അടിയന്തിരാവസ്ഥയ്ക്കെതിരെയുള്ള സമരത്തില്‍ ആദ്യത്തെ മുദ്രാവാക്യം ‘ഭാരത് മാതാ കി ജയ്’ എന്നായിരുന്നു. പലസ്ഥലത്തും രണ്ടാമത്തെ മുദ്രാവാക്യമായ ‘അടിയന്തിരാവസ്ഥ തുലയട്ടെ’ എന്നത് വാനിലുയര്‍ന്നില്ല. അതിനുമുമ്പേ വിളിക്കാനോങ്ങിയ വ്യക്തിയുടെ വായപൊത്തി. പിന്നെ പോലീസ് വാനിലേക്ക്. തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ കെ.ജി.മാരാര്‍ക്ക് ഈ അനുഭവമായിരുന്നു. കേരളത്തില്‍ പലസ്ഥലങ്ങളിലും സമാനമായ രീതി. ദേശീയപതാക ഉയര്‍ത്താനോ ദേശീയഗാനം ആലപിക്കാനോ സ്വാതന്ത്ര്യദിനത്തില്‍ പോലും അനുമതിയില്ല. ഇത് സ്വാതന്ത്ര്യ സമരത്തിന്റെയും സ്വാതന്ത്ര്യസമ്പാദനത്തിന്റെയും മൊത്തക്കച്ചവടക്കാരായി ഞെളിയുന്ന കോണ്‍ഗ്രസ് ഭരണത്തിന്റെ വക. അതിനെ എതിര്‍ക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ മാത്രമല്ല ഇടത് കമ്യൂണിസ്റ്റുകാരും ആദ്യം ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് അധികാരം ലഭിച്ച സ്ഥലത്ത് കോണ്‍ഗ്രസ് ഭരണത്തിന്റെ ഭൂതം സ്വാധീനിച്ചു. അതാണ് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് കണ്ടത്. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തിയത് നിയമവിരുദ്ധമാണെന്നും നടപടിവരുമെന്നൊക്കെ വലിയ വായില്‍ പറഞ്ഞു. മോഹന്‍ ഭഗവതിന്റെ മൂക്ക് ചെത്തുമോ എന്ന് പലരും ശങ്കിച്ചു. ഒരുവര്‍ഷം കഴിയും മുമ്പെ സിപിഎമ്മിന് വകതിരിവുണ്ടായിരിക്കുന്നു. കിട്ടിയ സ്വാതന്ത്ര്യം സ്വാതന്ത്ര്യമല്ലെന്നും സഖാക്കളാരും സ്വാതന്ത്ര്യദിനം ആഘോഷിക്കരുതെന്നും നിഷ്കര്‍ഷിച്ച കമ്യൂണിസ്റ്റ് നേതൃത്വം തന്നെ പഴയ തീരുമാനങ്ങളെല്ലാം വഴിയില്‍ തള്ളി. ഇക്കുറി വന്നു ആഹ്വാനം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷമാക്കണം.
അഭിവക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ‘ഈ സ്വാതന്ത്ര്യം വ്യാജമാണ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് സിപിഎം ഈ തീരുമാനമെടുത്തിരിക്കുന്നത്.
സാധാരണയായി പാര്‍ട്ടി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് ഫാസിസ്റ്റ് ശക്തികളാലും വര്‍ഗ്ഗീയ ശക്തികളാലും രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തിക്കൊണ്ടാണെന്നാണ് ന്യായീകരണം. ഇത്തവണ 75-ാം വാര്‍ഷികമായതുകൊണ്ട് തന്നെ കൂടുതല്‍ വിപുലമായി നടത്തും. 75-ാം വാര്‍ഷികവും 100-ാം വാര്‍ഷികവും എല്ലാ സമയത്തും വരുന്നതല്ലെന്നും സിപിഎം വാദിക്കുന്നു. അങ്ങനെയെങ്കില്‍ 50-ാം വാര്‍ഷികത്തിന് എന്തേ ആഘോഷമുണ്ടായില്ലെന്ന ചോദ്യം പ്രസക്തമാണ്. സ്വാതന്ത്ര്യ ദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാകയും പാര്‍ട്ടി പതാകയും ഉയരുമത്രെ.
പണ്ടൊക്കെ സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാകയുമേന്തി വന്ദേമാതരവും പാടി വിദ്യാര്‍ത്ഥികളും അധ്യാപകരും വരിവരിയായി നീങ്ങുന്ന കാഴ്ചയുണ്ടായിരുന്നു. കമ്യൂണിസ്റ്റുകാര്‍ക്ക് സ്വാധീനമുള്ള മേഖലയിലൂടെ പോയാല്‍ പണിപാളും. ദേശീയപതാക പിടിച്ചുവാങ്ങി ചെങ്കൊടി പിടിപ്പിക്കും. പിടിച്ചില്ലെങ്കില്‍ പുളിച്ചതെറി കേള്‍ക്കേണ്ടിവരും. സ്വാതന്ത്ര്യദിനം ആഘോഷമാക്കാന്‍ ഇപ്പോള്‍ തീരുമാനിച്ച കേന്ദ്രകമ്മിറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഉത്തരവിറക്കി. കമ്മ്യൂണിസ്റ്റുകാരാരും സ്വാതന്ത്ര്യദിനത്തില്‍ പങ്കെടുക്കരുത്. കാലംപോയ പോക്കേ!
സ്വാതന്ത്ര്യം കാപട്യമാണെന്നും വെളുത്ത സായിപ്പ് കറുത്ത സായിപ്പിനു നല്കിയ അധികാര കൈമാറ്റം അംഗീകരിക്കില്ലെന്നും സാധാരണ ജനത്തിനു സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി നിലപാട് സ്വീകരിച്ചു. യഥാര്‍ഥ സ്വാതന്ത്ര്യം സായുധ വിപ്ലവത്തിലൂടെ എന്ന അപകടകരമായ നിലപാടിലേക്ക് പാര്‍ട്ടി മാറി. നാല്പത്തിയെട്ടില് കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസോടെ പാര്‍ട്ടി പ്രമേയം പാസാക്കി നിലപാട് കടുപ്പിച്ചു.
പിന്നീട് മധുര കോണ്‍ഗ്രസില്‍ കല്‍ക്കത്ത തീസിസിനെ പാര്‍ട്ടി തള്ളിയെങ്കിലും സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്നെയും മടിച്ചു. 1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പോടെയാണല്ലോ സിപിഐ (എം) രൂപം കൊള്ളുന്നത്. കമ്യൂണിസ്റ്റ് എന്നിടത്ത് കണ്ഫ്യൂഷന് (ആശയക്കുഴപ്പം) എന്നായി. സിപിഐക്കുശേഷം ബ്രാക്കറ്റിലെ എം എന്നത് ഇന്ന് മാഫിയയുടെ സൂചകമായി. ആശയവും പ്രത്യയശാസ്ത്രവും ഉപേക്ഷിച്ച് മാഫിയകളെ ആശ്രയിക്കുന്ന പാര്‍ട്ടിയെ അങ്ങനെയല്ലാതെ എങ്ങനെ വിശേഷിപ്പിക്കും? സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും മയക്കുമരുന്നു കടത്തും മരംകൊള്ളയുമെല്ലാം പാര്‍ട്ടി പരിപാടിയല്ലേ? സ്വര്‍ണക്കടത്തില്‍ കണ്ണടച്ച് പാര്‍ട്ടി നിന്നാല്‍ മൂന്നിലൊന്ന് പാര്‍ട്ടിക്ക്. ഇങ്ങനെയുള്ള പാര്‍ട്ടി ഏതുവേഷവും കെട്ടും.
ഒരു സ്വാതന്ത്ര്യദിനത്തില്‍ കേരളമാകെ മനുഷ്യ ചങ്ങല പിടിച്ചപ്പോള്‍ ഒരറ്റത്തെങ്കിലും ദേശീയപതാകയേന്താന്‍ മടിച്ചവരാണിത്. സ്റ്റാലിന്റെയും മാര്‍ക്സിന്റെയും ലെനിന്റേയും ചെഗുവേരയുടെയും ചിത്രം തൂക്കും പാര്‍ട്ടി ഓഫീസുകളില്‍. അക്കൂട്ടത്തില്‍ പുതുതായി ഗാന്ധിജി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ ചിത്രം തൂക്കാതിരിക്കാനുള്ള മര്യാദയെങ്കിലും ഈ പാര്‍ട്ടി കാണിക്കുമെന്ന് പ്രതീക്ഷിക്കാം. ‘മഹാത്മാഗാന്ധി എന്താക്കി, ഇന്ത്യയെ മാന്തി പുണ്ണാക്കി’ എന്ന് ആര്‍ത്ത് വിളിച്ച കൂട്ടരാണല്ലോ ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: