ദയ, വിശാലമനസ്ഥിതി, സഹായസന്നദ്ധത എന്നിവയുടെയെല്ലാം അടയാളമാണ് ഔദാര്യം. ഉദാരമനസ്കരുമായുള്ള സൗഹൃദവും സമ്പര്‍ക്കവും നമുക്ക് ആശ്വാസവും ആഹ്ലാദവുമേകും. രാമായണത്തില്‍ ദശരഥന്, ജനകന്, ശ്രീരാമാദികള്‍, മഹര്‍ഷി വര്യന്മാര് തുടങ്ങിയവരില്‍ കാണുന്ന ഔദാര്യം എല്ലാ നിലയ്ക്കും മാതൃകാപരമാണ്.
അയോധ്യയിലെ രാജധാനിയിലെത്തിയ വിശ്വാമിത്രനെ, ദശരഥന് രാജഭാവം വെടിഞ്ഞ്, ഭയഭക്തി ബഹുമാനങ്ങളോടെയാണ് എതിരേല്ക്കുന്നത്.
”ഇങ്ങനെയുളള നിങ്ങളെഴുന്നള്ളീടും ദേശം
മംഗലമായ് വന്നാശു സമ്പത്തും താനേ വരും
എന്നാലാകുന്നതെല്ലാം ചെയ്വേന്‍ ഞാന്‍ മടിയാതെ
ചൊന്നാലും പരമാര്‍ഥം താപസകുലപതേ”
വിശ്വാമിത്രനുവേണ്ടി തനിക്കു ചെയ്യാവുന്നതെല്ലാം ചെയ്യാമെന്ന് രാജാവ് ഉറപ്പു കൊടുക്കുന്നു. ആവശ്യപ്പെടുന്നതിനു മുന്‍പുതന്നെ അറിയിക്കുന്ന ഈ സഹായസന്നദ്ധത ദശരഥന്റെ ഔദാര്യത്തിന്റെ ഔന്നത്യം വ്യക്തമാക്കുന്നുണ്ട്. പ്രജാക്ഷേമ തല്പരനായ ആ രാജാവ് തനിക്ക് സന്തോഷമുണ്ടാകുന്ന വേളകളിലെല്ലാം നിറഞ്ഞമനസ്സോടെ വാരിക്കോരിയാണ് ദാനം ചെയ്യുന്നത്.
മിഥിലാപുരിയിലെത്തുന്ന ദശരഥനും കുടുംബവും ജനകമഹാരാജാവിന്റെ ഔദാര്യം അനുഭവിച്ചറിയുന്നുണ്ട്. സല്‍ക്കാരത്തിലെ പൊലിമയല്ല, ജനകമനസ്സിന്റെ വലുപ്പവും വിശുദ്ധിയുമാണ് ആ രാജധാനിയെ ഹൃദ്യമാക്കുന്നത്.
ഭരദ്വാജന്, സുതീക്ഷ്ണന്‍, അഗസ്ത്യന്, വാല്മീകി തുടങ്ങിയ മുനിവര്യന്മാരും ശ്രീരാമനുമായുള്ള സംഗമവേളകളും ഔദാര്യത്തിന്റെ സമുന്നത ഭാവങ്ങള്‍ കൊണ്ട് ചേതോഹരങ്ങളാണ്. ശ്രീരാമന്റെ ഔദാര്യമാണ് സുഗ്രീവനെ രാമന്റെ ഉററമിത്രവും ഉത്തമഭക്തനും ധീര യോദ്ധാവുമാക്കുന്നത്.
യുദ്ധം കഴിഞ്ഞ് ശ്രീരാമന് വിഭീഷണനെയും വാനരസഞ്ചയത്തെയും കൂട്ടിയാണ് അയോധ്യയ്ക്കു മടങ്ങുന്നത്. കിഷ്കിന്ധയ്ക്കു മുകളിലെത്തിയപ്പോള്‍ സീത, വാനരസുന്ദരിമാരെയും കൂട്ടണമെന്ന് രാമനോടഭ്യര്ഥിക്കുന്നു.
”വാനരവീരരുമൊട്ടുനാളുണ്ടല്ലോ
മാനിനിമാരെപ്പിരിഞ്ഞിരുന്നീടുന്നു
ഭര്‍ത്തൃവിയോഗജദുഃഖമിന്നെന്നോള-
മിത്രിലോകത്തിങ്കലാരറിഞ്ഞിട്ടുള്ളൂ”
ഭര്ത്തൃവിയോഗ ദുഃഖമറിഞ്ഞ സീത, വാനരനാരിമാരുടെയും ഉള്ളറിയുന്നു!
മടങ്ങിയെത്തിയ ശ്രീരാമനും സംഘത്തിനും അയോധ്യയില്‍ ലഭിച്ച വരവേല്പ് ഭരതന്റെ ഔദാര്യത്തിന് അതിരുകളില്ലെന്ന് തെളിയിച്ചു. അതിഥി സഞ്ചയത്തെ മുഴുവന്‍ ദേവന്മാരായിത്തന്നെ ആതിഥേയനും കൂട്ടരും കണ്ടു! രാമനിര്‍ദേശമനുസരിച്ച് ഭരതന് സുഗ്രീവനും വിഭീഷണനും വാനരപ്രമുഖര്ക്കും താമസിക്കാനായി വെവ്വേറെ മന്ദിരങ്ങള്‍ ഒരുക്കുന്നു.
”പണ്ടേതിലിന്നു പതിന്മടങ്ങായുട-
നുണ്ടിഹ രാജഭണ്ഡാരവും ഭൂപതേ!
ആനയും തേരും കുതിരയും പാര്‍ത്തുകാ-
ണൂനമില്ലാതെ പതിന്മടങ്ങുണ്ടല്ലോ”
ഔദാര്യനിധിയായ ഭരതന്, പണ്ടത്തേതിലും സമ്പല്സമൃദ്ധമായ രാജ്യമാണ് രാമനെ തിരിച്ചേല്‍പ്പിക്കുന്നത്. രാമായണത്തിലെ ഈ സന്ദര്‍ഭങ്ങള്‍ ഉദാരമനഃസ്ഥിതിയുടെ മേന്മയും പ്രാധാന്യവും ഓര്‍മിപ്പിക്കുന്നു. മൂര്‍ത്തമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതു മാത്രമല്ല ഔദാര്യം. അത് ആദരണീയമായൊരു മനോഭാവമാണ്. അന്യരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള സന്നദ്ധത, സാന്ത്വനം, സഹാനുഭൂതി, വാക്സഹായം, വിനയം, പ്രാര്‍ഥന എന്നിവയെല്ലാം ഔദാര്യത്തിലുള്പ്പെടും. അതെ, ദരിദ്രര്‍ക്കും ഉദാരമനസ്കരാവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: