കരുനാഗപ്പള്ളി: ഗ്രാമീണ റൂട്ടുകള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ലോക്ഡൗണിന്റെ മറവില്‍ മൂവായിരത്തോളം കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ്സുകള്‍ പൊളിക്കാന്‍ നീക്കം. 6800 കെഎസ്ആര്‍ടിസി ബസ്സുകളാണുള്ളത്. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് 3800 ബസ്സുകളേ സര്‍വീസ് നടത്തുന്നുള്ളൂ. ഓടാതെ കിടക്കുന്ന മൂവായിരത്തോളം ബസ്സുകളാണ് ഒഴിവാക്കുക.
1628.12 കോടി രൂപ നഷ്ടത്തിലുള്ള കെഎസ്ആര്‍ടിസി, പൊളിക്കുന്ന ബസ്സുകള്‍ക്ക് പകരം ബസ്സുകള്‍ വാങ്ങില്ല. ഇത്രയും ബസ്സുകള്‍ ഒറ്റയടിക്ക് ഒഴിവാകുന്നതോടെ സംസ്ഥാനത്ത് ഗ്രാമീണ മേഖലയില്‍ യാത്രാക്ലേശം രൂക്ഷമാകും. ഇതു മറികടക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍ എന്നിവയെക്കൊണ്ട് ബസ്സുകള്‍ വാങ്ങിപ്പിക്കുകയും ഈ ബസ്സുകള്‍ കെഎസ്ആര്‍ടിസി വാടകയ്ക്കെടുത്ത് സര്‍വീസ് നടത്തുകയുമാണ് പദ്ധതി. ഇതിനു സാധിക്കാത്ത സ്ഥലങ്ങളില്‍ സ്വകാര്യ ബസ്സുകളുമായി കരാറുണ്ടാക്കും.
വാടകയ്ക്കെടുക്കുന്ന ബസ്സുകളിലേക്ക് ജീവനക്കാരെ കെഎസ്ആര്‍ടിസി നല്‍കുമെന്നാണ് അറിയിപ്പെങ്കിലും ഭാവിയില്‍ ഈ റൂട്ടുകള്‍ പൂര്‍ണമായും സ്വകാര്യ, സഹകരണ, തദ്ദേശ സ്വയംഭരണ മേഖലയ്ക്ക് കൈമാറും. തദ്ദേശ സ്ഥാപനങ്ങളെക്കാള്‍ കൂടുതല്‍ ഈ മേഖലയിലേക്ക് സഹ. സംഘങ്ങളാകും കടന്നുവരിക. സംസ്ഥാനത്തെ ഭൂരിഭാഗം സഹ. സംഘങ്ങളും ഭരിക്കുന്നത് ഇടതുപക്ഷമായതിനാല്‍, ഭാവിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ജീവനക്കാരാക്കും.
ചെറിയ തകരാറുള്ള, സര്‍വീസിന് യോഗ്യമായ ബസ്സുകളും ഒഴിവാക്കുന്നതിലുണ്ട്. സര്‍വീസ് നടത്താത്ത ബസ്സുകള്‍ അതതു ജില്ലയില്‍ സ്ഥലസൗകര്യമുള്ള ഡിപ്പോയിലേക്കും കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങളിലേക്കും മാറ്റിത്തുടങ്ങി. ഈഞ്ചക്കല്‍, പാപ്പനംകോട്, ചാത്തന്നൂര്‍, ആറ്റിങ്ങല്‍, മാവേലിക്കര തുടങ്ങിയ ഡിപ്പോകളില്‍ ഇതിനകം നൂറുകണക്കിന് ബസ്സുകള്‍ എത്തിച്ചു.
സര്‍വീസ് നടത്താത്ത ബസ്സുകളില്‍ നിന്ന് ബാറ്ററി, ടയര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷണം പോകുന്നെന്നും സ്പെയര്‍ പാര്‍ട്സ് മാറിയെന്ന പേരില്‍ തട്ടിപ്പു നടക്കുന്നുണ്ടെന്നും, അതിനാലാണ് ഒരു കേന്ദ്രത്തിലേക്ക് മാറ്റുന്നതെന്നുമാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: