കൊച്ചി: ലക്ഷദ്വീപിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി പദ്ധതികള്‍ ആവിഷ്കരിച്ച് കേന്ദ്ര സര്‍ക്കാര്‍. ആയുഷ്മാന്‍ ഭാരത്, പ്രധാനമന്ത്രി ജന്‍ ആരോഗ്യയോജന തുടങ്ങിയ പദ്ധതികള്‍ക്കാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേല്‍ തുടക്കമിട്ടത്. കവരത്തിയിലെ ഉദ്ഘാടന ചടങ്ങില്‍ പ്രഫുല്‍ പട്ടേല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ആയുഷ്മാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.
ദ്വീപിലെ 12,320 കുടുംബങ്ങള്‍ക്ക് ആദ്യഘട്ടമെന്ന നിലയില്‍ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ ആനുകൂല്യം ലഭിക്കും. സംവരണം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഇതിന്റെ ഭാഗമാകാന്‍ കഴിയും. കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തിയ ഈ പദ്ധതിയില്‍ ഒരു വര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സാണ് ഉറപ്പാക്കുന്നത്.
സര്‍ക്കാര്‍ പ്രീമിയം അടയ്ക്കുന്ന വഴി 45,000 പേര്‍ക്ക് പണംച്ചെലവില്ലാതെ ആരോഗ്യം സംരക്ഷിക്കാന്‍ പദ്ധതി വഴി സാധിക്കും. ഇഫ്കോ-ടോക്കിയോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെയാണ് പദ്ധതി പ്രാവര്ത്തികമാക്കാനാനുള്ള പിന്തുണ ഏജന്‍സിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് രോഗികളെ ചികിത്സയ്ക്കും മറ്റുമായി കൊണ്ടുപോകുന്നതിന് രണ്ട് സഹായികള്‍ ഉള്‍പ്പെടെ പതിനായിരം രൂപയും ഗതാഗത ചെലവായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദ്വീപില്‍ സര്‍ക്കാരിന്റെ കീഴിലുള്ള അഞ്ച് ആശുപത്രികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐജിഎച്ച് കവരത്തി, ആര്ജിഎസ്എച്ച് അഗത്തി, മിനിക്കോയ് സര്‍ക്കാര്‍ ആശുപത്രി, സിഎച്ച്സി ആന്ത്രോത്ത്, അമിനി എന്നിവയാണ് അവ. ദ്വീപില്‍ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താന്‍ പാരാമെഡിക്കല്‍ കോളേജുകള്‍, നഴ്സിങ് കോളേജുകള്‍ എന്നിവയ്ക്ക് പുറമെ നൂതന സംവിധാനങ്ങള്‍ അവതരിപ്പിക്കാനും പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: