തൃശൂര്‍: കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിനായി ആയിരങ്ങള്‍ ഊഴമിട്ട് കാത്തിരുന്ന സ്നാനഘട്ടങ്ങള്‍ ഇന്നലെ വിജനമായിരുന്നു. പുണ്യതീര്ത്ഥകേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ബലിതര്പ്പണമില്ലാതെ വീണ്ടുമൊരു കര്‍ക്കിടക വാവ് കൂടി. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വഴിപാട് നടത്താനും ദര്ശനത്തിനുമെത്തിയ ഭക്തരൊഴികെ ഇക്കുറി ഭൂരിപക്ഷം ക്ഷേത്രങ്ങളിലും ബലിയിടല്‍ ചടങ്ങ് ഉണ്ടായില്ല. പതിവ് പൂജകള്‍ക്ക് പുറമെ വാവിനോടനുബന്ധിച്ച് വിശേഷ പൂജകള്‍ മാത്രമാണ് ക്ഷേത്രങ്ങളില്‍ നടന്നത്. ബലിതര്‍പ്പണത്തിന് ശേഷം പിതൃക്കള്‍ക്കായി ചെയ്യുന്ന തിലഹോമം, പിതൃമോക്ഷപൂജ, ഒറ്റ നമസ്കാരം, കൂട്ടനമസ്കാരം എന്നീ വഴിപാടുകളും പ്രത്യേക പൂജകളും നടത്താന്‍ ക്ഷേത്രങ്ങളില്‍ സംവിധാനം ഒരുക്കിയിരുന്നു.
തിരുവില്വാമല പാമ്പാടി ഐവര്‍ മഠം, ആറാട്ടുപുഴ മന്ദാരം കടവ്, എടക്കഴിയൂര്‍ പഞ്ചവടി ശ്രീശങ്കര നാരായണ മഹാദേവക്ഷേത്രം, കൂര്‍ക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം, പുഴയ്ക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, പാറമേക്കാവ് ശാന്തിഘട്ട്, ചാവക്കാട് കടപ്പുറം തുടങ്ങി ജില്ലയിലെ ബലികര്‍മ്മ ചടങ്ങ് നടക്കുന്ന പ്രമുഖയിടങ്ങളിലൊന്നും ഇന്നലെ ബലിതര്‍പ്പണം നടന്നില്ല. ജില്ലയ്ക്കകത്തും പുറത്തു നിന്നുമായി പതിനായിരങ്ങള്‍ പിതൃമോക്ഷ പുണ്യം തേടി കര്‍ക്കിടക വാവുബലി നടത്താനെത്തുന്ന നിളാതീരവും ഇക്കുറി ആളൊഴിഞ്ഞ് കിടന്നു. പിതൃമോക്ഷമന്ത്രമുഖരിതമാകേണ്ടിയിരുന്ന ബലിപ്പുരകകളില് ആളും ആരവുമുണ്ടായില്ല. ആറാട്ടുപുഴ, തൃശൂര്‍ മിഥിനപ്പിള്ളി, അശോകേശ്വരം, മതിക്കുന്ന് തുടങ്ങിയ ക്ഷേത്രങ്ങളില്‍ പൂജകള്‍ ശീട്ടാക്കി പ്രസാദം വാങ്ങി വീട്ടില്‍ തര്‍പ്പണം നടത്താന്‍ ക്രമീകരണമൊരുക്കിയിരുന്നു.
ചുരുക്കം ചിലയിടങ്ങളില്‍ തദ്ദേശവാസികള്‍ വീടിനടുത്തുള്ള കുളക്കടവുകളിലെത്തി ബലിയിട്ടു. ആറാട്ടുപുഴ മന്ദാരംകടവില്‍ ബലിതര്‍പ്പണത്തിന് സമീപ പ്രദേശത്തുള്ള ഏതാനും ഭക്തരെത്തിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രാവിലെ കുറച്ചു പേര് മാത്രമെത്തി കര്‍മ്മങ്ങള്‍ സ്വയം ചെയ്താണ് തര്‍പ്പണം നടത്തിയത്. ആള്ക്കൂട്ടമൊഴിവാക്കാനായി സ്ഥലത്ത് പോലീസ് കാവലുണ്ടായിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആള്‍ക്കുട്ടം പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് ക്ഷേത്രങ്ങളിലും പുണ്യതീര്ത്ഥഘട്ടങ്ങളിലും കര്‍ക്കിടക വാവ് ബലി നിരോധിച്ചത്.
പിതൃമോക്ഷത്തിന് വീടുകളില്‍ ബലിയിട്ട് വിശ്വാസികള്‍
പിതൃപുണ്യം തേടി വിശ്വാസികള്‍ വീടുകളില്‍ ബലിതര്‍പ്പണം നടത്തി സായൂജ്യമടഞ്ഞു. സ്നാനഘട്ടങ്ങളിലും ക്ഷേത്രങ്ങളിലും ബലിതര്‍പ്പണം അനുവദിക്കാത്തതിനാല്‍ ഭക്തജനങ്ങള്‍ സ്വവസതികളില്‍ പിതൃക്കള്‍ക്ക് കര്‍ക്കിടക വാവൂട്ടി. കര്‍ക്കിടക വാവ് ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. പുണ്യതീര്ത്ഥകേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ആചാര്യന്മാരുടെ സാന്നിധ്യത്തില്‍ ചെയ്തിരുന്ന വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ കൊവിഡിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷത്തേപ്പോലെ ഇത്തവണയും വീടുകളിലേക്ക് മാറിയത്.
ബലിയിടുന്നതിനായി ഒരിക്കലെടുത്തിരുന്ന കുടുംബാംഗങ്ങള്‍ ഇന്നലെ പുലര്‍ച്ചെ കുളിച്ച് വ്രതശുദ്ധിയോടെ ബലിച്ചോറ് തയ്യാറാക്കി. തുടര്‍ന്ന് നിലവിളക്ക് കത്തിച്ച് വെച്ച് അതിന് മുന്നില്‍ നാക്കിലയില്‍ ബലിച്ചോറ് വെച്ചു. പിന്നീട് കിണ്ടിയിലെ വെള്ളത്തില്‍ കൈകള്‍ നനച്ച് മൂന്നു തവണ കൈക്കൊട്ടി വിളിച്ചപ്പോള്‍ കാക്കകളെത്തി ബലിപിണ്ഡം കൊത്തിയതോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. വിശ്വാസികളില്‍ ഭൂരിഭാഗം പേരും പിതൃക്കളെ മനസില്‍ ധ്യാനിച്ച് കര്‍മ്മങ്ങള്‍ സ്വയം ചെയ്യുകയായിരുന്നു. മറ്റു ചിലര്‍ പരികര്‍മ്മികളെ വീടുകളിലേക്ക് വരുത്തി ബലിയിട്ടു. വീടുകളില്‍ ബലിയിട്ടതിന് ശേഷം ഭക്തര്‍ പിന്നീട് ക്ഷേത്രദര്‍ശനം നടത്തി.
ബലിതര്‍പ്പണം ഓണ്‍ലൈനിലും ഫേസ്ബുക്കിലും
പിതൃപരമ്പരയുടെ മോക്ഷത്തിനായി അനന്തരതലമുറ വീടുകളിലിരുന്ന് ഓണ്‍ലൈനിലൂടെ ബലിതര്‍പ്പണം നടത്തി ആത്മനിര്‍വൃതിയടഞ്ഞു. സ്വഗൃഹങ്ങളില്‍ തര്‍പ്പണം നടത്തുന്നവരെ സഹായിക്കാന്‍ പുരോഹിതന്മാര് നടത്തിയ ഓണ്‍ലൈന്‍ ബലിതര്‍പ്പണത്തില്‍ നിരവധി പേര് പങ്കെടുത്തു. വിദേശങ്ങളിലും ഇതര സംസ്ഥാനങ്ങളിലുമുള്ളവരാണ് കൂടുതലായും ഓണ്‍ലൈനിലൂടെ ബലികര്‍മ്മങ്ങള്‍ നടത്തിയത്.
ബലിതര്‍പ്പണത്തിന് കാര്‍മ്മികത്വം വഹിക്കുന്നവരില്‍ പ്രമുഖര്‍ ഓണ്‍ലൈന്‍ വഴി വിശ്വാസികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ കര്‍മങ്ങളും മന്ത്രങ്ങളും മൊബൈലിലും ലാപ്ടോപ്പിലും കണ്ട് ചടങ്ങുകള്‍ ആവര്‍ത്തിച്ചു. നിരവധി പേര് ആചാര്യന്മാര്മാര് തയ്യാറാക്കിയിട്ടുള്ള ബലിതര്‍പ്പണ ചടങ്ങിന്റെ വീഡിയോ ക്ലിപ്പുകള്‍ വീക്ഷിച്ച് പിതൃബലി ചടങ്ങ് നടത്തി. ആചാര്യന്മാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഫേസ്ബുക്കിലൂടെയും ഇത്തവണ നിരവധി പേര് ബലിയിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: