കൊല്ലം: പൊതുമേഖല സ്ഥാപനമായ ചവറ കെഎംഎംഎല്ലില്‍ (കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്) ലോക്ഡൗണ്‍ മറയാക്കി, കമ്പനി ചട്ടങ്ങള്‍ മറികടന്ന് എട്ടുപേര്‍ക്ക് സ്ഥാനക്കയറ്റം നല്കുന്നു. കമ്പനി ചട്ടപ്രകാരം ഓഫീസര്‍ തസ്തികയില്‍ എത്തണമെങ്കില്‍ 16 വര്‍ഷം സര്‍വീസ് വേണം. കെഎംഎംഎല്ലില്‍ വിവിധ സെക്ഷനുകളില്‍ 22 വര്‍ഷം വരെ സര്‍വീസുള്ളവര്‍ ഉദ്യോഗക്കയറ്റം കിട്ടാതിരിക്കുമ്പോള്‍ പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന് വിഭാഗത്തില്‍ ആറുവര്‍ഷം വരെ സര്‍വീസ് ഉള്ളവര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കാനാണ് നീക്കം.
എട്ടുപേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുക വഴി പ്രതിവര്‍ഷം 3.5 കോടിരൂപയുടെ അധിക ബാധ്യത ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കുന്നവരുടെ ശമ്പളം 30,000ല്‍ നിന്ന് 70,000ലേക്ക് വര്‍ധിക്കും. സിപിഎം പ്രാദേശിക, ജില്ലാ ഘടകങ്ങളും മുന്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ തട്ടകമായ കണ്ണൂര്‍ ലോബിയുമാണ് വഴിവിട്ട നിയമനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇതിലൂടെ കോഴ ഇനത്തില്‍ വന്‍തുകയാണ് നേതാക്കള്‍ക്ക് ലഭിക്കുന്നതെന്നാണ് ആക്ഷേപം.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് ജയരാജന്റെ ഇടപെടലില്‍ മാനേജര്‍ ട്രെയ്നി തസ്തികയിലേക്ക് ഒന്നാം റാങ്കുകാരിയെ തള്ളി താഴെയുള്ള റാങ്കുകാരിയെ നിയമിച്ചത് വിവാദമായിരുന്നു. ഈ നിയമനം സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. പുതിയ സര്‍ക്കാര്‍ വരുംമുമ്പ് ചട്ടങ്ങള്‍ മറികടന്ന് തിരക്കിട്ട് നടത്തിയ നിയമനത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഹെക്കോടതി ഉത്തരവുകളെ പോലും വളച്ചൊടിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലികമായി നിയമിച്ചവരെ സ്ഥിരപ്പെടുത്താനുള്ള നീക്കവും ഇപ്പോള്‍ സജീവമാണ്. തൊഴിലാളികളുടെ പശ്ചാത്തലം പരിശോധിക്കാതെയാണ് സ്ഥിരപ്പെടുത്തല്‍ നടക്കുന്നതെന്നും സിപിഎം, സിഐടിയു നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായി കമ്പനി ഉദ്യോഗസ്ഥര്‍ മാറിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: