മലബാറിലെ മാപ്പിള കലാപത്തിന്റെ നൂറാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി ഗവേഷണ മ്യൂസിയം സ്ഥാപിക്കുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം ആപല്‍ക്കരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന ഒന്നാണ്. മലബാറിന്റെ ചരിത്രത്തെ ചോരയില്‍ കുളിപ്പിച്ച, 1921 ലെ മാപ്പിള കലാപത്തെ വെള്ളപൂശാനും, മതഭ്രാന്തിനാല്‍ അന്യമതസ്ഥരെ കൂട്ടക്കൊല ചെയ്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ള കലാപ നേതാക്കള്‍ക്ക് വീരപരിവേഷം നല്‍കാനുമുള്ള ശ്രമമാണിതെന്ന് കരുതേണ്ടിയിരിക്കുന്നു. മലപ്പുറം ജില്ലയിലെ കാളികാവില്‍ വാരിയംകുന്നന് സ്മാരകം പണിയാനുള്ള ശ്രമം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇതിനോടകം തുടക്കമിട്ടിട്ടുണ്ട്. ജില്ലാ ടൗണ്‍ഹാളിന് വാരിയംകുന്നന്റെ പേരാണ് നല്‍കിയിരിക്കുന്നത്. ഇതിനു പുറമെയാണ് മാപ്പിള കലാപ ഗവേഷണ മ്യൂസിയം സ്ഥാപിക്കാനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ തീരുമാനം. ചരിത്രത്തെ വളച്ചൊടിച്ച് പുതുതലമുറയെ തെറ്റിദ്ധരിപ്പിക്കാനും, മതഭ്രാന്തിന്റെ പുതിയ മുന്നേറ്റമുണ്ടാക്കി അനിസ്ലാമിക ജനവിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമുള്ള നീക്കമാണിതെന്ന് ഭയക്കേണ്ടിയിരിക്കുന്നു. മന്ത്രി മുഹമ്മദ് റിയാസു തന്നെ ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചതിനു പിന്നില്‍ മതപരമായ ധ്രുവീകരണമാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ലക്ഷ്യം വയ്ക്കുന്നത്.
ചരിത്രപരമായി നോക്കുമ്പോള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ ഒരു തുടര്‍ച്ച കാണാവുന്നതാണ്. 1921 ലും അതിന് മുന്‍പും നടന്ന മാപ്പിള കലാപങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരായ മതയുദ്ധങ്ങളായിരുന്നു. ആയിരക്കണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതും, അതിലും എത്രയോ ഇരട്ടിയാളുകളെ നിര്‍ബന്ധിച്ച് മതംമാറ്റിയതും, സ്ത്രീകളെ കൂട്ടത്തോടെ മാനഭംഗപ്പെടുത്തിയതും, അനവധിയായ ക്ഷേത്രങ്ങള്‍ തച്ചുതകര്‍ത്തതും, ആയിരങ്ങള്‍ മലബാറില്‍ നിന്ന് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തതുമൊക്കെ ഇതിന് തെളിവാണ്. എന്നാല്‍ മുസ്ലിങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ പിന്തുണ നേടാന്‍ ഈ ജിഹാദിനെ, ജന്മി-കുടിയാന് കലാപമായി ചിത്രീകരിക്കുകയാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. കൊള്ളയും കൊള്ളിവയ്പ്പും കൊലപാതകവും നടത്തി അഴിഞ്ഞാടിയ വാരിയം കുന്നന് മുന്നോട്ടുവച്ച ‘മലയാള രാജ്യം’ എല്ലാ അര്‍ത്ഥത്തിലും ഇസ്ലാമിക രാജ്യം തന്നെയായിരുന്നു. ഇതുതന്നെയാണ് പില്ക്കാലത്ത് മുസ്ലിംലീഗ് ആവശ്യപ്പെട്ട മാപ്പിളനാട്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ മലപ്പുറം ജില്ല അനുവദിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. മതപരമായാണ് മലപ്പുറം ജില്ല രൂപീകരിച്ചതെന്ന് ഇഎംഎസ് തന്നെ സമ്മതിച്ചിട്ടുണ്ട്. ഇതിനെയൊക്കെ ന്യായീകരിക്കുന്നതിനുവേണ്ടിയാണ് ഇപ്പോള്‍ മാപ്പിള കലാപ ഗവേഷണ മ്യൂസിയം സ്ഥാപിക്കുന്നത്. സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ സന്തോഷിക്കാതിരിക്കില്ല. അതേസമയം സ്വന്തം ജനതയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുകയും ജീവത്യാഗം നടത്തുകയും ചെയ്ത പഴശ്ശിരാജയ്ക്കും വേലുത്തമ്പി ദളവയ്ക്കും ഇനിയും ഉചിതമായ സ്മാരകങ്ങള്‍ ഉയര്‍ന്നിട്ടില്ല എന്ന വസ്തുത വേദനാജനകമാണ്. വാരിയംകുന്നനെ വാഴ്ത്തിപ്പാടുന്ന ഇടതുപക്ഷ ശക്തികള്‍ വീര പഴശ്ശിയെയും വേലുതമ്പിയെയും തമസ്കരിക്കുകയാണ്.
മാപ്പിള കലാപത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കേണ്ടതില്ലെന്നാണ് അതിനെക്കുറിച്ച് പഠിച്ച ഡോ. എം. ഗംഗാധരനെയും ഡോ. എം.ജി.എസ് നാരായണനെയും പോലുള്ള ചരിത്രകാരന്മാര് സുചിന്തിതമായി അഭിപ്രായപ്പെട്ടിട്ടുള്ളത്. 1921 ല്‍ നടന്നത് മതലഹളയായിരുന്നു എന്ന വിലയിരുത്തലുകള്‍ നടത്തിയിട്ടുള്ളവരാണ് ഇവര്‍. കലാപത്തിന്റെ വാര്‍ഷികം ആഘോഷിക്കുക എന്നതിനര്‍ത്ഥം അക്കാലത്തെ മതഭ്രാന്തിനെ ശരിവയ്ക്കലാണ്. മാപ്പിള കലാപത്തില്‍ കൊലചെയ്യപ്പെട്ട ഇരകളുടെ പിന്മുറക്കാരെ മാനസികമായി വേദനിപ്പിക്കാനും, മാറിയകാലത്തും സമൂഹത്തില്‍ തങ്ങളുടെ മതപരമായ ആധിപത്യം അടിച്ചേല്‍പ്പിക്കാനും ഇസ്ലാമിക തീവ്രവാദികളെ സഹായിക്കുന്ന നടപടിയായിരിക്കും ഇത്. ഇക്കൂട്ടരുമായി അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ടിട്ടുള്ള പിണറായി സര്‍ക്കാര്‍ അവരെ പ്രീണിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ വേണ്ടെന്നു വയ്ക്കില്ല. ഒരു ഭിന്നമതസമൂഹത്തില് വിള്ളലുണ്ടാക്കുന്ന ഇത്തരം തീരുമാനങ്ങളില്‍നിന്ന് പിന്മാറുകയാണ് സര്‍ക്കാര്‍ വേണ്ടത്.
വാരിയംകുന്നനെപ്പോലുള്ള ചരിത്രത്തിലെ നിഷേധാത്മക വ്യക്തിത്വങ്ങളുമായി അകലം പാലിക്കണം. ഇസ്ലാമിക മതഭ്രാന്തിന് മറ്റ് വ്യാഖ്യാനങ്ങള്‍ നല്കി താലോലിച്ചപ്പോഴൊക്കെ അതിന്റെ ദുരന്തഫലം രാജ്യവും ജനങ്ങളും അനുഭവിച്ചിട്ടുണ്ട്. ഈ തെറ്റ് ആവര്‍ത്തിക്കപ്പെടരുത്. സമാധാനത്തോടെയും സൗഹാര്‍ദ്ദത്തോടെയും ജീവിക്കാന്‍ ആഗ്രഹിക്കുന്ന ജനങ്ങളെ പിന്നെയും മതഭ്രാന്തിന് ഇരയാക്കരുത്. മാപ്പിള കലാപത്തെ മഹത്വവത്ക്കരിക്കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ശ്രമം ഒരുവിധത്തിലും അംഗീകരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: