തിരുവനന്തപുരം: കിഫ്ബി പദ്ധതികള്‍ക്കെതിരെ ആഞ്ഞടിച്ച് കെ ബി ഗണേശ്‌കുമാര്‍ എംഎല്‍എ വീണ്ടും നിയമസഭയിൽ. കിഫ്ബി കാരണം സംസ്ഥാനത്ത് റോഡ് പണികള്‍ മുടങ്ങുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കിഫ്ബിയില്‍ കണ്‍സള്‍ട്ടന്‍സി ഒഴിവാക്കി മികച്ച ഉദ്യോഗസ്ഥരെ ഉപയോഗിക്കണമെന്ന് ഗണേശ്കുമാര്‍ പറഞ്ഞു. കോടിക്കണക്കിന് രൂപ ശമ്പളം കൊടുക്കുന്ന എന്‍ജിനീയര്‍മാര്‍ പൊതുമരാമത്ത് വകുപ്പില്‍ ഉള്ളപ്പോള്‍ എന്തിന് പുറത്തു നിന്ന് കണ്‍സള്‍ട്ടന്റുമാരെ കൊണ്ടുവരുന്നുവെന്നും ഗണേശ് കുമാര്‍ ചോദിച്ചു.
2018ല്‍ തുടങ്ങിയ റോഡ് പണി പോലും തീര്‍ന്നിട്ടില്ല. വെഞ്ഞാറമൂടെ മേല്‍പ്പാലം എന്ന ആവശ്യത്തിന് കിഫ്ബി തടസം നില്‍ക്കുന്നുവെന്നും ഗണേശ് ചൂണ്ടിക്കാട്ടി. പദ്ധതികളുടെ കാലതാമസം ചൂണ്ടിക്കാട്ടി അദ്ദേഹം വികാരാധീനനാകുകയും ചെയ്തു. സുഖമില്ലാത്ത അമ്മയെ കാണാന്‍ ഇറങ്ങി താന്‍ 20 മിനിറ്റ് വഴിയില്‍ കുടുങ്ങി. കൊട്ടാരക്കരയിലെ വീട്ടില്‍ എത്തിയപ്പോഴേക്കും അമ്മ മരിച്ചിരുന്നു. അതുകൊണ്ട് ജീവനോടെ കാണാന്‍ സാധിച്ചില്ലെന്നും ഗണേശ് പറഞ്ഞു.
കഴിഞ്ഞ ദിവസവും ഗണേശ് കുമാര്‍ കിഫ്ബിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കിഫ്ബിയില്‍ അതിവിദഗ്ധരുടെ ബാഹുല്യമാണെന്നും അര്‍ഥമില്ലാത്ത വാദങ്ങളുയര്‍ത്തി ഇവര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടയുകയാണെന്നുമാണ് ഗണേശ് കഴിഞ്ഞ ദിവസം ഉയര്‍ത്തിയ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: