തിരുവല്ല: സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും ഓണത്തിന് മുമ്പ് കിറ്റ് ലഭിക്കില്ല. കിറ്റില്‍ നിറയ്ക്കാനാവശ്യമായ സാധനങ്ങളുടെ ലഭ്യതക്കുറവാണ് കാരണം. ഇത് മൂലം റേഷന്‍ കടകളിലെത്തുന്ന കിറ്റുകളുടെ എണ്ണം പരിമിതമാണ്. മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ വിതരണം ശനിയാഴ്ച പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടതായിരുന്നു. ഈ രണ്ട് വിഭാഗങ്ങളിലായി മാത്രം 35 ലക്ഷം കാര്‍ഡുകളുണ്ട്. എന്നാല്‍ ഇതുവരെ എട്ട് ലക്ഷം കാര്‍ഡുകള്‍ക്ക് മാത്രമാണ് കിറ്റ് വിതരണം ചെയ്തത്.
സംസ്ഥാനത്ത് മൊത്തം 88 ലക്ഷം കിറ്റുകളാണ് കൊടുക്കേണ്ടത്. ഓണത്തിന് മുമ്പ് മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരുടെ കിറ്റുകളുടെ വിതരണം പോലും പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. ഒരു ദിവസം നൂറ് കിറ്റ് പോലും റേഷന്‍ കടകളിലെത്തുന്നില്ല. തുവര പരിപ്പ്, ചെറുപയര്‍, അണ്ടിപ്പരിപ്പ്, ഏലക്ക എന്നിവയ്ക്കാണ് ദൗര്‍ലഭ്യം. തുവരപരിപ്പും ചെറുപയറും വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് പണം കൊടുക്കാനുള്ളതു കൊണ്ട് അവര്‍ വിതരണം നിര്‍ത്തി. കിറ്റില്‍ 20 ഗ്രാമിന്റെ ഏലക്കായും 50 ഗ്രാമിന്റെ അണ്ടിപ്പരിപ്പുമാണുള്ളത്. 88 ലക്ഷം കിറ്റിലേക്ക് 1.80 ലക്ഷം കിലോ ഏലക്കായും നാലര ലക്ഷം കിലോ അണ്ടിപ്പരിപ്പുമാണ് വേണ്ടത്. ഇത് ലഭിക്കാത്തത് മൂലം ഡിപ്പോകളില്‍ കിറ്റുകള്‍ തയ്യാറാക്കുന്നത് നിര്‍ത്തി. ഇവയില്ലാതെ കിറ്റ് തയ്യാറാക്കണമെങ്കില്‍ സിവില്‍ സപ്ലൈസ് വകുപ്പിലെ മേലുദ്യോഗസ്ഥരുടെ പ്രത്യേക അനുമതി വാങ്ങണം. ഇതിനിടെ മത്സരാധിഷ്ഠിത ടെന്‍ഡര്‍ ഇല്ലാതെയാണ് ഏലക്കയും അണ്ടിപ്പരിപ്പും വാങ്ങുന്നതെന്ന ആരോപണം ശക്തമാണ്. ഇതിന് പിന്നില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്.
റേഷന്‍ കടകളില്‍ കിറ്റില്ലാത്തതിനാല്‍ സാധാരണ റേഷന്‍ വാങ്ങാനും കാര്‍ഡുടമകള്‍ എത്തുന്നില്ല. രണ്ടും കൂടി ഒരുമിച്ച് വാങ്ങാമെന്നുള്ള കണക്ക് കൂട്ടലിലാണ് കാര്‍ഡുടമകള്‍. ഓരോ വിഭാഗത്തിനും നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ നല്കുന്നതിനാവശ്യമായ കിറ്റ് റേഷന്‍ കടയിലേക്ക് എത്താതെയിരിക്കുകയും ഇവ ഒരുമിച്ച് പിന്നീട് എത്തുകയും ചെയ്യുമ്പോള്‍ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും ഇല്ലാതാവുന്ന തരത്തിലുള്ള ആള്‍ക്കൂട്ടം റേഷന്‍ കടകളില്‍ ഉണ്ടാവും. മാത്രമല്ല ഇ-പോസ് മെഷീനില്‍ നെറ്റ്വര്‍ക്ക് തകരാറിലാകാനും സാധ്യതയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: