തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയുന്നില്ല. മുഖ്യമന്ത്രി പദം രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് എതിരായ ആരോപണം ചര്‍ച്ച ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുന്നത്.
ഡോളര്‍ കടത്ത് കേസിലെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ചോദ്യോത്തരവേള തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിഷയം ഉന്നയിച്ചു. കോടതിയിലുള്ള വിഷയം ചര്‍ച്ച ചെയ്യില്ലെന്ന ഭരണകക്ഷിയുടെ തീരുമാനം കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാല്‍ വിഷയം തള്ളിയതാണെന്ന് ചൂണ്ടിക്കാട്ടി ചോദ്യോത്തരവേളയുമായി സ്പീക്കര്‍ മുന്നോട്ട് പോയി. ഇതോടെ മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷമേ സഭാനടപടികളുമായി സഹകരിക്കു എന്ന് അറിയിക്കുകയും ബാനറുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു.
അതിനിടെ സഭയില്‍ ബാനര്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്നും ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഏറെ നേരം പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷ നേതാവിന് ദല്‍ഹിയില്‍ പോകാനുള്ളത് കൊണ്ടാണ് സഭ ബഹിഷ്‌കരിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പരിഹസിച്ചു.
ഡോളര്‍ വിഷയത്തില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസത്തെപോലെ ഇന്നും മൗനം തുടരുകയാണ്. ഡോളര്‍ക്കടത്തുകേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരേ നല്‍കിയ മൊഴി ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭാ നടപടികള്‍ പൂര്‍ണമായും ബഹിഷ്‌കരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: