കൊല്ലം: ഓണത്തിന് രണ്ടാഴ്ചകള്‍ മാത്രം ശേഷിക്കെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍. പുനലൂര്‍ നഗരസഭയില്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. കച്ചവടസ്ഥാപനങ്ങളിലെ തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിനായി വ്യാപാരികള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. മാനദണ്ഡപാലനം സംബന്ധിച്ച് സ്ഥിരമായി അനൗണ്‍സ്മെന്റുകള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ആട്ടോ-ടാക്സി ഡ്രൈവര്‍മാരില്‍ കോവിഡ് പരിശോധന നടന്നുവരുന്നതായും ചെയര്‍പേഴ്സണ്‍ നിമ്മി എബ്രഹാം പറഞ്ഞു.
‘മാതൃകവചം’ വാക്സിനേഷന് ഡ്രൈവ് മുഖേന പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ 54 ഗര്‍ഭിണികള്‍ക്ക് വാക്സിന് നല്കി. താലൂക്ക് ആശുപത്രിയിലും വാക്സിനേഷന് ഉപകേന്ദ്രത്തിലുമായി ഇന്നലെ 800 പേര് വാക്സിന് സ്വീകരിച്ചു.
ഡി കാറ്റഗറിയിലുള്ള അഞ്ചല്‍ ഗ്രാമപഞ്ചായത്തില്‍ 19 വാര്‍ഡുകളിലും എല്ലാദിവസവും ആന്റിജന്‍ പരിശോധന നടത്തും. തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.55 ശതമാനത്തിലേക്ക് എത്തി. അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന സിഎഫ്എല്‍ടിസിയില്‍ 57 രോഗികളുണ്ട്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നുകളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എത്തിക്കുന്നുണ്ടെന്ന് പ്രസിഡന്റ് എസ്. ബൈജു പറഞ്ഞു.
ശൂരനാട് തെക്ക് പഞ്ചായത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നുണ്ട്. ബി കാറ്റഗറിയിലുള്‍പ്പെടുന്ന പഞ്ചായത്തിലെ നിലവിലെ ടിപിആര്‍ ഏഴ് ആണ്. പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡം പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രസിഡന്റ് എസ്. കെ. ശ്രീജ പറഞ്ഞു. കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിലെ ഡിസിസിയില്‍ നിലവില്‍ 28 രോഗികളുണ്ട്. 188 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയതില്‍ ആറുപേര്‍ പോസിറ്റീവ് ആയി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനൗണ്‍സ്മെന്റ്കള്‍ നടത്തുന്നു. മൂന്ന് ഘട്ടങ്ങളിലായി പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഉമാദേവി പറഞ്ഞു.
കൊട്ടാരക്കരയിലെ നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു. ആര്‍ആര്‍ടികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി. പാലിയേറ്റീവ് രോഗികള്‍ക്ക് വീടുകളിലെത്തി വാക്സിന് നല്കി വരുന്നതായി പ്രസിഡന്റ് ആര്.സത്യഭാമ പറഞ്ഞു. മേലിലയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആന്റിജന്‍ പരിശോധന കിറ്റ്, ആയുര്‍വേദ-ഹോമിയോ പ്രതിരോധ മരുന്നുകള്‍ എന്നിവ വിതരണം ചെയ്തു. കോളനികള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ വര്‍ധിപ്പിച്ചു.
മുഖത്തലയിലെ ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ വാക്സിനേഷന് മുന്‍പ് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയതായി പ്രസിഡന്റ് ആമിന ഷെരീഫ് പറഞ്ഞു. കൊവിഡ് രോഗബാധിതര്‍ കൂടുതലുള്ള ഓച്ചിറയിലെ ക്ലാപ്പന ഗ്രാമപഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന് പറഞ്ഞു. കരുനാഗപ്പള്ളി നഗരസഭയില്‍ ബഡ്സ് സ്കൂള്‍, റോട്ടറി ക്ലബ് വഴിയും മൊബൈല്‍ പരിശോധന യൂണിറ്റ് വഴിയും കൊവിഡ് പരിശോധന വ്യാപകമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: