ന്യൂദല്‍ഹി: രാഷ്ട്രീയത്തില്‍ ഇരട്ടത്താപ്പ് നയത്തിന് പ്രസിദ്ധയാര്‍ജിച്ച സിപിഎം വീണ്ടും അതേ നിലപാട് ആവര്‍ത്തിക്കുന്നു. ഇത്തവണ അത് തൃണമൂല്‍ കോണ്‍ഗ്രസിനോടാണ്. പശ്ചിമ ബംഗാളില്‍ തൃണമൂലൂകാരുടെ രൂക്ഷമായ മര്‍ദ്ദനമാണ് സിപിഎം പ്രവര്‍ത്തകര്‍ക്കു നേരിടേണ്ടി വരുന്നത്. എന്നാല്‍, ദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ തൃണമൂലുമായി സഹകരിക്കാനാണ് സിപിഎം തീരുമാനം. ബംഗാളിലും തൃപുരയിലും തൃണമൂലുകാര്‍ ശത്രുക്കളായിരിക്കും. എന്നാല്‍, ദേശീയതലത്തില്‍ സുഹൃത്തുക്കളും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് നിലപാട് വ്യക്തമാക്കി. കേരളത്തിലും സമാനമായ നിലപാടാണ് സിപിഎം തുടരുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് സിപിഎമ്മിന്റെ പ്രധാന എതിരാളി ആണ്. എന്നാല്‍, അതിര്‍ത്തി കഴിഞ്ഞാല്‍ സഖ്യകക്ഷിയും.
ബിജെപി ഒഴികെയുള്ള ഏത് പാര്‍ട്ടിയുമായും പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷം തയ്യാറാണെന്ന ഇടതുമുന്നണി അധ്യക്ഷന്‍ ബിമന്‍ ബോസിന്റെ സമീപകാല പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് സിപിഎം ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനകള്‍ വന്നത്. പശ്ചിമ ബംഗാളില്‍ സി.പി.എം. പ്രവര്‍ത്തകര്‍ക്ക് നേരെ വലിയ തോതില്‍ അക്രമണങ്ങളാണ് മമത ബാനര്‍ജി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടി വന്നത്. ജനാധിപത്യ ധ്വംസന പ്രവര്‍ത്തനങ്ങളാണ് മമതാ ബാനര്‍ജിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അതുകൊണ്ട് തന്നെ മമതാ ബാനര്‍ജിയുമായി ഒരു സഖ്യത്തിനോ സഹകരണത്തിനോ പോലും തയ്യാറല്ല എന്നായിരുന്നു അന്ന് പാര്‍ട്ടി വ്യക്തമാക്കിയിരുന്നത്. 2004 – ല്‍ ഇടത് പാര്‍ട്ടികള്‍ക്ക് 61 എംപിമാരാണ് പാര്‍ലമെന്റില്‍ ഉണ്ടായിരുന്നത്. ഇതില്‍ 57 എംപിമാരും കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് പാര്‍ലമെന്റില്‍ എത്തിയത്. സംസ്ഥാന തലത്തില്‍ ഒരു നിലപാടും ദേശിയ തലത്തില്‍ മറ്റൊരു നിലപാടും സ്വീകരിക്കുന്നതില്‍ തെറ്റില്ല എന്നും യെച്ചൂരി വ്യക്തമാക്കി.
അതേസമയം, ആഗസ്റ്റ് 20 ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ യോഗത്തില്‍ തന്റെ പാര്‍ട്ടി പങ്കെടുക്കുമെന്ന് യെച്ചൂരി പറഞ്ഞു. ‘ദേശീയതലത്തില്‍ പതിനാല് പാര്‍ട്ടികള്‍ ബിജെപിക്കെതിരെ പോരാടുകയാണ്. ഇത് പാര്‍ലമെന്റിനകത്തും പുറത്തും തുടരും. മറ്റ് കക്ഷികള്‍ ഞങ്ങളോടൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞങ്ങള്‍ അവരെ സ്വാഗതം ചെയ്യുമെന്നും യെച്ചൂരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: