തിരുവനന്തപുരം: പ്രൊവിഡന്‍റ് ഫണ്ട് പെന്‍ഷന്‍ (ഇപിഎഫ് പെൻഷൻ) വാങ്ങുന്നവർക്കും സാമൂഹ്യക്ഷേമ പെൻഷന് അർഹതയുണ്ടെന്ന് സര്‍ക്കാരിന്റെ പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നു.
പ്രതിമാസം 4000 രൂപ വരെ എക്സ്ഗ്രേഷ്യാ ലഭിക്കുന്നവർക്കും സാമൂഹ്യസുരക്ഷാ പെൻഷനും വാങ്ങാം.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കുന്നതിനായി പുതിയ മാനദണ്ഡങ്ങളും അനുബന്ധ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നതിന്റെയും വാഹനമുള്ളതിന്റെയും പേരില്‍ നിരവധി പേരുടെ പെന്‍ഷന്‍ തടഞ്ഞുവയ്‌ക്കുകയും ചെയ്തു. തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
ഇ.പി.എഫ് പെന്‍ഷന്‍ വാങ്ങുന്നുവെന്ന് തെറ്റായി രേഖപ്പെടുത്തിയതു കാരണം പെന്‍ഷന്‍ തടയപ്പെട്ടവര്‍ക്ക് തദ്ദേശഭരണ സെക്രട്ടറിക്ക് ബോധ്യപ്പെടന്ന പക്ഷം പെന്‍ഷനുകള്‍ പുന:സ്ഥാപിച്ചു നല്‍കും. ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ എന്നിവയില്‍ ഒന്നു മാത്രമേ അനുവദിക്കുകയുള്ളൂ. ഇതു ഗുണഭോക്താവിനു തീരുമാനിക്കാം. ഇ.പി.എഫ് പെന്‍ഷനൊപ്പം രണ്ടു ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ കൈപ്പറ്റുന്നവരുണ്ടെങ്കില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നല്‍കുന്ന ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ റദ്ദാക്കണം. പ്രതിമാസം 4000 രൂപ വരെ എക്‌സ്‌ഗ്രേഷ്യ പെന്‍ഷന്‍ അല്ലെങ്കില്‍ എന്‍.പി.എസ് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 600 രൂപ നിരക്കില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനോ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനോ അനുവദിക്കാം.
വാഹനമുണ്ടെന്ന കാരണത്താല്‍ താല്‍ക്കാലികമായി പെന്‍ഷന്‍ തടഞ്ഞുവയ്‌ക്കപ്പെട്ടവര്‍ പിന്നീട് അര്‍ഹരാണെന്ന് വ്യക്തമായാല്‍ പെന്‍ഷന്‍ പുന:സ്ഥാപിച്ചു നല്‍കണമെന്നും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.
സംസ്ഥാനത്ത് ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് നല്‍കുന്ന മറ്റ് അലവന്‍സുകള്‍ ഒരു പെന്‍ഷന്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പെന്‍ഷന്‍കാര്‍ 80 കഴിഞ്ഞവര്‍ക്കുള്ള സ്‌പെഷ്യല്‍ കെയര്‍ അലവന്‍സ്, മെഡിക്കല്‍ അലവന്‍സ്, ഉത്സവബത്ത എന്നിവ ഒന്നിലധികം കൈപ്പറ്റുന്നില്ലെന്ന് ഉറപ്പാക്കാന്‍ ധനവകുപ്പ് നിര്‍ദേശിച്ചിരുന്നു.
ഇക്കുറി ഓണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജൂലായ്, ആഗസ്ത് മാസത്തെ പെന്‍ഷന്‍ ആഗസ്ത് മാസം ആദ്യ ആഴ്ചയില്‍ വിതരണം ചെയ്യും. 55 ലക്ഷത്തിലധികം പേര്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. 1600 കോടി രൂപയാണ് പെന്‍ഷന് മാത്രം ചെലവ്.
അനര്‍ഹര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് തടയാന്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്ന് ധനവകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. മാനദണ്ഡങ്ങളിലെ പഴുത് ഉപയോഗിച്ചാണ് അനര്‍ഹര്‍ പെന്‍ഷന്‍ വാങ്ങുന്നത്. ഒരു ലക്ഷം രൂപയാണ് വിവിധ ക്ഷേമപെന്‍ഷനുകളുടെ വാര്‍ഷിക കുടുംബവരുമാന പരിധി. എന്നാല്‍ ഇതില്‍ കൂടുതല്‍ വരുമാനമുള്ളവരും പെന്‍ഷന്‍ വാങ്ങുന്നുണ്ട്. ഇത് തടയാനാണ് വരുമാനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത്. വ്യാജരേഖയുണ്ടാക്കിയും സ്വാധീനം ഉപയോഗിച്ചും തുടരുന്നവരെ കണ്ടെത്താന്‍ ജില്ലയിലെ ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ക്രമക്കേടുകള്‍ നടക്കുന്നത് വിധവാ പെന്‍ഷനിലാണ്. പുനര്‍വിവാഹിതരായവരും ഭര്‍ത്താവ് ഉപേക്ഷിച്ചവരും വ്യാജരേഖകള്‍ ഹാജരാക്കി പെന്‍ഷന്‍ വാങ്ങുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: