കോഴിക്കോട് : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിന്റെ പ്രധാന സൂത്രധാരന്‍ പിടിയിലായ അര്‍ജുന്‍ ആയങ്കിയാണ്. കണ്ണൂര്‍ കേന്ദ്രീകരിച്ച് ഇയാളുടെ കള്ളക്കടത്ത് സംഘമുണ്ടെന്നും കസ്റ്റംസ്. അര്‍ജുന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അര്‍ജുന് അന്തര്‍ സംസ്ഥാന കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ് മുമ്പേ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ അര്‍ജുന്‍ സ്വര്‍ണ്ണക്കടത്ത് നടത്തി. കള്ളക്കടത്ത് സംഘങ്ങളെ തട്ടിക്കൊണ്ടുപോകുന്നതില്‍ അര്‍ജുന് പങ്കാളിത്തമുണ്ട്. ഇയാള്‍ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു.
ക്വട്ടേഷന്‍ സംഘങ്ങള്‍ സഞ്ചരിച്ച കാറുകളിലൊന്ന് അര്‍ജുന്‍ ആയങ്കി വാടകയ്‌ക്കെടുത്തതാണ്. കാസര്‍കോട് സ്വദേശി വികാസിന്റെ കാര്‍ ഇയാള്‍ രണ്ട് ലക്ഷം രൂപയ്‌ക്ക് ലീസിനെടുത്ത് സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചു.
പണം നിയമ വിരുദ്ധമായി ഉണ്ടാക്കിയതെന്നും അര്‍ജുന് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ഭാര്യയുടെ മൊഴിയുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് അര്‍ജുന്റെ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റി. കഴിഞ്ഞ ജൂണ്‍ 28നായിരുന്നു അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: