മലപ്പുറം : വനിതാ പ്രവര്‍ത്തകരെ അപമാനിക്കുകയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും നടത്തിയ എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിതാ കമ്മീഷന് പരാതി. എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലെ പത്തോളം സംസ്ഥാന ഭാരവാഹികളാണ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ചു മാനസികമായും സംഘടനാപരമായും വ്യക്തിപരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് വനിതാ പ്രവര്‍ത്തകരുടെ പരാതിയില്‍ പറയുന്നുണ്ട്.
എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ. നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി.അബ്ദുള്‍ വഹാബ് തുടങ്ങിയവര്‍ക്കെതിരെയാണ് പരാതി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എംഎസ്എഫില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ് ഇപ്പോള്‍ പൊട്ടിത്തെറിയുടെ വക്കിലേക്കെത്തിയിരിക്കുന്നത്. മുസ്ലിംലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ നേതാക്കള്‍ സമീപിച്ചിരിക്കുന്നത്.
ജൂണ്‍ 22ന് കോഴിക്കോട് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചില പരാമര്‍ശങ്ങളാണ് പരാതിയില്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സംഘടനകാര്യങ്ങളില്‍ വനിത നേതാക്കളോട് അഭിപ്രായം ചോദിച്ച് സംസാരിക്കവെ ‘വേശ്യയ്ക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകുമല്ലോ, അത് പറയൂ’ എന്നാണ് പി.കെ.നവാസ് പരാമര്‍ശിച്ചത്. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും, ഇവര്‍ക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാപരമായും വ്യക്തിപരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.
സംഘടനയുടെ അകത്തും പുറത്തും വഴിപ്പെട്ട് നില്‍ക്കണം. ഇല്ലെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തി. ഹരിതയിലെ നേതാക്കള്‍ പ്രസവിക്കാത്ത ഒരു തരം ഫെമിനിസ്റ്റുകള്‍ ആണെന്ന് പൊതുമധ്യത്തില്‍ പറഞ്ഞു നടക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. തങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ വനിത കമ്മീഷന് ഈ വിഷയത്തില്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
എംഎസ്എഫ് യോഗം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് വേദിയാകുന്നതായി നേരത്തേയും ഹരിതയുടെ ഭാരവാഹികള്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഇടപെടാന്‍ മുസ്ലിം ലീഗ് നേതൃത്വം തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് പത്ത് സംസ്ഥാന ഭാരവാഹികള്‍ ഒപ്പിട്ട് വനിത കമ്മീഷന് പരാതി കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: