കശ്മീര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് വര്‍ഷം തികയുന്ന വേളയില്‍ മോദി സര്‍ക്കാറിന്റെ തിളക്കമാര്‍ന്ന പദ്ധതികളിലൊന്ന് ജമ്മുവിലും ശ്രീനഗറിലും 24 മണിക്കൂറും വൈദ്യുതി വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. നിരവധി ജലവൈദ്യുത പദ്ധതികളും പൂര്‍ത്തീകരിക്കപ്പെടുകയാണ്.
തൊഴില്‍ രംഗത്ത് ജെ ആന്റ് കെ ബാങ്കില്‍ കുറെപ്പേര്‍ക്ക് നിയമനങ്ങള്‍ നല്‍കാനായി.കോവിഡ് കാരണം കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്കാന് കഴിഞ്ഞിട്ടില്ല. കശ്മീരിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഉധംപൂര്‍-ശ്രീനഗര്‍ ബാരാമുള്ള റെയില്‍ പദ്ധതി അതിവേഗം പുരോഗമിക്കുന്നു. അടുത്ത വര്‍ഷം ആഗസ്തില്‍ ഈ പദ്ധതി പൂര്‍ത്തിയാവും.
മെഡിക്കല്‍ പഠനത്തിലേക്ക് കശ്മീര്‍ യുവാക്കളെ നയിക്കാന്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ( എയിംസ്) രണ്ട് ക്യാമ്പസുകള്‍ സ്ഥാപിച്ചുവരുന്നു. ഇവ 2023ലും 2025ലും പൂര്‍ത്തിയാവും. ഒപ്പം ഐ ഐടിയും ഐ ഐഎമ്മും സ്ഥാപിക്കുന്നുണ്ട്. ഇവയുടെ പണികള്‍ പുരോഗമിക്കുന്നു.
ജമ്മു ശ്രീനഗര്‍ ഹൈവേയില്‍ ഖാസിഗണ്ട്-ബനിഹാല്‍ തുരങ്കത്തിന്റെ നിര്‍മ്മാണം അതിവേഗം മുന്നേറുന്നു. കഴിഞ്ഞ ദിവസം ഈ തുരങ്കം പരിശോധനകളുടെ ഭാഗമായി ഗതാഗതത്തിന് തുറന്നുകൊടുത്തു. ജമ്മു-ശ്രീനഗര്‍ യാത്രയുടെ ദൂരം 16 കിലോമീറ്റര്‍ കുറയ്ക്കാന്‍ ഈ തുരങ്കത്തിന് കഴിയും
ജമ്മു കശ്മീരില്‍ ഏകദേശം 3,300 കിലോമീറ്റര്‍ ഗ്രാമീണ റോഡ് പൂര്‍ത്തിയായി. കശ്മീരില്‍ വികസനത്തിന്റെ വലിയ കുതിപ്പ് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് വ്യവസായമേഖലയിലാണ്. വിവിധ മേഖലകളില്‍ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ 6,000 ഏക്കര്‍ ഭൂമി കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നു. ഇതില്‍ ജമ്മുവില്‍ 2125 ഏക്കറും കശ്മീരില്‍ ആയിരം ഏക്കറും വ്യവസായ വാണിജ്യ വകുപ്പിന് കൈമാറി. വിവിധ ജില്ലകളില്‍ 292 വ്യവസായ മേഖലകളാണ് തിരിച്ചിരിക്കുന്നത്.
ജമ്മു ഡിവിഷനില്‍ 10 ജില്ലകളില്‍ 150, കശ്മീരിലെ 10 ജില്ലകളില്‍ 142 വീതവുമാണ് വ്യവസായമേഖലകള്‍. വ്യവസായം തുടങ്ങാന്‍ താല്പര്യമുള്ള നിക്ഷേപകര്‍ക്ക് 40 വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിന് നല്‍കും. ഇത് പിന്നീട് അവര്‍ക്ക് താല്പര്യമെങ്കില് 99 വര്‍ഷത്തേക്ക് നീട്ടാം. ടാറ്റയും റിലയന്‍സും ഉള്‍പ്പെടെ 40 കമ്പനികള്‍ ജമ്മു കശ്മീരില്‍ വൈകാതെ നിക്ഷേപം നടത്തും. ചര്‍ച്ചകള്‍ സജീവമായി മുന്നേറുന്നു. പുതിയ നിയമമനുസരിച്ച് 2019 ആഗസ്ത് അഞ്ചിന് ശേഷം ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ പൗരനും ജമ്മു കശ്മീരില്‍ ഭൂമി വാങ്ങാം. ഇതും സ്വകാര്യകമ്പനികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. വിനോദസഞ്ചാരം, വിവരസാങ്കേതിക വിദ്യ, പ്രതിരോധം, പുനരുപയോഗ ഊര്‍ജ്ജം, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, നൈപുണ്യ വികസനം, അടിസ്ഥാനസൗകര്യം തുടങ്ങി ഒട്ടേറെ മേഖലകളില്‍ വ്യവസായം വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: