കശ്മീര്‍: മോദിസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളഞ്ഞുകൊണ്ട് 370ാം വകുപ്പ് റദ്ദാക്കിയിട്ട് രണ്ട് വര്‍ഷം തികയുന്നു. സൈന്യത്തിന് നേരെ കല്ലെറിഞ്ഞതിന്റെ പേരില്‍ 10 മാസത്തോളം ശിക്ഷിക്കപ്പെട്ട കശ്മീര്‍ യുവാവിന്റെ മനംമാറ്റത്തിന്റെയും പശ്ചാത്താപത്തിന്റെയും കഥ ചര്‍ച്ചയാവുകയാണ്.
സൈന്യത്തിന് നേരെ കല്ലെറിഞ്ഞതിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്തതില്‍ സൈന്യത്തിന് നന്ദിപറയുകയാണിപ്പോള്‍ സുബൈര്‍ എന്ന ചെറുപ്പക്കാരന്. എങ്ങിനെയാണ് നിഷ്കളങ്കരായ കശ്മീരി യുവാക്കള്‍ അക്രമങ്ങള്‍ നടത്താനായി പ്രേരിപ്പിക്കപ്പെടുന്നതെന്ന് 23കാരനായ സുബൈറിന് ഇപ്പോള്‍ അറിയാം. ‘2016ല്‍ ഹുറിയത്ത് കശ്മീരില്‍ റാലികള്‍ സംഘടിപ്പിക്കുന്നത് പതിവായിരുന്നു. ഞാനുള്‍പ്പെടെ നിരവധി ചെറുപ്പക്കാര്‍ അന്ന് അക്രമത്തിലേക്ക് വഴിമാറി. അന്ന് നടന്ന റാലികളില്‍ 90 ശതമാനം പേരും 10നും 15നും ഇടയ്ക്ക് പ്രായമുള്ള കൗമാരക്കാരാണ്. അതേ സമയം ഇതിന് പിന്നിലെ കാര്യങ്ങള്‍ അറിയുന്ന പ്രായമുള്ള ചെറുപ്പക്കാര്‍ ഇത്തരം റാലികളില്‍ പങ്കെടുത്തതേയില്ല,’ തിരിച്ചറിവോടെ പഴയകാലങ്ങള്‍ അയവിറക്കി സുബൈര്‍ പറയുന്നു.
തീരെ ചെറിയപ്രായക്കാരനായിരുന്നപ്പോഴാണ് താനും കല്ലേറില്‍ പങ്കെടുത്തതെന്നും സുബൈര്‍ പറയുന്നു. ‘2016ലാണ് ബുര്‍ഹാന്‍ വാണി മരിച്ചത്(തീവ്രവാദി സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറായിരുന്നു ബുര്‍ഹാന്‍ വാണി). അന്ന് ഞാന്‍ കൗമാരക്കാരനായിരുന്നു. സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിയാന്‍ ആരൊക്കെയോ എന്നെ പ്രേരിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ അത് തെറ്റാണെന്നെനിക്കറിയാം. ഇങ്ങിനെ ചെയ്താല്‍ ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗം കിട്ടുമെന്നും ഇതാണ് ജിഹാദെന്നും പലരും തെറ്റിദ്ധരിപ്പിച്ചു. ഇന്ത്യയില്‍ നിന്നും സ്വാതന്ത്ര്യം കിട്ടുമെന്നും പാകിസ്ഥാനില്‍ കഴിയാനാകുമെന്നും പലരും മനസ്സ് മാറ്റി,’ സുബൈര്‍ പറയുന്നു.
2018ലാണ് ഒരു കല്ലേറിനിടയില്‍ സുബൈര്‍ അറസ്റ്റിലാവുന്നത്. ആ അറസ്റ്റിന് ഇന്ന് സേനയോട് നന്ദി പറയുകയാണ് സുബൈര്‍. കാരണം ജയില്‍വാസം സുബൈറിനെ അടുമുടി മാറ്റിയിരിക്കുന്നു. ഈ അറസ്റ്റാണ് സുബൈറിന്റെ മനപരിവര്‍ത്തനത്തിന് കാരണമായത്.
‘ഐപിഎസ് സന്ദീപ്, ഡിഎസ്പി മാജിദ് എന്നിവരോട് എനിക്ക് നന്ദിയുണ്ട്. ഈ രണ്ട് ഉദ്യോഗസ്ഥരാണ് ഞങ്ങളോട് സത്യം പറഞ്ഞ് തന്നത്. തന്നോടൊപ്പം ജയിലിലുണ്ടായിരുന്നവരേയും അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കിത്തന്നു. ഞങ്ങള്‍ തെറ്റായിരുന്നുവെന്ന് മനസ്സിലായി. ഇവര്‍ രണ്ടുപേരും എന്നോട് സംസാരിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ജീവിച്ചിരിക്കില്ലായിരുന്നു. ആ സമയത്ത് ഞങ്ങള്‍ക്കിടയിലുള്ള പലരും തെറ്റ് തിരിച്ചറിഞ്ഞ് മാറി. പലരും അതേ തെറ്റുകള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു,’ സുബൈര്‍ പറയുന്നു.
തടവുകാരുടെ പുനരധിവാസത്തിന്റെ ഭാഗമായി പത്ത് മാസവും മൂന്ന് ദിവസവും സുബൈര്‍ ജയിലില്‍ കഴിഞ്ഞു. ഇപ്പോള്‍ കശ്മീരില്‍ തീവ്രവാദികളും തീവ്രവാദത്തിലേക്ക് വഴിയൊരുക്കുന്നവരും എന്തൊക്കെ ചെയ്യുന്നുവെന്നും ഇതിലെ നെല്ലും പതിരും വേര്‍തിരിച്ചറിയാനും സുബൈറിന് കഴിവുണ്ട്. കേന്ദ്രം 370 വകുപ്പ് റദ്ദാക്കുക വഴി കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുമാറ്റി. 2019 ആഗസ്ത് അഞ്ചിനാണ് ഈ ഉത്തരവ് കേന്ദ്രം പുറപ്പെടുവിച്ചത്. 2017 ആഗസ്ത് മുതല്‍ 2019 ജൂലായ് വരെ 1394 അക്രമങ്ങളാണ് കശ്മീരില്‍ അരങ്ങേറിയത്. 2019 ആഗസ്ത് മുതല്‍ 2021 ജൂലായ് വരെ ആകെ വെറും 382 അക്രമസംഭവങ്ങള്‍ മാത്രമാണ് അരങ്ങേറിയത്. മോദി സര്‍ക്കാരിന്റെ കശ്മീരിനുള്ള പ്രത്യേകാവകാശങ്ങള്‍ എടുത്തുകളയുന്ന 370ാം വകുപ്പ് റദ്ദാക്കല്‍ ശരിയാണെന്ന് തെളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: