ന്യൂദല്‍ഹി: ദല്‍ഹിയില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബപ്പേര് രാഹുല്‍ഗാന്ധി വെളിപ്പെടുത്തിയ ട്വീറ്റ് പ്രസിദ്ധീകരിച്ചതിന് ട്വിറ്ററിനോട് വിശദീകരണം തേടി ദേശീയ ബാലാവകാശകമ്മീഷന്. പോക്സോ നിയമവും ജുവനൈല്‍ ജസ്റ്റിസ് നിയമവും ലംഘിക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റെന്ന് ദേശീയ ബാലാവകാശകമ്മീഷന് മേധാവി പ്രിയാങ്ക് കനൂംഗോ വ്യക്തമാക്കി.
രാഹുല്‍ഗാന്ധി പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം നില്ക്കുന്ന ചിത്രമാണ് ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്. എന്തുകൊണ്ട് ഈ ചിത്രം പ്രസിദ്ധീകരിക്കാന്‍ അനുവദിച്ചു എന്ന ചോദ്യമാണ് ദേശീയ ബാലാവകാശകമ്മീഷന് ട്വിറ്ററിനോട് ചോദിക്കുന്നത്. ഈ കേസില്‍ എന്തുനടപടിയെടുത്തുവെന്ന് ദല്‍ഹി പൊലീസിനോടും ദേശീയ ബാലാവകാശകമ്മീഷന് ചോദിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയുടെ വീട്ടുകാരെ തിരിച്ചറിയാവുന്ന ചിത്രം പ്രസിദ്ധീകരിക്കുക വഴി നിയമങ്ങള്‍ ലംഘിച്ച രാഹുല്‍ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് നേരത്തെ ബിജെപി ദേശീയ വക്താവ് സമ്പിത് പത്ര ദേശീയ ബാലാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു
പെണ്‍കുട്ടിയുടെ കൂടുംബത്തിന്റെ വിശദാംശങ്ങള്‍ ട്വീറ്റിലൂടെ വെളിപ്പെടുത്തിയത് വഴി പോക്സോ നിയമത്തിലെ 23-ാം വകുപ്പിന്റെ ലംഘനമാണ് രാഹുല്‍ഗാന്ധി നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ വിവരം വെളുപ്പെടുത്തുന്നത് ജുവനൈല്‍ ജസ്റ്റിസ് കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ നിയമത്തിലെ 74-ാം സെക്ഷന്‍ തടയുന്നുണ്ട്. ഇതും രാഹുല്‍ഗാന്ധി ലംഘിച്ചിരിക്കുകയാണ്.- സമ്പിത് പത്ര ആരോപിച്ചു.
ദല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്ത് ഒമ്പത് വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ രാഹുല്‍ഗാന്ധി കുട്ടിയുടെ കുടുംബത്തിന്റെ ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. തന്റെ രാഷ്ട്രീയ അജണ്ടയ്ക്ക് വേണ്ടി ഈ പ്രശ്നം ഉപയോഗപ്പെടുത്താന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധി പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നുവെന്നും സമ്പിത് പത്ര കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി ഇതിന് ഉത്തരം പറയണം. മാത്രമല്ല, ബലാത്സംഗം പോലുള്ള അതിവൈകാരിക പ്രശ്നങ്ങള്‍ വെച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് രാഹുല്‍ഗാന്ധിയെന്നും സമ്പിത് പത്ര കുറ്റപ്പെടുത്തി.
അതേ സമയം കോണ്‍ഗ്രസ് ഭരിയ്ക്കുന്ന രാജസ്ഥാന്, പഞ്ചാബ്, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിലെ ദളിത് പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ രാഹുല്‍ഗാന്ധി മൗനം പാലിക്കുന്നതെന്താണെന്നും സമ്പിത് പത്ര ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: