കൊല്ലം: ഇറാനില്‍ നിന്ന് ചൈനയിലേക്ക് ചരക്കുമായി പോകുന്നതിനിടെ ചോര്‍ച്ചയെ തുടര്‍ന്ന് കൊല്ലം തീരത്ത് നങ്കൂരമിട്ട കപ്പലിന്റെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നു. പ്രതികൂലകാലാവസ്ഥയും ശക്തമായ തിരയും പണികളെ തടസപ്പെടുത്തുന്നുണ്ടെങ്കിലും വെള്ളിയാഴ്ചയോടെ യാത്ര തുടരാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ഇറാനില്‍ നിന്ന് സിംഗപ്പൂര്‍ വഴി ചൈനയിലേക്ക് 41,287 ടണ്‍ സ്റ്റീല്‍ ബുള്ളറ്റുമായി പോകുകയായിരുന്ന കപ്പലില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് കപ്പല്‍ തീരത്തടുപ്പിച്ചത്. ചരക്ക് നീക്കം തടസപ്പെട്ടതോടെ കമ്പനിക്ക് ഒരു ദിവസം 20 ലക്ഷം രൂപയാണ് നഷ്ടം. 16 ചൈനക്കാരും മൂന്ന് വിയറ്റ്നാംകാരുമാണ് കപ്പലിലുള്ളത്. പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പ്രത്യേക അനുമതിയോടെ കൊവിഡ് ടെസ്റ്റു ചെയ്ത ശേഷം പിപിഇ കിറ്റ് ധരിച്ചാണ് കൊച്ചിയില്‍ നിന്നുള്ള തൊഴിലാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി കപ്പലില്‍ കയറിയത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കപ്പലിലുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാത്ത തരത്തിലാണ് അറ്റകുറ്റപ്പണികള്‍ തുടരുന്നത്. വിവരങ്ങള്‍ ഇ-മെയില്‍ വഴിയാണ് കൈമാറുന്നത്. ആലപ്പുഴയില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ മാറിയപ്പോഴായിരുന്നു തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. മുങ്ങല്‍വിദഗ്ധരും എഞ്ചിനീയറും ഉള്‍പ്പെടുന്ന സംഘത്തിന്റെ പരിശോധനയില്‍ നാലുമീറ്ററോളം താഴ്ചയില്‍ ചോര്‍ച്ച കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് തീരത്ത് കൊല്ലം തുറമുഖത്തിനു സമീപം നങ്കൂരമിട്ടത്. ഇത്തരം ഒരു സാഹചര്യം (ഡിസ്ട്രസ് കോള്‍) 2018ലാണ് ഇതിനു മുമ്പ് കൊല്ലത്തുണ്ടായിട്ടുള്ളത്. ഉപ്പുവെള്ളവുമായുള്ള രാസപ്രവര്‍ത്തന ഫലമായി കപ്പലുകള്‍ക്ക് ഇത്തരം തകരാറുകള്‍ സംഭവിക്കാറുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം സുരക്ഷാകാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: