തൃശൂര്‍: ലോക്ഡൗണ്‍ ഇളവുകളനുസരിച്ച് കടകള്‍ ഇന്ന് മുതല്‍ തുറക്കുമ്പോള്‍ സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ദുരിതമാകും. കടകളിലെ ജീവനക്കാര്‍ക്കും സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പ്രായോഗികമല്ലെന്നാണ് പരാതി. ആഴ്ചയില്‍ ആറു ദിവസം കടകള്‍ തുറക്കാന്‍ അനുമതിയുള്ളപ്പോഴും മൂന്ന് വിഭാഗത്തിലുള്ളവര്‍ക്ക് മാത്രമേ കടകളില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂവെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വളരെയധികം ആശങ്കയുണ്ടാക്കുന്നതായി വ്യാപാരികള്‍. ഒരു ഡോസ് വാക്സിനെടുത്തവര്‍, 3 ദിവസത്തിനുള്ളിലുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍, കൊവിഡ് സ്ഥിരീകരിച്ച് രോഗമുക്തി നേടിയവര്‍ എന്നിവര്‍ക്ക് മാത്രം കടകളില്‍ പോകാന്‍ പാടുള്ളൂവെന്നത് അപ്രായോഗികമാണ്. മാര്‍ക്കറ്റുകള്‍ക്കും നിബന്ധന ബാധകമാണെന്നത് കച്ചവടത്തെ സാരമായി ബാധിക്കുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ തങ്ങളെ ദ്രോഹിക്കുന്നതാണെന്ന് വ്യാപാരികളുടെ ആരോപണം. കടകളിലെത്തുന്നവര്‍ ഒരു ഡോസ് വാക്സിന് എടുത്തവരാകണമെന്ന നിര്‍ദ്ദേശം കച്ചവടത്തെ കാര്യമായി ബാധിക്കും. ആദ്യഡോസ് വാക്സിനെടുക്കാത്ത നിരവധി യുവാക്കള്‍ ഇപ്പോഴുമുണ്ട്. കൊവിഡിനെ തുടര്‍ന്ന് മുതിര്‍ന്നവരേക്കാള്‍ യുവാക്കളാണ് കൂടുതലായും ഇപ്പോള്‍ കടകളിലെത്താറുള്ളത്. പുതിയ നിര്‍ദ്ദേശമനുസരിച്ച് വാക്സിനെടുക്കാത്ത യുവാക്കള്‍ക്ക് ഇനിമുതല്‍ വീട്ടിലിരിക്കേണ്ടി വരും. വാക്സിനെടുക്കാത്തവര്‍ക്ക് 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് രേഖ വേണമെന്ന നിബന്ധനയും ഏറെ ബുദ്ധിമുട്ടുണ്ടാക്കും. മൂന്ന് ദിവസം മാത്രമേ രേഖയ്ക്ക് ആധികാരികതയുള്ളൂവെന്നതിനാല് ആഴ്ചയില്‍ 3 ദിവസം മാത്രമേ കടയില്‍ പോകാനാവൂ. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആര്‍ടിപിസിആര്‍ ടെസ്റ്റ് കൂടുതല്‍ പേര് നടത്താറില്ലെന്നതിനാല്‍ ഈനിര്ദ്ദേശവും പ്രായോഗികമല്ല. കടയില്‍ പോകാനായി മാത്രം കനത്ത ഫീസ് നല്കി ടെസ്റ്റ് നടത്തുകയെന്നത് പ്രയാസമുള്ള കാര്യമാണെന്ന് ജനങ്ങള്‍ പറയുന്നു.
ഒരു മാസത്തിന് മുമ്പ് രോഗമുക്തി നേടിയവര്‍ക്ക് കടകളില്‍ വരാമെന്ന നിര്‍ദ്ദേശവും പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാണ്. വാക്സിനെടുത്തവരാണോ, ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിവരാണോ, രോഗമുക്തി നേടിയവരാണോ എന്നിവ പരിശോധിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇപ്പോള്‍ വ്യാപാരികള്‍ക്കുള്ളത്. ഇത്തരത്തില്‍ പരിശോധന നടത്തി കച്ചവടം നടത്തുകയെന്നത് വളരെ ദുഷ്ക്കരമാണെന്ന് വ്യാപാരികള്‍ പറയുന്നു. കൊവിഡ് പ്രോട്ടോക്കോളും സാമൂഹിക അകലവും ഉറപ്പാക്കേണ്ട ബാധ്യതയും സ്ഥാപന ഉടമയ്ക്കാണ്. 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ കടയിലെത്തുന്നവര്‍ സാമൂഹിക അകലം പാലിക്കണമെന്നാണ് നിര്‍ദ്ദേശം. ഉടമയും തൊഴിലാളിയുമടക്കം രണ്ടുപേര്‍ മാത്രമുള്ള കടകളില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പു വരുത്താനും കച്ചവടം നടത്താനും ഏറെ ബുദ്ധിമുട്ടാണ്.രാവിലെ 7 മുതല്‍ രാത്രി 9 വരെ കടകള്‍ തുറക്കാന്‍ അനുവാദമുണ്ടെങ്കിലും പുതിയ നിര്‍ദ്ദേശമനുസരിച്ച് എത്രപേര്‍ കടകളിലെത്തുമെന്ന കാര്യത്തില്‍ വ്യാപാരികള്‍ക്ക് കടുത്ത ആശങ്കയുണ്ട്.
കൊവിഡ് മാനദണ്ഡങ്ങളിലെ ഇളവ് ശുദ്ധ തട്ടിപ്പ്.: ബിവിവിഎസ്
കടകളിലെത്തുന്നവര്‍ ഫസ്റ്റ് ഡോസ് വാക്സിന് എടുത്തിരിക്കണമെന്നത് അപ്രായോഗിമാണ്. കച്ചവടക്കാരേയും പൊതുജനങ്ങളേയും കബളിപ്പിക്കുന്ന ഇളവു പ്രഖ്യാപനമാണ് ആരോഗ്യ വകുപ്പു മന്ത്രി നടത്തിയിട്ടുള്ളത്. കൊവിഡ് അതിരൂക്ഷമായി തുടരുമ്പോഴും 40 ശതമാനം പേര്‍ക്ക് മാത്രമേ ഇതുവരെയും വാക്സിന് കിട്ടിയിട്ടുള്ളൂ. കടയില്‍ വരുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന നിര്‍ദ്ദേശം സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നതാണ്. എല്ലാദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തിനുള്ള പരിഹാരം അവരെ പരിഹസിക്കലല്ല. വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടത്.
-പി.വി സുബ്രഹ്മണ്യന് (സംസ്ഥാന ജനറല്‍ സെക്രട്ടറി, ഭാരതീയ വാണിജ്യ വ്യവസായ സമിതി)
‘സിനിമാ തിയ്യറ്ററുകള്‍ തുറക്കാന്‍ നടപടിയെടുക്കണം’
ആഴ്ചയില്‍ 6 ദിവസം കടകള്‍ തുറക്കാന്‍ അനുമതി നല്കിയ സാഹചര്യത്തില്‍ രണ്ടു വര്‍ഷത്തോളമായി അടഞ്ഞു കിടക്കുന്ന സിനിമാ തിയ്യറ്ററുകള്‍ തുറക്കാനും സര്‍ക്കാര്‍ നടപടിയെടുക്കണം. കോടിക്കണക്കിന് രൂപ മുടക്കി നിര്‍മ്മിച്ച 200ഓളം ചിത്രങ്ങള്‍ റിലീസിന് കാത്തുകിടക്കുമ്പോഴും തിയ്യറ്ററുകള്‍ തുറക്കാന്‍ അനുവാദം നല്‍കാത്തത് തീര്‍ത്തും ദുഖകരമാണ്. സര്‍ക്കാരിന് കോടികളുടെ വരുമാനം നല്കുന്ന സിനിമാ വ്യവസായം തകര്‍ച്ചയിലാണിപ്പോള്‍. സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഫിലിം റപ്രസെന്ററ്റിവ് മുതലുള്ള ആയിരങ്ങള്‍ക്ക് ഇപ്പോള്‍ തൊഴിലും വരുമാനവുമില്ല. സിനിമാശാലകള്‍ തുറക്കാത്തതിനാല്‍ തിയ്യറ്റര്‍ ഓപ്പറേറ്റര്‍മാര്‍, ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫുകള്‍, സെക്യൂരിറ്റിക്കാര്‍, പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍, കാന്റീന് ജീവനക്കാര്‍ തുടങ്ങിയവരെല്ലാം ദുരിതത്തിലാണ്. സിനിമ പ്രദര്ശിച്ചാലും ഇല്ലെങ്കിലും തിയ്യറ്റര്‍ ഉടമകള്‍ക്ക് വൈദ്യുതി ബില്‍ ഇനത്തില്‍ ലക്ഷങ്ങള്‍ അടയ്ക്കേണ്ടി വരുന്നുണ്ട്. ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ഈവര്‍ഷം ഏകദേശം രണ്ടു മാസമാണ് തിയ്യറ്റര്‍ തുറന്ന് പ്രവര്‍ത്തിച്ചത്. ഓണത്തിനെങ്കിലും 50 ശതമാനം കാണികളെ വെച്ചെങ്കിലും തിയ്യറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കണം.
-എ.കെ സുനില്‍ (പ്രൊപ്രൈറ്റര്‍, തൃശൂര്‍ രാഗം തിയ്യറ്റര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: