തിരുവനന്തപുരം: സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളം വാങ്ങിക്കുന്ന കന്യാസ്ത്രീകളും പുരോഹിതരും ആദായനികുതി നല്‍കണമെന്ന ഹൈക്കോടതി വിധിയെ വെല്ലുവിളിക്കാനൊരുങ്ങി കേരളത്തിലെ വിവിധ കതോലിക്കാ വിഭാഗങ്ങള്‍.
‘സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും നല്‍കണം,’ ഇതായിരുന്നു ബൈബിളിനെ ഉദ്ധരിച്ച് ഹൈക്കോടതി വിധി പ്രസ്താവത്തിന് ആമുഖമായി പറഞ്ഞത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളം പറ്റുന്ന കന്യാസ്ത്രീകളും പുരോഹിതരും ഉറവിടത്തില്‍ നിന്നു തന്നെ ആദായനികുതി (ടിഡിഎസ്) നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയെ അംഗീകരിക്കുന്നതായിരുന്നു ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി.
ഇപ്പോള്‍ കേരളത്തിലെ വിവിധ കതോലിക്ക മതവിഭാഗങ്ങള്‍ എല്ലാം ചേര്‍ന്ന് ഹൈക്കോടതി വിധിയെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. ‘ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്ന് മേജര്‍ സുപീരിയേഴ്സിന്റെ കേരള കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാദര്‍ ജക്കോബി സെബാസ്റ്റിയന് പറഞ്ഞു.
ആദായനികുതിയില്‍ നിന്നും രക്ഷപ്പെടാന്‍ സഭയുടെ വാദമുഖങ്ങള്‍ എന്തായിരുന്നു?
2014ല്‍ ആദായനികുതി വകുപ്പാണ് കന്യാസ്ത്രീകള്‍ക്കും പുരോഹിതര്‍ക്കും ആദായനികുതി ഏര്‍പ്പെടുത്തണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ സര്‍ക്കുലര്‍ കേരള ഹൈക്കോടതിയില്‍ 49 പരാതിക്കാര്‍ ചോദ്യം ചെയ്തു. സഭാച്ചട്ടപ്രകാരവും ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നും വാദിച്ചാണ് ഇതിനെ ചോദ്യം ചെയ്തത്. മതം പ്രചരിപ്പിക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ക്രിസ്തീയ മതപ്രചാരകര്‍ എന്ന നിലയിലുള്ള ഔദ്യോഗികപദവിയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറ്ക്ട് ടാക്സിന്റെ (സിബിഡിടി) 1944ലെയും 1977ലെയും സര്‍ക്കുലറുകള്‍ പ്രകാരമുള്ള സംരക്ഷണവും ഇവര്‍ തേടി.
സഭാവാദങ്ങളെ പൊളിച്ചടക്കി ഹൈക്കോടതിയുടെ വാദമുഖങ്ങള്‍
സഭച്ചട്ടപ്രകാരം ഒരു അംഗം മതവിഭാഗത്തില്‍ അംഗമായാല്‍ ചില പ്രതിജ്ഞകള്‍ എടുക്കേണ്ടതുണ്ട് എന്ന് പരാതിക്കാര്‍ വാദിക്കുന്നു. ഇത്തരം പ്രതിജ്ഞകള്‍ എടുക്കുന്നതോടെ അവര്‍ക്ക് “പൗരാവകാശ മരണം” (സിവില്‍ ഡെത്ത്) സംഭവിക്കുന്നതിനാല്‍ ഈ അംഗങ്ങള്‍ നേടുന്ന വരുമാനമെല്ലാം നികുതി നിമയങ്ങളുടെ പിടിയില്‍ നിന്നും മുക്തമാണെന്നാണ് സഭ ഉയര്‍ത്തിയ ഒരു വാദം. അതിനാല്‍ അവരില്‍ നിന്നും ആദായനികുതി പിരിക്കാന്‍ പാടില്ല. എന്നാല്‍ ഹൈക്കോടതി ഈ വാദത്തെ തള്ളി.എന്നാല്‍ ക്രിസ്തുമത സഭാ ചട്ടങ്ങള്‍ക്കല്ല, രാജ്യത്തിലെ നിയമങ്ങള്‍ക്കാണ് ഇവിടെ പ്രാമാണ്യം എന്നതായിരുന്നു ഹൈക്കോടതിയുടെ നിലപാട്. അതുകൊണ്ട് 1961ലെ ആദായനികുതി നിയമമാണ് സഭാച്ചട്ടങ്ങളേക്കാള്‍ പ്രധാനമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സഭയില്‍ ചേരുന്നവര്‍ക്ക് “പൗരാവകാശ മരണം” സംഭവിക്കുന്നു എന്ന സഭാച്ചട്ടങ്ങളുടെ വാദവും കോടതി തള്ളി. സഭയില്‍ ചേരുമ്പോള്‍ പ്രതിജ്ഞകള്‍ എടുക്കുന്നത് വഴി അവര്‍ പൗരത്വമരണം വരിക്കുമ്പോഴും ജീവിതത്തിലെ ദൈനംദിന പ്രവൃത്തികളില്‍ അവര്‍ ഏര്‍പ്പെടുകയും ഭരണഘടന അവര്‍ക്ക് മേല്‍ ചാര്‍ത്തുന്ന അവകാശങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നുണ്ട്. അവര്‍ വോട്ടാവകാശം വിനിയോഗിക്കുന്നു, ഡോക്ടര്‍ പദവി, അധ്യാപക പദവി എന്നിങ്ങനെ നിയമം അനുശാസിക്കുന്ന ഔദ്യോഗിക പദവികള്‍ വഹിക്കുന്നു. അവര്‍ സ്ഥാപനങ്ങള്‍ നടത്തുന്നു, മറ്റേതൊരു വ്യക്തികളെയും പോലെ കരാറില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.
അതുപോലെ ആദായനികുതിവകുപ്പിലെ 192ാം സെക്ഷന്‍ പ്രകാരം വരുമാനമുണ്ടക്കുന്ന യാതൊരു പ്രൊഷണനോ, തൊഴിലിനോ, താല്പര്യങ്ങള്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന മേഖലയ്ക്കോ നികുതി ഇളവ് അനുവദിക്കുന്നില്ല. ശമ്പളം എന്ന പേരില്‍ ലഭിക്കുന്ന എല്ലാ വരുമാനങ്ങളും ഉറവിടത്തില്‍ നിന്നുതന്നെ ആദായനികുതി നല്കാന് ബാധ്യസ്ഥമാണ്.
മൗലികാവകാശങ്ങളിന്മേല്‍ കടന്നുകയറ്റമില്ലെന്നും കോടതി
ഭരണഘടനയിലെ 25ാം വകുപ്പ് ഒരിക്കലും മതത്തിന്റെ പേരില്‍ നികുതിയില്‍ നിന്നും സംരക്ഷണം നല്‍കുന്നില്ല. പൊതുക്രമത്തിന് ബാധകമാണ് ആര്‍ട്ടിക്കിള്‍ 25. പൊതുക്രമമെന്നാല്‍ അതില്‍ രാജ്യത്തിന്റെ നിയമവ്യവസ്ഥയും ഉള്‍പ്പെടും.
1961ലെ ആദായനികുതി നിയമം സാധുതയുള്ള നിയമമാണ്. ആദായനികുതി പിരിക്കുന്നത് ഏതെങ്കിലും മൗലികാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുമല്ലെന്ന് ഹൈക്കോടതി വാദിക്കുന്നു. സിഡിബിടിയുടെ 1944ലേയും 1977ലേയും സര്‍ക്കുലറുകള്‍ പ്രകാരം ക്രിസ്ത്രീയമതവിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നികുതിയിളവുണ്ടെന്ന വാദവും ഹൈക്കോടതി കണക്കിലെടുത്തില്ല. സഭാവിഭാഗങ്ങളിലെ അംഗങ്ങളുടെ ഫീസ് എന്നത് പോലെയല്ല, കന്യാസ്ത്രീകളും പുരോഹിതന്മാരും വ്യക്തിഗതമായി ശമ്പളമായി വാങ്ങുന്ന വരുമാനമെന്ന് 1977 സര്‍ക്കുലറില്‍ സിബിഡിടി പറയുന്നുണ്ട്. 1977ലെ സര്‍ക്കുലര്‍ ശമ്പളവും പെന്‍ഷനും വാങ്ങുന്ന കന്യാസ്ത്രീകളുടെയും പുരോഹിതന്മാരുടെയും വരുമാനത്തിന് ബാധകമല്ലെന്ന് 2016ല്‍ സിഡിബിഡി ഇറക്കിയ മറ്റൊരു സര്‍ക്കുലര്‍ വ്യക്താക്കുന്നു.
മാത്രമല്ല, നിയമാനുസൃതമായുള്ള വകുപ്പുകള്‍ പ്രകാരമുള്ള നിര്‍ദേശങ്ങളോ നിയമങ്ങളോ ഒരിക്കലും പ്രധാനനിയമത്തെ മറികടക്കുന്നതാകരുതെന്നും ഹൈക്കോടതി വിശദമാക്കി. നിയമം കൃത്യമായി നടത്തിക്കൊണ്ട് പോകാനാണ് ചട്ടങ്ങള്‍ നിര്‍ദേശിക്കേണ്ടതെന്ന് ഐടി നിയമത്തിലെ 119ാം സെക്ഷന്‍ വ്യക്തമാക്കുന്നതായും പറയുന്നു. അതിനാല്‍ സിഡിബിടിയുടെ സര്‍ക്കുലറുകള്‍ ആദായനികുതി നല്കാതിരിക്കാനുള്ള വാദങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും ഹൈക്കോടതി പറയുന്നു. ആദായനികുതി നിയമം ആദായനികുതി ഈടാക്കുന്നതില്‍ നിന്നും ഒരു പൗരനും സംരക്ഷണം നല്‍കുന്നില്ല. മദ്രാസ് ഹൈക്കോടതി ഇതുപോലെ ആദായനികുതി ന്ല്കുന്നതില് നിന്നും പുരോഹിതന്മാര്ക്കും കന്യാസ്ത്രീകള്‍ക്കും സംരക്ഷണം നല്കുന്ന വിധി പുറപ്പെടുവിച്ചെങ്കിലും പിന്നീട് സുപ്രീംകോടതി ഇത് സ്റ്റേ ചെയ്തു.
എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളം വാങ്ങിക്കുന്ന കന്യാസ്ത്രീകളും പുരോഹിതരും ആദായനികുതി നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ ഒറ്റക്കെട്ടായി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരളത്തിലെ വിവിധ സഭകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: