മൂന്നാര്‍: പെട്ടിമുടിദുരന്തത്തെ അതിജീവിച്ചയാളുകളുടെ പുനരധിവാസനത്തിനായി സര്‍ക്കാരും കണ്ണന് ദേവന് കമ്പനിയും ചേര്‍ന്ന് കുറ്റിയാര്‍വാലിയില്‍ നിര്‍മിച്ച വീടുകളില്‍ ആള്‍താമസമില്ല. ഇവിടെ നിന്ന് ജോലിക്ക് പോകുന്നതിന് സൗകര്യമില്ലാത്തതാണ് സര്‍ക്കാര്‍ ഏറെ ആഘോഷമായി കൈമാറിയ വീടുകള്‍ അനാഥമാകാന്‍ കാരണം.
വല്ലപ്പോഴും വീടുകള്‍ തൂത്തുവാരുന്നതിനായി എത്തുന്ന ചില കുടുംബങ്ങള്‍ മാത്രമാണ് ആകെയുള്ള സന്ദര്‍ശകര്‍. ഇക്കാര്യം സമീപത്തെ താമസക്കാരും വ്യാപാരികളും സ്ഥിരീകരിക്കുന്നു. ഒരു വീട് സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായി വാടകയ്ക്കും നല്‍കിയിട്ടുണ്ട്. ശരണ്യ- അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി ഇങ്ങനെ പെട്ടിമുടിയില്‍ നിന്ന് രക്ഷപെട്ട എട്ട് കുടുംബങ്ങള്‍ക്കാണ് ലയങ്ങള്‍ക്ക് പകരം പുതിയ വീട് കിട്ടിയത്.
പെട്ടിമുടിയില്‍ നിന്ന് 30 കിലോ മീറ്ററോളം ദൂരത്താണ് വീടുകള്‍. തേയിലത്തോട്ടത്തിലെ പണിയല്ലാതെ മറ്റു വരുമാന മാര്ഗ്ഗില്ലാത്തതിനാല് പുതിയ വീട്ടില്‍ ആരും പതിവായി എത്താറില്ല. വീടുകളില്‍ നിന്ന് ജോലി സ്ഥലത്തേക്ക് എത്താന്‍ വാഹനമില്ലാത്തതും അതിരാവിലെ ഇറങ്ങിയാല്‍ സന്ധ്യമയങ്ങുമ്പോള്‍ മാത്രം തിരിച്ചെത്താനാകുന്നതുമാണ് പ്രധാന പ്രശ്നം.
കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച 50 സെന്റ് പട്ടയഭൂമിയില്‍ കണ്ണന്‍ദേവന്‍ കമ്പനിയാണ് ഒരു കോടി ചെലവിട്ട് വീടും വഴിയുമടക്കം നിര്‍മിച്ച് നല്‍കിയത്. ഇടുക്കി മുന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കിയത്. രണ്ട് കിടപ്പ് മുറികളും സ്വീകരണ മുറിയും അടുക്കളയും ശുചിമുറിയും വരാന്തയും അടങ്ങുന്നതാണ് വീട്.
വീടുകളുടെ താക്കോല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് കൈമാറി. എന്നാല്‍ എസ്റ്റേറ്റിലെ ജോലി ഇല്ലാതാകുന്നതോടെ ലയത്തില്‍ നിന്ന് ഇവര്‍ മാറിക്കൊടുക്കേണ്ടി വരും. അപ്പോള്‍ കേറിക്കിടക്കാന്‍ ആരെയും ആശ്രയിക്കേണ്ടി വരില്ലല്ലോ എന്ന സമാധാനത്തിലാണിവര്. അതേ സമയം ആള്‍താമസമില്ലാതെ കിടക്കുന്നതിനാല്‍ വീടുകള്‍ മറ്റ് വ്യക്തികള്‍ക്ക് വാടകയ്ക്ക് നല്‍കാനും നീക്കമുള്ളതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: