തൊടുപുഴ : കോതമംഗലം ഡെന്റല്‍ കോളേജില്‍ ഹൗസ് സര്‍ജനായിരുന്ന മാനസയെ വെടിവച്ച് കൊന്ന രാഖിലിന് പിസ്റ്റള്‍ നല്കിയ ആള് പിടിയില്‍. ബീഹാറില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബിഹാര്‍ മുന്ഗര് ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനു കുമാര്‍(21) ആണ് പിടിയിലായത്.
ബീഹാര്‍ പോലീസിന്റെ സഹായത്തോടെ കോതമംഗലം എസ്ഐ മാഹിനിന്റെ നേതൃത്വത്തില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. പോലീസിനെ കണ്ടതോടെ ഇവരെ ആക്രമിച്ച് രക്ഷപ്പെടാന്‍ സോനുവും സംഘവും ശ്രമിച്ചെങ്കിലും വെടിയുതിര്‍ത്തതോടെ ഇവര്‍ കീഴടങ്ങുകയായിരുന്നു.
രാഖിലിന്റെ സുഹൃത്തില്‍ നിന്നാണ് സോനുവിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് സൂചന. ഇയാളെ മുന്ഗര് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വെള്ളിയാഴ്ച രാവിലെ ഹാജരാക്കി. തുടര്‍ന്ന് കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് ട്രാന്‍സിറ്റ് വാറന്റ് അനുവദിച്ചു. ഇയാളുമായി പോലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു.
രാഖിലിനെ സോനുവിലേക്ക് എത്തിച്ച ടാക്സി ഡ്രൈവര്‍ക്കുവേണ്ടി കേരള പോലീസ് തെരച്ചില്‍ നടത്തി വരികയാണ്. പട്നയില്‍ നിന്ന് ഇയാളുടെ സഹായത്തോടെ രാഖില്‍ മുന്‍ഗറില്‍ എത്തിയെന്നാണ് സൂചന.
ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ഡന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ മാനസയെ രാഖില്‍ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിലും ആത്മഹത്യ ചെയ്തു. ബെംഗളൂരുരില്‍ എംബിഎ പഠിച്ച് ഇന്റീരിയര്‍ ഡിസൈനറായി ജോലിചെയ്യുകയായിരുന്നു രാഖില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: