ചെട്ടികുളങ്ങര: പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതി ഗുണഭോക്താക്കളിൽ നിന്നും ചെട്ടികുളങ്ങര കൃഷി ഭവനിൽ നിർബന്ധിത പണപ്പിരിവ് നടത്തുന്നു. ആധാർ, തിരിച്ചറിയൽ രേഖ തുടങ്ങിയവയുടെ പരിശോധനയ്‌ക്കായി പ്രായാധിക്യമുള്ളവർ ഉൾപ്പടെ നേരിട്ട് കൃഷിഭവനിൽ എത്തണമെന്ന കർശന നിർദ്ദേശവും വിവാദത്തിനും പ്രതിഷേധത്തിനും കാരണമായി.
കൊവിഡ് സ്ഥിരീകരണനിരക്ക് സംസ്ഥാന ശരാശരിയേക്കൾ ഉയർന്ന് 20 ശതമാനത്തിലെത്തി നിൽക്കുന്ന പഞ്ചായത്തിലാണ് കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ജനങ്ങൾ കൂട്ടം കൂടുവാൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നത്. ചെട്ടിക്കുളങ്ങര പഞ്ചായത്തിലെ ഓരോ വാർഡിലെ കിസാൻ സമ്മാൻ പദ്ധതി ഗുണഭോക്താക്കളും നിശ്ചിത ദിവസങ്ങളിൽ ആധാറും അനുബന്ധ രേഖകളുമായി കൃഷിഭവനിലെത്തണമെന്നും കാർഷിക മാസികയുടെ വരിസംഖ്യയായി നൂറു രൂപ എല്ലാവരും കൈയ്യിൽ കരുതണമെന്നും കാണിച്ചുള്ള കൃഷി ഓഫീസറുടെ ഉത്തരവ് വാട്സ് ആപ്പ് സന്ദേശമായിട്ടാണ് ഏതാനും ദിവസങ്ങളായി കർഷകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
രേഖകളുടെ പരിശോധനയ്‌ക്കായി നിശ്ചയിച്ച ദിവസം എത്തിയില്ലെങ്കിൽ അടുത്ത വർഷം മുതൽ ആനുകൂല്യം നഷ്ടമാകുമെന്നും അറിയിപ്പിൽ പറയുന്നു. ഇതേ തുടർന്ന് കർഷകർ കൃഷിഭവനിൽ കൂട്ടമായി എത്തുവാൻ നിർബന്ധിതരായി. നിശ്ചിതദിവസം പരിശോധനയ്‌ക്ക് എത്താത്തവരെ അനർഹരുടെ പട്ടികയിലേക്ക് മാറ്റുമെന്ന ഭീഷണിയും സന്ദേശത്തിലുണ്ട്.
2017-18 മുതൽ 2021-22 വരെ കരമടച്ച രസീതുൾപ്പടെയുള്ള രേഖകൾ ഹാജരാക്കുവാൻ നിർദേശിക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിച്ചു. ഇതിനിടെ അതിരാവിലെ എത്തിയ 50 പേർക്ക് മാത്രം ടോക്കൺ നൽകുകയും ബാക്കിയുള്ളവരുടെ പരിശോധന ഒഴിവാക്കുവാൻ ശ്രമിക്കുകയും ചെയ്തത് കൃഷിഭവനു മുന്നിൽ ബഹളത്തിനിടയാക്കി.
കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതിയായ കിസാൻ സമ്മാൻ പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളിൽ അവമതിപ്പ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇതിന്റെ പേരിലുള്ള പണപ്പിരിവിന്റെ പിന്നിലും ഗൂഢലക്ഷ്യങ്ങളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: