ഹൈസ്പീഡിന്റെ ആശാനായിരുന്നു കെ. കരുണാകരന്. മുഖ്യമന്ത്രിയായപ്പോഴും അല്ലാത്തപ്പോഴും സ്പീഡ് അദ്ദേഹത്തിന് ഹരമാണ്. പ്രതീക്ഷിക്കുന്ന സ്പീഡ് തോന്നുന്നില്ലെങ്കില്‍ ഡ്രൈവറെ തട്ടിവിളിക്കും. ”ഇതെന്താ ഇങ്ങനെ? കാറല്ലെ? കാളവണ്ടിയാണോ?” ഇതുകേട്ടാല്‍ ഡ്രൈവര്‍ ഉഷാറാകും. പിന്നെ സ്പീഡ് കൂടും. അങ്ങനെ അതിവേഗ യാത്രക്കിടയിലാണ് കാര്‍ തലകീഴ് മറിഞ്ഞത്. ഭാഗ്യത്തിന് അന്ന് ജീവന് പോയില്ല. അമേരിക്കയില്‍ വരെ ചികിത്സിച്ചു.
കരുണാകരന് ശീലങ്ങളും ചില ദുശീലങ്ങളും ഉണ്ടായിരുന്നു. അച്ഛനെ മാതൃകയാക്കുന്നതില്‍ തന്നെ മകന് മുരളീധരന് വരമ്പും അതിര്‍വരമ്പുമുണ്ട്. ഇങ്ങനെ ഏതോ വേര്‍തിരിവിനിടയിലാണ് ‘എനിക്ക് ഇങ്ങനെ ഒരു അച്ഛനേയില്ലെന്ന്” മുരളിയെക്കൊണ്ട് പറയിച്ചത്. അച്ഛന്റെ വേഗതയുടെ അനിഷ്ഠം കൊണ്ടാകുമോ അതിവേഗ റെയിലിനോട് മുരളിക്ക് നല്ല വിയോജിപ്പാണ്.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈ സ്പീഡ് റെയില്‍ പദ്ധതി നടപ്പിലാക്കരുതെന്നാണ് മുരളീധരന് ആവശ്യപ്പെട്ടിരിക്കുന്നത്. സെമി ഹൈ സ്പീഡ് റെയിലിന്റെ ആകെയുള്ള 530 കിമീ ദൂരത്തില്‍ 450 കിമീ ദൂരം നിരന്ന ഭൂമിയാണ്. നിലവിലുള്ള പദ്ധതിയുടെ അലൈന്മെന്റ് അനുസരിച്ച് 20,000 കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുമെന്നാണ് മുരളി ലോക്സഭയിലാണ് പറഞ്ഞത്.
നിതി ആയോഗിന്റെ കണക്കനുസരിച്ച് പ്രസ്തുത പദ്ധതി 1,20,000 കോടി രൂപ ചെലവ് വരുന്നതും കേരളം ജനസാന്ദ്രത കൂടിയ സംസ്ഥാനമായതിനാല്‍ അപ്രായോഗികവുമാണ്. 2025 ഓടുകൂടി എല്ലാ എക്സ്പ്രസ് ട്രെയിനുകളും 150 കിമീ വേഗതയില്‍ ഓടുമെന്ന് റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈ സ്പീഡ് ട്രെയിനുകള്‍ 2030 ഓടുകൂടി നിലവില്‍ വരും.
അതിനാല്‍ ജനസാന്ദ്രത കൂടിയ ഭാഗങ്ങള്‍ ഒഴിവാക്കാന്‍ നിലവിലുള്ള അലൈന്മെന്റ് മാറ്റുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതുവരെ പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നുമുള്ള ആവശ്യം നിയമസഭയില്‍ കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷം ആവശ്യപ്പെടുന്നത് കേട്ടില്ല.
നിയമസഭയില്‍ ശക്തമായി ഉന്നയിക്കേണ്ട വിഷയം വരുമ്പോള്‍ പ്രതിപക്ഷത്തിന് അഴകൊഴമ്പന്‍ നയം. കൊവിഡ് പ്രോട്ടോകോള്‍ എന്ന പേരില്‍ പിഴയീടാക്കുന്നതിലെ അശാസ്ത്രീയത ഫലപ്രദമായി ഉന്നയിക്കാന്‍ മറന്നുപോകുന്നു. ”സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നു എന്ന പോലെ. എന്തൊക്കെയാണ് പോലീസ് ചെയ്യുന്നത്? രണ്ട് മാസ്ക് ധരിച്ചില്ലെങ്കില്‍ രണ്ടായിരം രൂപ പിഴ. പക്ഷേ ഒരു ഇളവുണ്ട്. അഞ്ഞൂറുരൂപയുടെ റസീറ്റേ കിട്ടൂ? പിഴക്ക് പഴുതില്ലെങ്കില്‍ ശകാരം.
കഴക്കൂട്ടത്ത് വീടിനു സമീപം നിന്ന യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. രാമചന്ദ്രനഗര്‍ സ്വദേശി ഷിബുകുമാറിനെയാണ് മര്‍ദ്ദിച്ചത്. ഷിബുകുമാര്‍ ഡിജിപിക്കു പരാതി നല്കി. സ്വകാര്യ കാറിലെത്തിയ എസ്ഐ ഉള്‍പ്പെടെയുള്ള സംഘം മര്‍ദ്ദിച്ചശേഷം വീട്ടിലേക്കു കയറിപ്പോകാന്‍ പറഞ്ഞതായാണ് പരാതി. എന്നാല്‍ പൊലീസ് ഇക്കാര്യം നിഷേധിക്കുന്നു.
ഞായറാഴ്ച രാത്രി എട്ടിന് വീടിനു സമീപമുള്ള റോഡില്‍ നില്‍ക്കുകയായിരുന്നു ഷിബു. കഴക്കൂട്ടം സിഐയുടെയും മറ്റൊരു എസ്ഐയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അവിടെയെത്തുകയും കാരണം കൂടാതെ അടിക്കുകയും ചെയ്തു. ദേഹത്ത് അടിയേറ്റ പാടുകളുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. എന്തിനാണ് അടിക്കുന്നതെന്നോ എന്താണ് ചെയ്ത തെറ്റെന്നോ പറയാതെയായിരുന്നു മര്‍ദ്ദനം. അടിച്ചതിനു ശേഷം ‘ഇവിടെ നില്‍ക്കാതെ കേറി പ്പോടാ…’ ഭാഗ്യം മുഖ്യമന്ത്രി പറഞ്ഞതുപോലെ കടക്കുപുറത്ത് എന്നല്ല കേറിപ്പോടാ എന്നേ പറഞ്ഞുള്ളൂ എന്നാശ്വസിക്കാം.
പരാതി പറയുന്നതൊന്നും മുഖ്യമന്ത്രിക്ക് അംഗീകരിച്ചുകൊടുക്കാനാവുന്നില്ല. പോലീസിന്റെ ലാത്തിക്ക് പരിചയമില്ലാത്ത ഒരു ഭാഗവും പിണറായി വിജയന്റെ ശരീരത്തിലില്ല. എന്നാലും ഇപ്പോള്‍ മുഖ്യമന്ത്രി പോലീസിന്റെ ഭാഗത്താണ്. ”പോലീസ് ചെയ്യുന്നത് ഏല്പിച്ച ചുമതലയാണ്. പിഴ ചുമത്തുന്നത് മഹാ അപരാധമായി കാണരുത്.”
അട്ടപ്പാടി ഷോളയൂരില്‍ ആദിവാസികള്‍ക്ക് എതിരെ നടന്ന പോലീസ് അതിക്രമത്തിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. പശുവിനെ മേയ്ച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പിണറായി വിജയന് പറയുന്നു. അറസ്റ്റ് തടയാന്‍ ശ്രമിച്ച ഊരുമൂപ്പനും സംഘവും ആളെക്കൂട്ടി സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. വനിതാ സിപിഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. നിയമവാഴ്ച ഉറപ്പാക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
മുസ്ലിം ലീഗിലെ വിവാദം സിപിഎം സൃഷ്ടിയെന്ന് പറയുന്നത് പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എ. സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധതയ്ക്കെതിരായ പ്രതിഷേധങ്ങള്‍ മറികടക്കാനുള്ള ശ്രമമാണിത്. ലീഗിനെ ഒറ്റപ്പെടുത്താനുള്ള ശ്രമം പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു.
മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ പാണക്കാട് മുഈന്‍ അലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതോടെയാണ് ലീഗില്‍ വിവാദങ്ങളുണ്ടായത്. ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി ലീഗിന്റെ മാത്രമല്ല, യുഡിഎഫിന്റെ നേതാവുകൂടിയാണെന്നുള്ളതാണ്. യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസില്‍ ഇതിലും വലിയ കുഴപ്പങ്ങളുണ്ടായതാണ്. അന്നൊക്കെ അത് തീര്‍ക്കാന്‍ ഇടനിലക്കാരനായി പ്രയത്നിച്ചത് കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാക്കളുമാണ്. എന്നാലിന്ന് ലീഗിനുവണ്ടി പ്രയത്നിക്കാന്‍ കോണ്‍ഗ്രസിന്റെ ആരുമില്ല. അനുകൂല പ്രസ്താവനകള്‍ പോലുമില്ല. എല്‍ഡിഎഫ് ആകട്ടെ ആര്‍ത്തട്ടഹസിക്കുന്നു. ”അലക്കൊഴിഞ്ഞ് കാശിക്ക് പോകാന്‍ നേരമെവിടെ” എന്ന് പറയുന്നത് കേട്ടില്ലേ?. കോണ്‍ഗ്രസില്‍ കൂട്ടക്കുഴപ്പമാണ്. സംസ്ഥാന പ്രസിഡന്റിന് ഭാരവാഹികളെപോലും തീരുമാനിക്കാനാവുന്നില്ല. എന്താല്ലെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: