൂട്ടുമെന്റിനായി ഉപയോഗിക്കുകയാണ്.
തൃശ്ശൂര്‍ ജില്ലയിലടക്കം കണ്ടത് അതാണ്. തൃശ്ശൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മക്കള്‍ക്കൊപ്പം എന്ന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പൂരിപ്പിക്കാന്‍ നല്കിയ ഗൂഗിള്‍ ഫോമില്‍ ‘താങ്കള്‍ ശാസ്ത്ര സാഹിത്യ പരിഷത്തില്‍ അംഗമാണോ? എന്ന ചോദ്യം അടക്കം ഉണ്ടായിരുന്നു. കൊവിഡാനന്തര പ്രശ്നങ്ങള്‍ മറികടക്കുന്നതിനായുള്ള ശാക്തീകരണ ക്ലാസില്‍ പങ്കെടുക്കുന്നവര്‍ പരിഷത്തില്‍ അംഗമാകുന്നതിന്റെ രീതിശാസ്ത്രം തൃശ്ശൂര്‍ ഡിഡിഇ വിശദീകരിക്കണം.
കാസര്‍കോട് ജില്ലയില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് നടത്തിയ ക്വിസ് മത്സരത്തിലെ ചോദ്യങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്ലാസുകളില്‍ ചോദിക്കേണ്ട ചോദ്യങ്ങളാണ്. ഇതിന് നേതൃത്വം കൊടുത്തത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ആണ്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മറവില്‍ രാഷ്ട്രീയ പ്രചാരണം നടത്തുന്ന വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ടി. അനൂപ് കുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: