‘ശ്രീജേഷ് രക്ഷിച്ചു; ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ വിജയം” ഹോക്കിയില്‍ ഇന്ത്യ- ജര്‍മ്മനി മത്സരം കഴിഞ്ഞ ഉടന്‍ അന്താരാഷ്ട ഹോക്കി ഫെഡറേഷന്റെ ട്വീറ്റിന്റെ തലവാചകം ഇതായിരുന്നു.
അതെ ഹോക്കിയില്‍ 41 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയ്ക്ക് ഒരു മെഡല്‍. മലയാളി ഗോള്‍ കീപ്പര്‍ പി ആര് ശ്രീജേഷിന്റെ മിടുക്ക് രേഖപ്പെടുത്തിയ കളിയില്‍ പൊന്നിന്റെ വിലയുള്ള വെങ്കലം.
കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം. 5-4 ന് മുന്നില്‍ നില്ക്കുന്ന ഇന്ത്യയെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിയിട്ട് ജര്മ്മനിക്കനുകൂലമായ പെനാല്‍റ്റി കോര്‍ണര്‍. കിക്ക് എടുക്കുന്നത് ബെന്ഡ്രിക് ഫുര്‍ക്ക്. നെഞ്ചിടിപ്പോടെ ആരാധകര്‍. ജര്‍മനി ലക്ഷ്യം കണ്ടാല്‍ മത്സരം ഷൂട്ട് ഓഫിലേക്ക് നീളും എന്ന ഭയം. ഹോക്കിയിലെ ഇന്ത്യന്‍ വന്‍ മതിലിനെ മറികടക്കാന്‍ ഫുര്ക്കെടുത്ത പെനാല്‍റ്റി കോര്ണറിനായില്ല. വലതു മൂലയിലേക്ക് പി ആര് ശ്രീജേഷ് പന്ത് തട്ടിത്തെറിപ്പിച്ചപ്പോള്‍ ഇന്ത്യയുടെ നാലു പതിറ്റാണ്ടത്തെ ഒളിംപിക്സ് ഹോക്കി മെഡല്‍ കാത്തിരിപ്പു തീര്‍ന്നു.
അവസാന നിമിഷത്തെ രക്ഷപ്പെടുത്തല്‍ മാത്രമല്ല ഇന്ത്യ വഴങ്ങിയ 13 പെനാല്‍റ്റി കോര്‍ണറുകളില്‍ 10 ഗോളാകാതെ ഇന്ത്യന്‍ വല കാത്തത് മലയാളത്തിന്റെ ‘ശ്രീ ‘ യാണ്്. എങ്ങനെയെങ്കിലും ഒരു ഗോളടിച്ച് സമനില കണ്ടെത്തുക എന്ന ആഗ്രഹത്താല്‍ ജര്‍മ്മന്‍ പട അവസാന മിനിറ്റുകളില്‍ അങ്കക്കലി പൂണ്ട് കളിച്ചപ്പോള്‍ തുടരെ മൂന്ന് പെനാല്‍റ്റി കോര്‍ണറുകളാണ് ഇന്ത്യ വഴങ്ങിയത്. അസാധാരണ മികവോടെ മൂന്നും, തന്റെ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്തു ശ്രീജേഷ് ചെറുത്തു. ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ ഗോള്‍പോസ്റ്റിനു മുന്നില്‍ പാറപോലെ ഉറച്ചുനിന്ന മുന്‍ ക്യാപ്റ്റന്‍ കൂടിയായ ശ്രീജേഷ് നിര്‍ണായക മത്സരത്തില്‍ മികവിന്റെ അങ്ങേയറ്റം കാട്ടി. ഒമ്പത് രക്ഷപ്പെടുത്തലുകളാണ് ശ്രീ ഇന്ന് നടത്തിയത്.
ഒളിംപിക്സില്‍ മെഡലണിയുന്ന രണ്ടാമത്തെ താരം എന്ന പദവിയിലും ഈ കൊച്ചിക്കാരന് എത്തി.1972ലെ മ്യൂണിക് ഒളിമ്പിക്സില്‍ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മാനുവ ല്‍ ഫ്രെഡറിക്കാണ് ആദ്യത്തെ ആള്.
2006 മുതല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ശ്രീജേഷിന്റെ കഠിനാധ്വാനത്തിന്റെയും നിരന്തരമായ പ്രയത്നത്തിന്റെയും ഫലം കൂടിയാണ്് ഈ മെഡല്‍ നേട്ടം. കൊളംബോയില്‍ നടന്ന സൗത്ത് ഏഷ്യന്ഗെയിംസിലാണ് ശ്രീജേഷ് ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ജൂനിയര്‍ ഏഷ്യാ കപ്പി ല്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പറായി ശ്രീജേഷ് വരവറിയിച്ചു. 2011 ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ചാമ്പ്യന്‍ ഷിപ്പ് ട്രോഫിയില്‍ പാകിസ്താനെതിരെ രണ്ട് പെനാല്‍റ്റി സ്ട്രോക്കുകള്‍ തടഞ്ഞതോടെയാണ് ശ്രീജേഷ് താരമായി. ഇന്ത്യയുടെ ഗോള്‍; കീപ്പറുടെ ജേഴ്സിയില്‍ സ്ഥാനമുറപ്പിച്ചു.2013 ഏഷ്യ കപ്പില്‍ ഇന്ത്യ രണ്ടാമതെത്തിയപ്പോള്‍ മികച്ച രണ്ടാമത്തെ ഗോള്‍കീപ്പറെന്ന അവാര്‍ഡും കിട്ടി. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെ ല്‍ നേടിയ ടീമിലും അംഗം. 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2016 ലെ റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ നായകനുമായി. 2014, 2018 ലോകകപ്പുകളിലും 2012 ലണ്ടന്‍ ഒളിമ്പിക്സിലും ടീമിന്റെ ഭാഗമായി. ടോക്കിയോയില്‍ നാലാം ഒളിംപ്ക്സും.
കിഴക്കമ്പലം സ്വദേശിയായ പി ആര് ശ്രീജേഷിന് 2015 ലെ അര്‍ജുന പുരസ്കാരം ലഭിച്ചു. 2017 ല്‍ പത്മശ്രീ നല്കി ശ്രീ യെ രാഷ്ട്രം ആദരിച്ചു. മുന്‍ ലോങ്ജമ്പ് താരവും ആയുര്‍വേദ ഡോക്ടറുമായ അനീഷ്യയാണ് ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: