വി വി വിനോദ്
ഒളിംപിക്‌സ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ അന്തര്‍ദേശീയ കായിക മാമാങ്കങ്ങളും നാഷണല്‍ ഗെയിംസ്, സ്‌കൂള്‍ / ഇന്റര്‍യൂണിവേഴ്‌സിറ്റി മത്സരങ്ങള്‍ എന്നിവയെല്ലാം കഴിയുമ്പോള്‍ കാലാകാലങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന പതിവ് പല്ലവികളിലൊന്നാണ് മേല്‍ക്കൊടുത്തിരിക്കുന്നത്. ക്രമേണ എല്ലാരും സൗകര്യപൂര്‍വ്വം അതങ്ങു മറക്കും; അടുത്ത മാമാങ്കത്തിന്റെ പിന്നൊരുക്കങ്ങളിലേക്കു തിരിയും, വീണ്ടും പണമൊഴുകും അങ്ങനെയങ്ങനെ കായിക രംഗം പുഷ്ടിപ്പെടും എന്ന രീതിയാണ് നമ്മള്‍ പൊതുവെ അവലംബിച്ചു പോരുന്നത്. ഇതിനൊരു മാറ്റം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
രാജ്യത്തെ കായിക മേഖലയുടെ വികസനത്തിന് കേന്ദ്രവും സംസ്ഥാനങ്ങളും മുടക്കുന്ന കോടികള്‍ കളിക്കളങ്ങളില്‍ യഥാവിധി പ്രതിഭലിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച കണക്കെടുപ്പുകള്‍ക്കുള്ള സമയം വൈകിയിരിക്കുന്നു എന്ന് വേണം പറയാന്‍. ഇന്ത്യന്‍ കായിക മേഖലയില്‍ സര്‍ക്കാരിന്റെ റോള്‍ എന്തെന്ന് ആര്‍ക്കും ചോദിക്കാനിട നല്‍കാത്തവിധമുള്ള നയപരവും സാമ്പത്തികവുമായ പരിരക്ഷയാണ് കേന്ദ്രം കുറെ നാളുകളായി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ( അവയുടെ മികവിന്റെ കൂടി അടിസ്ഥാനത്തില്‍) പകുത്തു നല്‍കി വരുന്നത് . സംസ്ഥാനങ്ങളുടെ വിഹിതത്തിനു പുറമെയാണിത് കോവിഡ് കാല പ്രതിസന്ധികള്‍ക്ക് നടുവിലും 2021 22 ബഡ്ജറ്റില്‍ രാജ്യത്തിന്റെ കായിക മേഖലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നീക്കി വച്ചത് 2596 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത് 8.16 ശതമാനം (230.78 കോടി രൂപ ) കുറവാണെന്നും മറ്റുമുള്ള സ്ഥിരം പരാതികള്‍ അന്നുതന്നെ ചില കേന്ദ്രങ്ങള്‍ രഹസ്യമായി ഉയര്‍ത്തിയിരുന്നു. അതെ സമയം കോവിഡ് സൃഷ്ടിച്ച കെടുതികള്‍ മൂലം മുന്‍വര്‍ഷം അനുവദിക്കപ്പെട്ട തുകയില്‍ ഏറെയൊന്നും ഉപയോഗിക്കാനാവാതെ നില്‍ക്കുന്ന അനിശ്ചിതാവസ്ഥയിലാണ് ചെറുതല്ലാത്ത തുക വീണ്ടും അനുവദിക്കപ്പെട്ടത് എന്ന യാഥാര്‍ഥ്യം നമ്മള്‍ സൗകര്യപൂര്‍വ്വം മറന്നു. മാത്രവുമല്ല, മൊത്തം അനുവദിച്ച തുകയില്‍, 2,549.41 കോടി രൂപയും റവന്യൂ ഇനത്തില്‍ കായിക വകുപ്പ് ജീവനക്കാരുടെ ശമ്പളം പോലുള്ള അടിസ്ഥാന ചെലവുകള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്. ശേഷിക്കുന്ന 46.73 കോടി രൂപ മാത്രമാണ് സ്‌റ്റേഡിയം നിര്‍മ്മാണം തുടങ്ങിയ മൂലധന ചെലവുകള്‍ക്കായി അനുവദിക്കപ്പെട്ടിട്ടുള്ളത് .
രാജ്യത്തിന്റെ കായിക വിദ്യാഭ്യാസ രംഗത്തും ദേശീയ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും പരിശീലന സൗകര്യങ്ങളൊരുക്കുന്നതിനും ചുമതലപ്പെട്ട സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്ക് (സായി) അനുവദിച്ചിരിക്കുന്നത് 660.41 കോടി രൂപയാണ് മുന്‍വര്‍ഷത്തേതില്‍ നിന്നും 160 കോടിയില്‍പ്പരം രൂപ അധികമാണിത്. രാജ്യത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ ഖേലോ ഇന്ത്യക്കു 2020 21 വര്‍ഷത്തില്‍ മാത്രം സര്‍ക്കാര്‍ നീക്കിവച്ചത് 890.45 കോടി രൂപ. സംഘടനകള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കിക്കൊണ്ട് നാഷണല്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ക്ക് 280 കോടി രൂപയാണ് ബഡ്ജറ്റില്‍ നീക്കിവച്ചിട്ടുള്ളത്.
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, ടോക്കിയോ ഒളിമ്പിക്‌സിന് മുന്നോടിയായുള്ള 450 ദിവസത്തേക്ക് നീരജിന്റെ പരിശീലനത്തിനും മത്സരത്തിനുമായി സര്‍ക്കാര്‍ ചെലവഴിച്ചത് അഞ്ചു കോടിയോളം (4,85,39,638) രൂപയാണ്. പരിശീലകനായ ക്ലോസ് ബാര്‍ട്ടോണിയറ്റ്‌സിന് ശമ്പളയിനത്തില്‍ നല്‍കിയത് 12,24,880 രൂപ. (2019 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഒളിമ്പിക്‌സ് ക്വാളിഫയിങ് മത്സരങ്ങളില്‍ 87.86 മീറ്റര്‍ എറിഞ്ഞു യോഗ്യത നേടിയ നീരജിന് പിന്നാലെ തന്നെ കൈമുട്ട് ശസ്ത്രക്രിയക്ക് വിധേയമാകേണ്ടി വന്നു. ഇതേത്തുടര്‍ന്നാണ് അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന ബയോമെക്കാനിക്കല്‍ വിദഗ്‌ദ്ധന്‍ കൂടിയായ ഡോ. ക്ലോസ് ബാര്‍ട്ടോണിയറ്റ്‌സിനെ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് നീരജിന്റെ വ്യക്തിഗത പരിശീലകനായി നിയമിക്കുന്നത്. (ത്രോ ഇനങ്ങളില്‍ ജാവലിന്‍ മുതലായ ഉപകരണങ്ങളുടെ സഞ്ചാരപഥം സംബന്ധിച്ചു ക്ലോസിന്റെ നിരവധി ശാസ്ത്രീയ പഠനങ്ങള്‍ അന്താരാഷ്‌ട്ര ജേര്ണലുകളില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.) അതൊരു ശരിയായ തീരുമാനമായിരുന്നുവെന്നു കാലം തെളിയിച്ചു.
ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ പുരുഷ ഹോക്കി ടീമിന് വേണ്ടി ഇന്ത്യ കഴിഞ്ഞ അഞ്ചു (2016 2021) വര്‍ഷങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് 50 കോടി രൂപ ധനസഹായമാണ് നല്‍കിയത് . റിയോ ഒളിംപിക്‌സില്‍ ബെല്‍ജിയത്തോടു ക്വാര്‍ട്ടര്‍ ഫൈനല്‍ തോറ്റ് എട്ടാം സ്ഥാനം മാത്രം നേടിയ ടീമിനാണ് സാധ്യതകള്‍ മുന്നില്‍ക്കണ്ട് പ്രതിവര്‍ഷം ശരാശരി പത്തുകോടി രൂപ വീതം ചെലവിട്ടത് എന്നോര്‍ക്കണം. കായിക താരങ്ങളുടെ പരിശീലനത്തിനും അവര്‍ക്കു വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുമായുള്ള വാര്‍ഷിക പദ്ധതി Annual Calendar for Training and Competitions (ACTC) യില്‍പ്പെടുത്തിയാണ് ഈ തുക നല്‍കിയത്. പുറമെ ടാര്‍ഗറ്റ് ഒളിംപിക്‌സ് പോഡിയം പദ്ധതി Target Olympic Podium Scheme (TOPS)- വഴി സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ 16.80 ലക്ഷം രൂപയും ഹോക്കിയില്‍ നിക്ഷേപിച്ചു . ഇവയും വൃഥാവിലായില്ലെന്നു ടോക്കിയോ ഒളിമ്പിക്‌സ് തെളിയിച്ചത് നമ്മള്‍ കണ്ടു .
സമാനമായ തരത്തില്‍ ഇതര ‘കളികള്‍ക്കും’ അതാത് ദേശീയ ഫെഡറേഷനുകള്‍ വഴി അര്‍ഹമായ തുകകള്‍ ലഭ്യമായിട്ടുണ്ടാകും എന്നതില്‍ ശങ്ക വേണ്ട. കേന്ദ്രത്തോടൊപ്പം വിവിധ സംസ്ഥാനങ്ങളും ചെറുതല്ലാത്ത തുക തന്നെയാണ് തങ്ങളുടെ സംസ്ഥാന ബജറ്റ് വഴി കാലാകാലമായി പ്രതിവര്‍ഷം കായിക വികസനത്തിന് നീക്കിവച്ചു പോരുന്നത്. വിവിധ സംസ്ഥാനങ്ങളും കേന്ദ്ര വിഹിതവും ചേര്‍ന്നാല്‍ പ്രതിവര്‍ഷം രാജ്യത്തിന്റെ കായിക വികസന മേഖലയില്‍ സര്‍ക്കാര്‍ മുതല്‍ മുടക്കു മാത്രം അയ്യായിരം കോടി രൂപയെങ്കിലുമുണ്ടാകും.
അതുകൊണ്ടു തന്നെ അനുവദിക്കപ്പെട്ട (നിസ്സാരമല്ലാത്ത) തുകകള്‍ അര്‍ഹമാം വിധം വിനിയോഗിക്കപ്പെട്ടുവോ എന്ന അന്വേഷണം പരമപ്രധാനവും ഏറെ പ്രസക്തവുമാണ് .
ദേശീയ കായിക ഫെഡറേഷനുകളുടെ മെച്ചപ്പെട്ട നടത്തിപ്പ് ലക്ഷ്യമിട്ടു 2011 ല്‍ കേന്ദ്ര യുവജനക്ഷേമ മന്ത്രാലയം ദേശീയ കായിക വികസന കോഡിന് (നാഷണല്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് കോഡ്) രൂപം നല്‍കിയിരുന്നു. ദേശീയ കായിക ഫെഡറേഷനുകള്‍ തുടര്‍ന്ന് പോന്നിരുന്ന എല്ലാ നടപടിക്രമങ്ങളും അവസാനിപ്പിച്ചു കൊണ്ടും ഇന്ത്യന്‍ കായിക രംഗത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടും കേന്ദ്രം രൂപപ്പെടുത്തിയതാണ് പ്രസ്തുത കോഡ്. രാജ്യത്തെ വിവിധ കോടതികളുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ സ്‌പോര്‍ട്‌സ് ഡെവലപ്മന്റ് കോഡിന്റെ സാധുതകള്‍ അര്‍ഥശങ്കക്കിടയില്ലാത്ത വണ്ണം പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതുമാണ്. ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍, ആര്‍ച്ചെറി ഫെഡറേഷന്‍ എന്നിവയടക്കം പലേ കായിക സംഘടനകളുടെയും നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെട്ടപ്പോഴെല്ലാം കോടതികള്‍ അവലംബിച്ചത് സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് കോഡിന്റെ സാധുതകളും സാധ്യതകളുമാണ്. കായിക താരങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളിന്മേലും കോടതി തീരുമാനങ്ങള്‍ പലതും ഡെവലപ്പ്‌മെന്റ് കോഡ് അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. എന്നിരിക്കിലും, നിലവില്‍ കായിക ഫെഡറേഷനുകള്‍ പ്രസ്തുത കോഡിലെ വ്യവസ്ഥകള്‍ പാലിക്കുന്നുവോയെന്നത് സര്‍ക്കാര്‍ തന്നെ ദേശീയതലത്തില്‍ പഠനവിധേയമാക്കേണ്ടതാണ്.
പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണി തീരാത്ത കളിക്കളങ്ങള്‍ നമ്മുടെ കായിക ലോകത്തിന്റെ നിത്യസ്മാരകങ്ങളായി നിലകൊള്ളുന്നു. ഓരോ ദേശീയ / അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്കും മുന്‍പായി പണിയുന്ന സ്‌റ്റേഡിയങ്ങളും വാങ്ങിച്ച കൂട്ടുന്ന കായികോപകരണങ്ങളുമെല്ലാം തുടര്‍ ഉപയോഗമില്ലാത്ത തുരുമ്പിക്കും. അടുത്ത മത്സരക്കാലത്ത് എല്ലാം വീണ്ടും ആരംഭിക്കേണ്ട അവസ്ഥ. 2015 ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസ് തന്നെ നമുക്ക് മുന്നിലുള്ള ഒടുവിലത്തെ ഉദാഹരണം. വിവിധ ജില്ലകളിലായി അന്താരാഷ്‌ട്ര നിലവാരത്തിലുള്ള അറുപതോളം കളിയിടങ്ങള്‍ ഒരുങ്ങിയതെല്ലാം ക്രമേണ വിസ്മൃതിയില്‍ മറഞ്ഞു കഴിഞ്ഞു . കൃത്യമായ പരിപാലനം ഉറപ്പാക്കിയിരുന്നുവെങ്കില്‍ പ്രാദേശിക തലത്തില്‍ത്തന്നെ മികവുറ്റ എത്രയോ കായികതാരങ്ങളെ വാര്‍ത്തെടുക്കുന്നതിന് ഈ സൗകര്യങ്ങള്‍ പ്രയോജനമായേനെ.
ഒളിംപിക്‌സിന് പുറപ്പെട്ട ഇന്ത്യന്‍ സംഘത്തെ പൊതുവായി ആശംസിച്ച പ്രധാനമന്ത്രി അതിനു ശേഷം രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷകളായ ടീമുകളെ മത്സരഫലത്തിന് കാത്തു നില്‍ക്കാതെ, മത്സരമാരംഭിക്കുന്നതിനു മുന്‍പ് നേരിട്ട് വിളിച്ചു ആശംസകള്‍ നേര്‍ന്നത് ചെറുതല്ലാത്ത ആത്മവിശ്വാസമാണ് നമ്മുടെ കായിക താരങ്ങള്‍ക്കു പകര്‍ന്നു നല്‍കിയത്. അതാകട്ടെ അവരില്‍ പലര്‍ക്കും മെഡല്‍ നേടുന്നതില്‍ പ്രചോദനമായെന്ന യാഥാര്‍ഥ്യവും നമുക്ക് മുന്നിലുണ്ട് . (‘തങ്ങളുടെ കാലത്ത് ഇങ്ങനെയൊന്നും ഉണ്ടായിരുന്നില്ലെന്ന്’ അഞ്ജു ബോബി ജോര്‍ജിനെപ്പോലുള്ള താരങ്ങള്‍ പരസ്യമായി വിലപിക്കുന്ന തരത്തില്‍ ആ അഭിനന്ദനം താരങ്ങളെ സ്വാധീനിച്ചു എന്ന് വേണം കരുതേണ്ടത്) ഫൈനല്‍ മാച്ചില്‍ കായികതാരങ്ങളുടെ പ്രകടനം വിലയിരുത്തി അവരെ അഭിനന്ദിക്കുന്നതിനു പകരം പരിശീലനകാലത്തും അവരില്‍ ആത്മവിശ്വാസമുളവാകുന്ന സമീപനം നമ്മുടെ കായിക ഭരണകര്‍ത്താക്കള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. അതിനായില്ലെങ്കില്‍, മത്സരം അവസാനിച്ചാലെങ്കിലും മികച്ച കായിക പ്രതിഭകളെ മനം നിറഞ്ഞഭിനന്ദിക്കാനുള്ള ഹൃദയവിശാലതയെങ്കിലും നമുക്കുണ്ടാകണം.
കായിക വികസനമെന്നാല്‍ വര്‍ഷാവര്‍ഷം കൂട്ടയോട്ടം സംഘടിപ്പിക്കുക മാത്രമല്ലെന്ന സത്യം അംഗീകരിക്കാനെങ്കിലും നമ്മുടെ കായിക സംഘടനകള്‍ തയ്യാറാകേണ്ടിയിരിക്കുന്നു. നിത്യം കളിക്കളത്തിലിറങ്ങി ദേഹം വിയര്‍ക്കുന്ന പക്വമതികളും ഭരണനൈപുണ്യവുമുള്ളവരുമായ കായികതാരങ്ങള്‍ തന്നെയാവണം ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും കായിക സംഘടനകളെയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളെയും നയിക്കേണ്ടത്. എല്ലാറ്റിലും ഉപരിയായി കായിക രംഗത്തെ സര്‍വ്വ സാമ്പത്തിക ഇടപാടുകളും പാന്‍, ആധാര്‍ അടിസ്ഥാനപ്പെടുത്തി ഡിജിറ്റല്‍ ആക്കുക വഴി ഈ രംഗത്തെ നിരവധി ദുഷ്പ്രവണതകള്‍ ഒറ്റയടിക്ക് അവസാനിപ്പിക്കുന്നതിന് സാധിക്കും.
(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് എന്നിവയിലെ മുന്‍ ഉദ്യോഗസ്ഥനും പബ്ലിക് പോളിസി അനലിസ്റ്റുമായ ലേഖകന്‍ കേരളത്തില്‍ 1987 , 2015 വര്‍ഷങ്ങളില്‍ നടന്ന ദേശീയ ഗെയിംസ് സംഘാടക സമിതികളില്‍ അംഗമായിരുന്നു.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: