മക്കളേ,
ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ മനുഷ്യന് അത്യാവശ്യം വേണ്ട ഗുണമാണ് സംതൃപ്തി. സംതൃപ്തിയാണ് ഏറ്റവും വലിയ ധനം. ലോകത്തിലെ ഏറ്റവും വലിയ ദരിദ്രനാണെങ്കിലും, സംതൃപ്തിയുണ്ടെങ്കില്‍ അവനാണു ധനികന്‍. എത്ര വലിയ ധനികനാണെങ്കിലും, സംതൃപ്തിയില്ലെങ്കില്‍ അവന്‍ ദരിദ്രനാണ്. ‘അര്‍ത്ഥമെത്ര വളരെയുണ്ടായാലും തൃപ്തിയാകാ മനസ്സിന്നൊരു കാലം’ എന്നു നമ്മള്‍ കേട്ടിട്ടില്ലേ. അതാണ് മനുഷ്യമനസ്സിന്റെ സ്വഭാവം. അതി
നാല്‍ ഉള്ളതില്‍ സംതൃപ്തിയടയാന്‍ ശ്രമിക്കുക. യഥാര്‍ത്ഥത്തില്‍ ബാഹ്യമായ ഒന്നിനും നമുക്കു സംതൃപ്തി നല്കാനാവില്ല. മറിച്ച് ഉള്ളില്‍ സംതൃപ്തിയെ ഉണര്‍ത്താന്‍ കഴിഞ്ഞാല്‍ ബാഹ്യമായ ഏതു സാഹചര്യങ്ങളിലും അതു നിലനിര്‍ത്താന്‍ കഴിയും.
ഒരു ഗ്രാമത്തില്‍ ഒരു വൃദ്ധന്‍ താമസിച്ചിരുന്നു. അയാള്‍ ഏതു സമയവും അയല്‍ക്കാരുമായി വഴക്കിടും. അല്ലെങ്കില്‍ എന്തിനെക്കുറിച്ചെങ്കിലും പരാതി പറഞ്ഞുകൊണ്ടിരിക്കും. അയാള്‍ ഒരു നിമിഷം പോലും സന്തോഷത്തോടെ, സംതൃപ്തിയോടെ ഇരിക്കുന്നത് ആരും കണ്ടിട്ടേയില്ല. ദിവസം പോകുന്തോറും അയാളുടെ സ്വഭാവവും പെരുമാറ്റവും കൂടുതല്‍ മോശമായിക്കൊണ്ടിരുന്നു. വൃദ്ധന്റെ ഈ സ്വഭാവം കാരണം ഗ്രാമത്തിലുള്ള എല്ലാവരും പൊറുതിമുട്ടി. അയാളെ ദൂരെ നിന്നു കണ്ടാലുടനെ അവര്‍ വഴിമാറിപ്പോകാന്‍ തുടങ്ങി.
അങ്ങനെയിരിക്കെ ഒരു ദിവസം വൃദ്ധന് എണ്‍പതു വയസ്സ് തികഞ്ഞു. അന്നുമുതല്‍ അയാളുടെ സ്വഭാവത്തില്‍ അവിശ്വസനീയമായ ഒരു മാറ്റം എല്ലാവരും ശ്രദ്ധിച്ചു. അയാള്‍ സദാ സന്തോഷവാനായി കാണപ്പെട്ടു. അയാള്‍ക്ക് ആരെക്കുറിച്ചും പരാതിയോ പരിഭവമോ ഇല്ല. ആരുമായും വഴക്കിടുന്നില്ല. എല്ലാവരോടും പുഞ്ചിരിച്ചുകൊണ്ട് സ്‌നേഹപൂര്‍വ്വം സംസാരിക്കുന്നു.
വൃദ്ധനുണ്ടായ മാറ്റത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഗ്രാമീണര്‍ അയാള്‍ക്കു ചുറ്റും കൂടി. അവര്‍ ചോദിച്ചു, ‘നിങ്ങള്‍ക്കെങ്ങനെയാണ് ഇത്ര വലിയ മാറ്റം വന്നത്?’ വൃദ്ധന്‍ പറഞ്ഞു, ‘പ്രത്യേകിച്ചൊന്നുമില്ല. ഇതുവരെ ദുഃഖത്തെ ഭയന്ന് ജീവിതത്തില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു എന്ന് ഇപ്പോഴാണു ഞാന്‍ തിരിച്ചറിഞ്ഞത്. എണ്‍പതു വര്‍ഷമായി ഞാന്‍ സുഖവും സന്തോഷവും തേടി ലോകവസ്തുക്കളുടെ പിന്നില്‍ അലയുകയായിരുന്നു. എന്റെ ദുഃഖങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ഞാന്‍ മറ്റുള്ളവരെ പഴി പറഞ്ഞു. സുഖത്തിനു പിറകെ ഓടുന്നതു വ്യര്‍ത്ഥമാണെന്ന് എനിക്കു ബോദ്ധ്യമായി. സുഖവും ദുഃഖവും ഒരുപോലെ കരുതി ഈ നിമിഷത്തില്‍ ജീവിതം ആസ്വദിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇന്നു ഞാന്‍ സന്തുഷ്ടനാണ്.’
ഒരേ അമ്മയുടെ വയറ്റില്‍ പിറന്ന രണ്ടു കുട്ടികള്‍. ഒരാള്‍ ജില്ലാ കളക്ടറായി. മറ്റെയാള്‍ അതേ ഓഫീസിലെ ക്ലര്‍ക്കുമായി. ക്ലര്‍ക്കായ ആള്‍, തനിക്കു ക്ലര്‍ക്കാകാനേ കഴിഞ്ഞുള്ളുവല്ലോ എന്നു ചിന്തിച്ചു വിഷമിച്ചതുകൊണ്ട് വല്ല പ്രയോജനവുമുണ്ടോ. സ്വയം തളരുകയേ ഉള്ളൂ. നമ്മളെക്കാളും ഉയര്‍ന്നവരെ നോക്കി അസൂയപ്പെടുകയും, സ്വയം പരിതപിക്കുകയും ചെയ്യുന്നതുകൊണ്ട് പ്രയോജനമില്ല. വിവേകപൂര്‍വ്വം ചിന്തിച്ചാല്‍ ഏതൊരു സാഹചര്യത്തിലും സംതൃപ്തി കണ്ടെത്താന്‍ കഴിയും. ഉള്ളില്‍ സംതൃപ്തിയുണ്ടെങ്കില്‍ ഭൗതികമായ ഉയര്‍ച്ചയും ഒന്നുകൂടി എളുപ്പമാകും.
പക്ഷെ ഒരു കാര്യം നമ്മള്‍ മനസ്സിലാക്കിയിരിക്കണം. ഭൗതിക സുഖഭോഗങ്ങളില്‍ നിന്ന് ഒരിക്കലും നമുക്കു പൂര്‍ണ്ണസംതൃപ്തി കിട്ടുകയില്ല. പാല്‍പ്പായസം കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ മതിയെന്നു തോന്നും. പക്ഷെ, കുറച്ചുകഴിയുമ്പോള്‍ ഇരട്ടി വേണമെന്നും തോന്നും. ഭൗതികസുഖങ്ങള്‍ അനുഭവിച്ചു തൃപ്തി വരുത്താമെന്നു വിചാരിച്ചാല്‍ അത് ഒരിക്കലും നടക്കാന്‍പോകുന്നില്ല. ആഗ്രഹങ്ങള്‍ അങ്ങനെയൊന്നും തീരുകയില്ല. വിവേകപൂര്‍വ്വം മനനം ചെയ്ത് ആഗ്രഹങ്ങളുടെയും സുഖങ്ങളുടെയും സ്വഭാവം മനസ്സിലാക്കണം. അപ്പോള്‍ നമ്മള്‍ അന്ധമായി ആഗ്രഹങ്ങളുടെ പിന്നാലെ പോകുകയില്ല. ഒരാഗ്രഹപൂര്‍ത്തിയും നമുക്കു ശാശ്വതമായ സുഖം തരില്ല. ഒരാഗ്രഹം സാധിച്ചാല്‍ മനസ്സ് മറ്റൊന്നിനുവേണ്ടി ആഗ്രഹിക്കും. ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും. അതിനാല്‍ തന്റെയുള്ളില്‍ തന്നെ സന്തോഷവും സംതൃപ്തിയും കണ്ടെത്തുകയാണ് വേണ്ടത്. അതിനു കഴിയുന്നവനു മാത്രമേ ജീവിതത്തില്‍ പൂര്‍ണ്ണത നേടാന്‍ കഴിയൂ.
ഈശ്വരസാക്ഷാത്കാരത്തിലൂടെ മാത്രമേ ശാശ്വതമായ സംതൃപ്തിയും സന്തോഷവും അനുഭവിക്കാനാകൂ. അതിനാല്‍ ഭഗവാനിലര്‍പ്പിച്ച ഒരു മനസ്സോടെ മക്കള്‍ ജീവിക്കുക. അതാണ് യഥാര്‍ത്ഥ സംതൃപ്തിയുടെ രഹസ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: