ന്യൂദല്‍ഹി: ബുധനാഴ്ച പാര്‍ലമെന്റിലെത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതും പത്തുവയസുകാരിയായ അനിഷ പാട്ടീലിന് സ്വപ്നം പോലെയാണ് തോന്നിയത്. അഹമ്മദ് നഗറില്‍നിന്നുള്ള എംപി ഡോ. സുജെ വിഖെ പാട്ടീലിന്റെ മകളും മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ പേരക്കുട്ടിയുമാണ് അനിഷ. പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ കഴിയാത്തതിന്റെ നിരാശയിലായിരുന്നു കുറച്ചുനാളുകളായി ഈ കൊച്ചുകുട്ടി. അച്ഛനോട് ആഗ്രഹം പറഞ്ഞുവെങ്കിലും അനിഷ ചോദിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പ്രധാനമന്ത്രിയുടെ തിരക്കിനെക്കുറിച്ച് മകളോട് വിശദീകരിച്ച സുജെ വിഖെ പാട്ടീല്‍ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചേക്കില്ലെന്നും പറഞ്ഞു. മറ്റ് വഴികളില്ലാതെ വന്നതോടെ ഒരു ദിവസം കുട്ടിയായ അനിഷ അച്ഛന്റെ ലാപ്ടോപ്പ് എടുത്ത് പ്രധാനമന്ത്രിക്ക് ഇ-മെയില്‍ അയച്ചു. ‘ഹലോ സര്, ഞാന്‍ അനിഷ, എനിക്ക് താങ്കളെ വന്നുകാണാന്‍ ആഗ്രഹമുണ്ട്’-മെയിലില്‍ കുറിച്ചു. ‘ദയവായി വേഗം വരൂ’ എന്ന് മറുപടി ലഭിച്ചതോടെ അനിഷയുടെ സന്തോഷത്തിന് അതിരുകളില്ലാതായി.
വിഖെ പാട്ടീലിന്റെ കുടുംബം പാര്‍ലമെന്റിലെത്തിയപ്പോള്‍ ‘അനിഷെ എവിടെ’യെന്നായിരുന്നു മോദി ആദ്യം ചോദിച്ചത്. പ്രധാനമന്ത്രിയെ കണ്ടതിലുള്ള സന്തോഷത്തിലും അമ്പരപ്പിലുമായിരുന്നു ഈ സമയം അനിഷ. പ്രധാനമന്ത്രിയുടെ ഓഫിസിനെക്കുറിച്ച് ഉള്‍പ്പെടെ നിരവധി ചോദ്യങ്ങളും ആ കുട്ടി ചോദിച്ചു. ‘ഇതാണോ താങ്കളുടെ ഓഫിസ്?, എത്ര വലുതാണ് ഓഫിസ്! ദിവസം മുഴുവന്‍ താങ്കള്‍ ഇവിടെ ഇരിക്കുമോ?’ എന്നിങ്ങനെ അവിടെയുണ്ടായിരുന്ന സമയത്ത് അനിഷ പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.
കൊച്ചുകുട്ടിയുമായുള്ള സൗഹൃദം ആസ്വദിച്ച പ്രധാനമന്ത്രി അവളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ക്ഷമയോടെ മറുപടി നല്കി. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ താന്‍ ഉപയോഗിക്കുന്ന ഓഫിസിലാണ് അവരുള്ളതെന്ന് മോദി പെണ്‍കുട്ടിയോട് പറഞ്ഞു. ‘പക്ഷെ ഇന്ന് നിങ്ങളെ കാണാനാണ് ഞാന്‍ ഇവിടെയെത്തിയത്. നിങ്ങളുമായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഠനം, സ്പോര്‍ട്സ്, വ്യക്തിപരമായ ഇഷ്ടങ്ങള്‍ എന്നിവയൊക്കെ പത്തു മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ ഇരുവരും തമ്മില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: