ന്യൂദല്‍ഹി : അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിച്ചു. ഉത്ര കേസ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ഹരിശങ്കര്‍, ഡിവൈഎസ്പി എ. അശോകന്, മലപ്പുറം എസ്പി സുജിത്ത് ദാസിനും മെഡല്‍. കേരള പോലീസില്‍ നിന്ന് ഒമ്പത് പേര്‍ക്കാണ് മെഡല്‍. എന്‍ഐഎയില്‍ നിന്നും അഞ്ചും, സിബിഐയില്‍ നിന്ന് 13 പേരും മെഡല്‍ നേടി.
രാജ്യത്ത് ഒട്ടാകെ 152 പേര്‍ക്കാണ് മെഡല്‍. ഇതില്‍ 28 പേര് വനിതാ പോലീസാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര് പട്ടികയില്‍ ഇടം പിടിച്ചത്. 11 പേര് വീതം. ഉത്തര്‍പ്രദേശ് (10), രാജസ്ഥാന്, കേരളം 9 പേര് വീതം, തമിഴ്നാട് (8), ബിഹാര്‍ (7), ദല്‍ഹി, കര്‍ണ്ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് ആറ് പേര് വീതം, മറ്റ് സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ഒരോ ഉദ്യോഗസ്ഥര്‍ വീതവും പട്ടികയില്‍ ഇടം നേടി.
രാജ്യത്തെ പോലീസ് സേനയുടെ കുറ്റാന്വേഷണ വൈദഗ്ധ്യത്തിലുള്ള നിലവാരം ഉയര്‍ത്തുക, പോലീസ് ഉദ്യോഗസ്ഥരിലെ അത്തരം കഴിവുകള്‍ അംഗീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പോലീസ് മെഡല്‍ നല്‍കുന്നത്. 2018 മുതലാണ് ഇതിന് തുടക്കമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: