തിരുവനന്തപുരം: അരിയെത്ര എന്നു ചോദിച്ചാല്‍ പയറ് അഞ്ഞാഴി എന്ന മട്ടിലാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ മറുപടി എന്ന പരിഹാസം സമൂഹമാധ്യമങ്ങളില്‍ ഏറുകയാണ്. ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളി സ്ത്രീയുടെ മീന്‍ കൊട്ട നഗരസഭ ജീവനക്കാര്‍ തട്ടിയെറിഞ്ഞ സംഭവത്തെക്കുറിച്ച് പ്രതിപക്ഷം കഴിഞ്ഞ ദിവസം സഭയില്‍ പ്രതിഷേധിച്ചിരുന്നു. കേരളത്തിന് അപകമാനകരമായ സംഭവത്തില്‍ വീണ ജോര്‍ജ്ജ് മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
മീന്‍കൊട്ട തട്ടിയെറിഞ്ഞ സംഭവത്തെക്കുറിച്ച് പിന്നീട് ആരോഗ്യമന്ത്രിയുടെ മറുപടി ഇതായിരുന്നു: ‘ജീവനും ജീവനോപാധിയും രക്ഷിക്കാനാണ് ഇടപെടലുകള്‍. മത്സ്യമേഖലയ്‌ക്ക് പ്രത്യേക കരുതല്‍ നല്‍കും’. ഉടനെ വന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പരിഹാസം: ആരോഗ്യമന്ത്രി അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്നാണ് പറയുന്നതെന്നായിരുന്നു ഈ ആരോപണം.
വ്യാഴാഴ്ച ഇതിനേക്കാള്‍ വിചിത്രമായ മറ്റൊരു പ്രതികരണവും ആരോഗ്യമന്ത്രി പറഞ്ഞു: സംസ്ഥാനത്ത് കോവിഡ് ചികിത്സയുടെ പേരില്‍ ജനങ്ങളില്‍ നിന്നും മോശമായ ഒട്ടേറെ അനുഭവങ്ങള്‍ ഡോക്ടര്‍മാര്‍ നേരിടുന്നതായി ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഈ ചോദ്യത്തിന് ‘സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്ക് എതിരെ അക്രമം വര്‍ധിക്കുന്നത് അറിഞ്ഞിട്ടില്ല’ എന്നതായിരുന്നു ആരോഗ്യമന്ത്രിയുടെ മറപുടി. ഒരു വര്‍ഷത്തിനിടെ 43 അതിക്രമങ്ങളാണ് ഡോക്ടര്‍മാര്‍ക്കെതിരെ കേരളത്തില്‍ അരങ്ങേറിയത്. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഐഎംഎ കഴിഞ്ഞയാഴ്ച സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയ ആരോഗ്യമന്ത്രിയുടെ വ്യാഴാഴ്ചത്തെ മറുപടി എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു.ഇപ്പോള്‍ സാങ്കേതികപ്പിഴവ് മൂലം ചോദ്യത്തിന് തെറ്റായ ഉത്തരം നല്‍കുകയായിരുന്നുവെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വീണാ ജോര്‍ജ്ജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: