ചെങ്ങന്നൂര്‍: നവ മധ്യമങ്ങളില്‍ ലൈക്കുകളും ഷെയറുകളും ലഭിക്കുന്നതിനുവേണ്ടി യുവാക്കള്‍ അമിത വേഗതയില്‍ അപകടകരമായി ബൈക്ക് പായിക്കുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. മണിക്കൂറില്‍ 158 കിലോമീറ്റര്‍ വേഗതയില്‍ ബൈക്കില്‍ പാഞ്ഞ യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ഇയാള്‍ക്ക് 9,500 രൂപ പിഴ ചുമത്തി.
മുളക്കുഴ കാരയ്ക്കാട് ക്രിസ്റ്റിവില്ലയില്‍ ജസ്റ്റിന് മോഹനെയാണ് ചെങ്ങന്നൂര്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് അധികൃതര്‍ പിടികൂടി പിഴ ചുമത്തിയത്. ബൈക്ക് റേസിങ് ഗ്രൂപ്പുകളുടെ അഡ്മിനാണ് ഇയാളെന്ന് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ചങ്ങനാശേരി ബൈക്കപകടത്തില്‍ മൂന്നു പേര് മരിച്ചതിനെ തുടര്‍ന്ന് ഓപ്പറേഷന് റാഷിന്റെ ഭാഗമായാണ് നടപടി. എംസി റോഡില്‍ മുളക്കുഴ-കാരയ്ക്കാട് റൂട്ടില്‍ 158 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന ബൈക്കിന്റെ ദൃശ്യം കഴിഞ്ഞ ജൂണ്‍ അഞ്ചിന് സമൂഹമാധ്യമത്തില്‍ ഒരാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വിഡിയോ ചെങ്ങന്നൂര്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ വാട്സാപ് നമ്പറിലേക്ക് മറ്റൊരാള്‍ അയച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ബൈക്ക് ഓടിച്ചിരുന്ന ജസ്റ്റിനെ പിടികൂടുന്നത്.
ഇയാളുടെ ഉള്‍പ്പടെ ഇത്തരത്തിലുള്ള ഗ്രൂപ്പില്‍ പെട്ടവരുടെ മൊബൈലുകള്‍ പരിശോധിച്ചതില്‍ നിന്നും ബൈക്ക് പാച്ചില്‍ നടത്തിയ നിരവധി യുവാക്കളെ മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി നടപടി സ്വീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ 250 പേരെ ഇത്തരത്തില്‍ പിടികൂടി പിഴ ചുമത്തിയതായി പരിശോധനകള്‍ക്ക് നേതൃത്വം നല്കിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ ദിലീപ് കുമാര്‍. കെ, എഎംവിഐമാരായ വീനീത്, അജീഷ്. ജിതിന്, ചന്തു എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: