ആഗ്രഹങ്ങളും ആസക്തികളും പലപ്പോഴും നൈരാശ്യത്തിനും കഠിനമായ വ്യഥകള്ക്കുമിടയാക്കുന്നു. ആഗ്രഹം ഉണ്ടാകുന്നത് തെറ്റല്ല. എന്നാല്‍ അത് അനുചിതമോ, അന്യായമോ, അമിതമോ അല്ലെന്നുറപ്പാക്കാന് നമുക്ക് കഴിയണം. പല സന്ദര്‍ഭങ്ങളിലും രാമായണ കര്‍ത്താവ് ഇതിനെക്കുറിച്ച് ഓര്‍മിപ്പിക്കുന്നുണ്ട്. കുംഭകര്‍ണന്റെ നീതിവാക്യത്തില് ഇതിന്റെ സമഗ്രമായ വിശദീകരണം കാണാം. വിവേകശാലികള്‍ ആഗ്രഹങ്ങളും ആസക്തികളും അന്യായമോ അമിതമോ ആകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുന്നു.
”ആഗ്രഹമൊന്നിങ്കലേറിയാലാപത്തു
പോകുവാനാവതല്ലാതവണ്ണം വരും”
(യുദ്ധകാണ്ഡം)
സീതയില്‍ രാവണനുണ്ടായ ആഗ്രഹത്തെ ഉദ്ദേശ്യം വച്ചാണ് കുംഭകര്ണന് ഈ മുന്നറിയിപ്പു നല്‍കുന്നത്.
”നമ്മുടെ വംശത്തിനും നല്ലനാട്ടിനു-
മുന്മൂലനാശം വരുത്തുവാനായല്ലോ
ജാനകിതന്നിലൊരാശയുണ്ടായതും
ഞാനറിഞ്ഞേനതു രാത്രിഞ്ചരാധിപ”
അഗ്നിയെ മോഹിക്കുന്ന ശലഭങ്ങളുടെയും, ഇരമോഹിച്ചു ചൂണ്ടലില്‍ കുടുങ്ങുന്ന മീനുകളുടെയും ഗതിയാണ് മോഹാന്ധരെ കാത്തിരിക്കുന്നത്.
നല്ലതല്ലെന്നു ബോധ്യമുണ്ടെങ്കിലും ചിലര്‍ക്ക് ചില കാര്യങ്ങളില്‍ അതിയായ ആഗ്രഹം തോന്നും. പൂര്‍വ ജന്മാര്ജിത വാസനയാണിതിനു കാരണം.
”ജന്തുവിന്നു തുടരുന്നു വാസനാ
ബന്ധമിങ്ങുടലു വീഴുവോളവും”
എന്ന് കുമാരനാശാനും വാസനാബന്ധത്തിന്റെ ശക്തിയെക്കുറിച്ച് ഓര്‍മിപ്പിക്കുന്നുണ്ട്.
‘ശാസ്ത്രവിവേകോപദേശങ്ങള്‍’ കൊണ്ട് ഇതിനെ വലിയൊരു പരിധി വരെ നിയന്ത്രിക്കാമെങ്കിലും പലരും അതിന് തയ്യാറാകുന്നില്ല.
”ഇന്ദ്രിയങ്ങള്‍ക്കു വശനായിരിപ്പവ-
നെന്നുമാപത്തൊഴിഞ്ഞില്ലെന്നു നിര്‍ണയം
ഇന്ദ്രിയഗ്രാമം ജയിച്ചിരിക്കുന്നവ-
നൊന്നുകൊണ്ടും വരാനൂനമാപത്തുകള്‍”
ഉത്തമനായ ഒരു ഗുരുനാഥന്റെ താല്‍പ്പര്യത്തോടെ, ജ്യേഷ്ഠന്റെ നന്മ ലക്ഷ്യമാക്കി അതിമോഹത്തിന്റെ വിപത്തുകള്‍ കുംഭകര്ണന് വിവരിക്കുന്നു. ”ഭക്ത”നായ രാവണന് യഥാര്‍ഥ ഭക്തിയും ധര്‍മാനുസാരിയായ കര്‍മവും എന്തെന്ന് കുംഭകര്ണന് വ്യക്തമാക്കിക്കൊടുക്കുന്നുമുണ്ട്. മായാവിമോഹങ്ങളെല്ലാം ഉപേക്ഷിച്ച് രാമനെ ഭജിക്കുക എന്ന അഭ്യര്‍ഥനയോടെയാണ് കുംഭകര്‍ണന്റെ നീതിവാക്യം സമാപിക്കുന്നത്. ഭക്തി, സത്സംഗം, ആധ്യാത്മിക പരിശീലനം എന്നിവയുടെയെല്ലാം പ്രധാനലക്ഷ്യങ്ങളിലൊന്ന് ഇന്ദ്രിയനിയന്ത്രണമാണ്.
ധനത്തിലും അധികാരത്തിലും വഴിവിട്ട സുഖഭോഗങ്ങളിലുമുള്ള അതിമോഹം ഇന്നത്തെ സമൂഹത്തിന്റെ മുഖമുദ്രയായിരിക്കുന്നു. സാധാരണക്കാരിലും ഉന്നതരിലും ഭരണാധികാരികളിലും ഇത്തരക്കാര്‍ ഒട്ടേറെയുണ്ട്. ഇതിന്റെ ഫലമായി കൊലപാതകങ്ങള്‍, ആത്മഹത്യ, പീഡനങ്ങള്‍, അഴിമതി എന്നിവയെല്ലാം അനുദിനമെന്നോണം പെരുകുന്നു. ആഗ്രഹപൂര്‍ത്തിക്കായി എന്തു ചെയ്യാനും മടിക്കാത്തവരുടെയിടയിലാണ് നാം ജീവിക്കുന്നത്. നീതിവാക്യങ്ങള്‍ നിരാകരിക്കപ്പെടുകയും ചെയ്തികള്‍ നീതീകരിക്കപ്പെടുകയും ചെയ്യുന്ന കാലം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: