പൊന്‍കുന്നം (കോട്ടയം): നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് കരകയറാനുളള ശ്രമത്തിനിടെ മുസ്ലിം ലീഗിലെ തര്‍ക്കം യുഡിഎഫിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. പ്രമുഖ ഘടക കക്ഷിയിലെ ഭിന്നിപ്പ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തേയും അമ്പരപ്പിച്ചിരിക്കുകയാണ്.
മുസ്ലിം ലീഗിലെ പ്രശ്നങ്ങള്‍ രാഷ്ടീയമായി മുതലെടുക്കാനാണ് സിപിഎം ശ്രമം. കുഞ്ഞാലിക്കുട്ടിയെ രാഷ്ട്രീയമായി തകര്‍ത്ത് മലബാര്‍ മേഖലയില്‍ ശക്തി വര്‍ധിപ്പിക്കാനാണ് സിപിഎം നേതൃത്വം ലക്ഷ്യമിടുന്നത്. പ്രതിസന്ധി മുതലെടുക്കാനായാല്‍ മലപ്പുറം ജില്ലയില്‍ വ്യക്തമായ മേല്‍ക്കൈ നേടാന്‍ സിപിഎമ്മിന് സാധിക്കും. കെ.ടി. ജലീലിനെ മുന്‍നിര്‍ത്തിയാണ് സിപിഎം നീക്കങ്ങള്‍. അതിന്റെ ഭാഗമായാണ് കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമിട്ടുള്ള ജലീലിന്റെ പ്രസ്താവനകള്‍.
പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പത്രസമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിച്ച പാണക്കാട് മുഈന്‍ അലി ശിഹാബ് തങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും കൂടുതല്‍ നേതാക്കള്‍ രംഗത്തു വരുന്നത് പ്രതിസന്ധി ഉടനെങ്ങും തീരില്ലെന്ന സൂചനയാണ് നല്‍കുന്നത്. തര്‍ക്കം പരിഹാരം കാണാതെ നീണ്ടുപോകുന്നത് കോണ്‍ഗ്രസിനും തലവേദനയാണ്. മുന്നണിയില്‍ ആളനക്കമുള്ള ഏക പാര്‍ട്ടിയാണ് ലീഗ്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന മുസ്ലിം ലീഗിലെ പൊട്ടിത്തെറി യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കറിയാം. തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ നേതൃമാറ്റം നടത്തി പുതിയ പരീക്ഷണത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുമ്പോഴാണ് ലീഗിലെ തമ്മിലടി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ മറ്റു ഘടക കക്ഷികള്‍ക്കൊന്നും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല കോണ്‍ഗ്രസിന് നേട്ടം ഉണ്ടായുമില്ല. കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നതോടെ ലീഗായിരുന്നു യുഡിഎഫിലെ അവസാന വാക്ക്. മുന്നണിക്കൊപ്പം നിന്ന ജോസഫ് വിഭാഗത്തിന് വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കാനുമായില്ല. നേതൃസമ്പന്നമായ ജോസഫ് വിഭാഗത്തിനൊപ്പം അണികളെത്താഞ്ഞത് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ക്ക് തിരിച്ചടിയായി. പാര്‍ട്ടിയിലെ സ്ഥാനങ്ങളെച്ചൊല്ലി കേരള കോണ്‍ഗ്രസിലും തര്‍ക്കം രൂക്ഷമാണ്. ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടഞ്ഞു നില്ക്കുന്നു.
ആര്‍എസ്പിയുടെ കാര്യവും മറിച്ചൊന്നല്ല. മത്സരിച്ച പ്രമുഖരുടെ തോല്‍വി ആര്‍എസ്പിയിലും കലാപക്കൊടി ഉയര്‍ത്തി. പ്രശ്നങ്ങള്‍ തല്‍ക്കാലമൊന്ന് അടങ്ങിയെങ്കിലും പരിഹാരം കാണാന്‍ ആര്‍എസ്പി നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം കോണ്‍ഗ്രസില്‍ നടന്നത് നേതൃമാറ്റം മാത്രമാണ്. പുതിയ പ്രതീക്ഷയുമായി വന്ന കെ. സുധാകരനും ഗ്രൂപ്പുതര്‍ക്കത്തില്‍ ശക്തമായി നീങ്ങാന്‍ സാധിച്ചിട്ടില്ല. ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമ്പോഴും എ, ഐ വിഭാഗങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് തീരുമാനങ്ങളെടുക്കുകയെന്നത് പുതിയ കെപിസിസി പ്രസിഡന്റിന് ശക്തമായ വെല്ലുവിളിയാണ്.
മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് തിരിച്ചടി നേരിടുന്ന ഘട്ടത്തില്‍ മുസ്ലിം ലീഗിന് കാര്യമായ കോട്ടം സംഭവിച്ചിരുന്നില്ല. എന്നാല്‍ ഇക്കുറി അതും തെറ്റി. ജയിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന പല സീറ്റുകളും നഷ്ടപ്പെട്ടു. ലീഗിന്റെ ചില കോട്ടകളില്‍ കയറിക്കൂടാന്‍ സിപിഎമ്മിന് കഴിഞ്ഞു. ഈ നേട്ടം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സിപിഎം കെ.ടി. ജലീലിലൂടെ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: