പ്രകൃതിയുടെ നിയമങ്ങളിലെ വികൃതിയെന്നു വിളിക്കാവുന്ന ചില അക്ഷരത്തെറ്റുകള്‍, വിഭിന്നശേഷിക്കാര്‍. 46 ക്രോമസോമിന്റെ ചേരുംപടി ചേര്‍ക്കലിലെ ആ പാളിച്ചയില്‍ ഒരു ജന്മം മുഴുവന്‍ സ്വപ്നലോകത്ത് കരഞ്ഞും ചിരിച്ചും വാശിപിടിച്ചും അവര്‍ കഴിയുമ്പോള്‍ ജന്മം നല്‍കിയവര്‍ക്കത് വൈതരണിയാകുന്നു. ഭിന്നശേഷിക്കാരായ മക്കളെ നോക്കാനാകാതെ തോറ്റുപോകുന്ന അവര്‍ മക്കളെ കണ്ണീരോടെ ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന നിമിഷത്തിന്റെ മൂകസാക്ഷികളാണ് ചങ്ങനാശ്ശേരിയിലെ സുകൃതം സേവാ നിലയത്തിലുള്ള ഓരോരുത്തരും.
നിറഞ്ഞ ചിരിയും അവ്യക്തമായ വിശേഷം പറച്ചിലുമായി പടികടന്നെത്തുന്നവരെ അന്തേവാസികള്‍ സ്വീകരിക്കുന്നു. പലരും സാമ്പത്തിക സ്ഥിതിയുള്ളവരാണ്. മാതാപിതാക്കള്‍ മരിച്ചപ്പോള്‍ ബന്ധുക്കള്‍ക്ക് ഭാരമായി എത്തിയവരാണ് ഇവരിലധികവും. പഞ്ഞിപോലെ തല നരച്ചവരും വെള്ളിവീണ മുടിയുള്ളവരും ഇവിടെ കുട്ടികളെപ്പോലെ ചുറ്റിത്തിരിയുന്നു, ചിരിക്കുന്നു, പാട്ടുപാടുന്നു, വാശിപിടിച്ചു കരയുന്നു. വിട്ടുകളയാതെ, നാളേക്ക് ഭാരമാകാതെ ജീവിക്കാനായി അവരെ കരുതലോടെ കാക്കുന്ന ചങ്ങനാശേരി പുഴവാതിലുള്ള സുകൃതം സേവാ നിലയത്തിന് കഥകളേറെ പറയാനുണ്ട്.
മാനസികമായി വെല്ലുവിളി നേരിടുന്ന, 18 വയസ്സിനു മുകളിലുള്ള പുരുഷന്മാരെ സംരക്ഷിക്കുന്ന അപൂര്‍വ്വ സ്ഥാപനങ്ങളില്‍ ഒന്നാണിത്. ഇവിടെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിലുള്ളവരെയാണ് സംരക്ഷിക്കുക. പൊതുവെ മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്വന്തമായി ഭക്ഷണം കഴിക്കാന്‍ പോലും കഴിയില്ല. ഇവര്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്ന് സുകൃതത്തിന്റെ അമരക്കാര്‍ പറയുന്നു.
2012 ലാണ് ഈ സ്ഥാപനത്തിനു തുടക്കമായത്. മക്കളെ സംരക്ഷിക്കാനോ ചികിത്സിക്കാനോ കഴിയാത്ത രണ്ടു വീട്ടുകാരുടെ ദയനീയമായ അവസ്ഥ കണ്ട് തുടങ്ങിയ സ്ഥാപനത്തിലേക്ക് പിന്നീട് പതിനൊന്നോളം പേരെത്തി. വാടക വീടുകളിലായിരുന്നു പ്രവര്‍ത്തനം. ഇവിടെ നിന്നും സുകൃതത്തെ സ്വന്തമായ ആസ്ഥാനത്തേക്ക് എത്തിക്കുവാനുള്ള അവസാനവട്ട തയാറെടുപ്പിലാണ് സംഘാടകര്‍.
വാടകവീടുകള്‍ പലവട്ടം മാറേണ്ടിവരുന്നത് സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് തടസ്സമാകുമെന്ന തിരിച്ചറിവില്‍ ഒടുവില്‍ നാട്ടുകാരോട് കൂപ്പണ്‍വച്ച് പണം പിരിച്ച് വാങ്ങിയ 33സെന്റ് സ്ഥലത്ത് 2018 ഏപ്രില്‍ ഒന്നിന് അന്നത്തെ മിസ്സോറാം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരന് തറക്കല്ലിട്ടു. കുടുംബാന്തരീക്ഷത്തില്‍ 50 പേരെ സംരക്ഷിക്കുന്ന തരത്തിലാണ് പുതിയ മന്ദിരം വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് പുറമെ ഭാവിയിലേക്കായി പല പദ്ധതികളും ഇതോടൊപ്പം ആവിഷ്ക്കരിക്കപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് 2014ല്‍ സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തത്. പ്രൊഫ. പി.കെ രാജപ്പന് പിള്ള ചെയര്‍മാനായ 11 അംഗ സമിതിയാണ് എല്ലാത്തിനും മേല്‍നോട്ടം വഹിക്കുന്നത്.
ഭൂമി കണ്ടെത്തി വാങ്ങിയപ്പോഴും പണികള്‍ ആരംഭിച്ചപ്പോഴും പ്രളയവും കൊവിഡും പ്രശ്നമായി മുന്നിലെത്തി. പക്ഷേ, ഒന്നിനും ഒരു കുറവും സംഭവിച്ചില്ല. നാട്ടുകാരുടെ നിര്‍ല്ലോഭമായ സഹകരണമുണ്ടായതും സമിതിയംഗങ്ങളുടെ പിന്തുണയും തുണയായെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഒ.ആര് ഹരിദാസ് പറയുന്നു.
സര്‍ക്കാര്‍ സഹായങ്ങളൊന്നും ഈ സ്ഥാപനത്തിന് ലഭിച്ചിട്ടില്ല. പലപ്പോഴും സിഎസ്ആര്‍ ആയി ചിലര്‍ നല്കുന്ന സഹായങ്ങളാണ് അത്താണിയാകുന്നത്. കെട്ടിടം പണി പൂര്‍ത്തിയാക്കുന്നതിനൊപ്പം ദൈനംദിന ചെലവിനുള്ള തുകയും കെട്ടിടവാടകയും ജീവനക്കാരുടെ ശമ്പളവും ശ്വാസംമുട്ടിക്കുന്നുണ്ടെങ്കിലും അതിനേക്കാളേറെ ഇവരെ വേദനിപ്പിക്കുന്നത് അപേക്ഷിച്ചെത്തുന്നവരെ ഉപേക്ഷിക്കേണ്ടി വരുമ്പോഴാണ്. നാല് അന്തേവാസികള്‍ക്ക് ഒരു കെയര്‍ ടേക്കര്‍ എന്നനിലയില്‍ ആളെ ആവശ്യമുണ്ട്. അന്തേവാസികള്‍ പുരുഷന്മാരായതുകൊണ്ടുതന്നെ നിയന്ത്രിക്കാനും ബുദ്ധിമുട്ടാണ്. നിലവില്‍ ഒരു നഴ്സും രണ്ട് കെയര്‍ടേക്കര്‍മാരുമാണ് അന്തേവാസികളെ പരിചരിക്കുന്നത്. ഇതിന് പുറമെ അടുക്കളയില്‍ ഒരാളും അക്കൗണ്ടന്റായി മറ്റൊരാളുമുണ്ട്. കൂടുതല്‍പേരെ സംരക്ഷിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ല എന്നതാണ് പ്രശ്നം. പുതിയ മന്ദിരം പൂര്‍ത്തിയായി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഒരു പരിഹാരമാകുമെന്ന കണക്കുകൂട്ടലിലാണ് സുകൃതം ഭാരവാഹികള്‍. അന്‍പത് പേരുടെ സംരക്ഷണം ലക്ഷ്യമിടുന്ന പുതിയ മന്ദിരത്തില്‍ വ്യാപാരശാലയും കളികള്‍ക്കുള്ള സ്ഥലവും ഉള്‍പ്പെടെ ഉദ്ദേശിക്കുന്നുണ്ട്.
നാളേക്കായി സുകൃതസ്പര്‍ശം
വളര്‍ന്നുവരുന്ന കുട്ടികളില്‍ കാണുന്ന പഠന വൈകല്യവും മറ്റു വൈകല്യങ്ങളും നേരത്തെ കണ്ടെത്തി ചികിത്സിക്കാനും അവര്‍ക്കുവേണ്ട പരിശീലനങ്ങള്‍ നല്‍കാനും ഭീമമായ തുക ഇന്ന് ചെലവാകും. എന്നാല്‍ സുകൃതം അതിനും പരിഹാരവുമായെത്തുന്നുണ്ട്. മറ്റിടങ്ങളിലേക്കാള്‍ കുറഞ്ഞ ചെലവില്‍ സെറിബ്രല്‍ പാഴ്സി, ഓട്ടിസം, ഡൗണ്‍സിന്‍ഡ്രോം തുടങ്ങിയവ ബാധിച്ച കുട്ടികള്‍ക്കായി മാനസിക ശാരീരിക തെറാപ്പികള്‍ സുകൃതം റീഹാബ് ഇന്സ്റ്റിറ്റിയൂഷനിലുണ്ട്. ലൂക്കോസ് ചാക്കോ മുഖ്യ രക്ഷാധികാരിയും ഡോ. വി. വിഷ്ണു പ്രസിഡന്റുമായ ഈ സംരംഭത്തിന്റെ ആശയത്തിനുപിന്നില്‍ വര്‍ക്കിങ് പ്രസിഡന്റായ ശരത് ബാബുവാണ്.
സ്പീച്ച് തെറാപ്പി, സെന്‍സറിങ് തെറാപ്പി, ഫിസിയോതെറാപ്പി, സ്പെഷ്യല്‍ എഡ്യുക്കേഷന്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡോ. ആര്.വി നായരുടെ നേതൃത്വത്തിലുള്ള സേവാനിലയത്തിന്റെ സഹായങ്ങളും കൂടെയെത്തുമ്പോള്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുന്നു. കുട്ടികളിലെ ചെറിയ പഠന വൈകല്യങ്ങള്‍ പോലും മാറ്റിയെടുക്കാനാകുന്ന തരത്തിലുള്ള സേവനമാണ് ഇവിടെനിന്ന് ലഭിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഇളവുകളും നല്‍കുന്നുണ്ട്. ഇത്തരം കുട്ടികളെ ഏറ്റെടുക്കാനും സുകൃതസ്പര്‍ശം പരിപാടിയിലൂടെ അവസരമൊരുക്കുന്നു. സ്വന്തം കാര്യങ്ങള്‍ക്ക് മറ്റൊരാളെ ആശ്രയിക്കാത്ത അവസ്ഥയിലേക്ക് കുട്ടികളെ വളര്‍ത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
”അനുകരണശീലം സാധാരണക്കാരേക്കാള്‍ കൂടുതലാണ് ഇവര്‍ക്ക്, അവര്‍ സാധാരണക്കാരെ കണ്ടു വളര്‍ന്നാലല്ലേ അവരെപ്പോലാകാന് ശ്രമിക്കൂ, പക്ഷേ ഇന്ന് പല വിദ്യാലയങ്ങളിലും മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്കൊപ്പം ഭിന്നശേഷിക്കാരെ പഠിക്കാന്‍ അനുവദിക്കാറില്ല. ഞങ്ങളുടെ സങ്കല്പ്പത്തിലൊരു സുകൃത ഗ്രാമമുണ്ട്. ഇവര്‍ക്കായുളള ഗവേഷണങ്ങളും കൃഷിയും സ്കൂളും അമ്മമാര്‍ക്കും കുട്ടികള്‍ക്കുമുള്ള പുനരധിവാസവും അങ്ങനെ എല്ലാമുള്ള ഒരു സമ്പൂര്ണഗ്രാമം. അവിടെ സാധാരണക്കാര്‍ക്കൊപ്പം സ്നേഹവും കരുതലും അറിഞ്ഞ് ജീവിക്കുന്ന ന്യൂനതകളുള്ളവരും ഒപ്പം പരസ്പരം താങ്ങി നിര്‍ത്തുന്ന ഒരു സമൂഹവും.” സുകൃതത്തിന്റെ സ്വപ്നങ്ങള്‍ വളരെ വലുതാണ്. അതിന്റെ തുടക്കമെന്നോണം അവര്‍ ഒരു കോളനി ഏറ്റെടുത്തു കഴിഞ്ഞു. മുന്നോട്ടുള്ള കുതിപ്പിനെ പലപ്പോഴും പിന്നോട്ട് വലിക്കുന്നത് സാമ്പത്തിക ഞെരുക്കം തന്നെയാണ്. ഇതൊഴിച്ചാല്‍ സുകൃതത്തിന്റെ സങ്കല്‍പ്പത്തിലെ രാമരാജ്യം വിദൂരത്തല്ല.
സുകൃതത്തിലെ സഹോദരങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക സഹായങ്ങള്‍ നല്കാന് ആഗ്രഹിക്കുന്നവര്‍ക്ക് 9497579695 നമ്പരില്‍ ബന്ധപ്പെടുകയോ, സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സഹായമെത്തിക്കുകയോ ചെയ്യാം.
എസ്ബിഐ, ചങ്ങനാശേരി മെയിന്‍, അക്കൗണ്ട് നമ്പര്‍: 67295498396, ഐഎഫ്എസ്സി കോഡ്: എസ്ബിഐഎന്‍0070103
പ്രതികരിക്കാൻ ഇവിടെ എഴുതുക: