ന്യൂദല്‍ഹി: പെഗാസസ് ആരോപണത്തിലും കാര്‍ഷിക നിയമങ്ങളിലുമുള്ള പാര്‍ലമെന്റ് സ്തംഭനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ‘ഒന്നിനെക്കുറിച്ചും അദ്ദേഹത്തിന്(മല്ലികാര്‍ജുന്‍ ഖാര്‍ഗെ) ഉറപ്പ് നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രതിരോധമന്ത്രി തന്നെ വിളിച്ചിരുന്നുവെന്നും തജികിസ്ഥാനിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയശേഷം ഇപ്പോള്‍ തുടരുന്ന പാര്‍ലമെന്റ് സ്തംഭനം അവസാനിപ്പിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ അവകാശപ്പെട്ടതിന് പിന്നാലെയാണ് രാജ്നാഥ് സിംഗ് വ്യക്തത വരുത്തിയത്.
ഖാര്‍ഗെയെ വിളിച്ചിരുന്നുവെന്ന് പറഞ്ഞ രാജ്നാഥ് സിംഗ് പാര്‍ലമെന്റ് നടപടികള്‍ തസപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് മാത്രമാണ് അഭ്യര്‍ഥിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. ‘അത്തരത്തില്‍ വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷമുള്ള ഉറപ്പുകളൊന്നും ഞാന്‍ പ്രതിപക്ഷ നേതാവിന് നല്‍കിയിട്ടില്ല. എങ്കിലും അദ്ദേഹത്തെ വിളിച്ച് പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ അഭ്യര്‍ഥന നടത്തി. പാര്‍ലമെന്റ് സുഗമമായി പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു’.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ തുടക്കം മുതല്‍ പെഗാസസ് ആരോപണത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടും വിവിധ വിഷയങ്ങളില്‍ പ്രതിഷേധിച്ചും പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളും നിരന്തം തടസ്സപ്പെടുത്തുകയാണ്. ജൂലൈ 19ന് മുതല്‍ പാര്‍ലമെന്റ് സമ്മേളനം നടന്ന ദിവസങ്ങളിലെല്ലാം ലോക്സഭയും രാജ്യസഭയും പലവട്ടം നിര്‍ത്തിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: