രാജാക്കാട്: ഇടുക്കി ജില്ലയിലെ ശാന്തമ്പാറ പഞ്ചായത്തിലെ നീലക്കുറിറിഞ്ഞി പൂത്ത മലനിരകള്‍ നിലനില്‍പ്പു ഭീഷണിയില്‍. കഴിഞ്ഞ വര്‍ഷം നീക്കുറിഞ്ഞി വ്യാപകമായി പൂത്ത തോണ്ടിമലയില്‍ നീലക്കുറിഞ്ഞി ചെടികള്‍ നശിപ്പിച്ച് കൈയേറ്റക്കാര്‍ കൃഷിയിറക്കി.
മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തിനോട് ചേര്‍ന്നുള്ള തോണ്ടിമല ഭാഗത്താണ് രണ്ടേക്കറിലധികം കൈയേറിയത്. പുല്‍മേടുകള്‍ വെട്ടിത്തെളിച്ച് ഓറഞ്ചും മറ്റു വൃക്ഷത്തൈകളും നട്ടു പിടിപ്പിക്കുകയായിരുന്നു. ശാന്തന്‍പാറ പഞ്ചായത്തില്‍ പൂപ്പാറ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 13ല്‍ റീ സര്‍വേ നമ്പര്‍ 212 ബാര്‍ ഒന്നില്‍ ഉള്‍പ്പെട്ട ഭൂമിയാണിവിടം. ബ്ലോക്ക് നമ്പര്‍ പതിമൂന്നില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ റവന്യൂ പൂല്‍മേടുകള്‍ എന്നാണ് സര്‍ക്കാര്‍ രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നീലക്കുറിഞ്ഞി ഉള്‍പ്പടെ അതീവ പ്രാധാന്യമുള്ള നിരവധി ചെറു സസ്യങ്ങള്‍ കാണപ്പെടുന്ന മേഖലയാണിവിടം.
മലമുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മേഖലയുടെ സ്വഭാവിക പരിസ്ഥിതി നഷ്ടമാകാനിടയാക്കും. സാധാരണയായി നീലക്കുറിഞ്ഞി പൂത്താല്‍ ചെടി നശിക്കുകയും താഴെ വീഴുന്ന വിത്തുകള്‍ മൂന്നു മാസത്തിനു ശേഷം മുളയ്ക്കുകയുമാണ് പതിവ്. ഇത്തരത്തില്‍ മുളയ്ക്കുന്ന തൈകള്‍ പന്ത്രണ്ടു വര്‍ഷമെത്തുമ്പോഴാണ് വീണ്ടും പൂവിടുക. എന്നാല്‍ മുളച്ചുവന്ന ചെടികള്‍ നശിപ്പിച്ചാല്‍ പിന്നീടൊരിക്കലും ഈ മലകളില്‍ നീലക്കുറിഞ്ഞികള്‍ പൂവിടില്ല. അതുകൊണ്ടു തന്നെ ചെടികള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും വിദഗ്ധര്‍. മതികെട്ടാന്‍ ദേശീയോദ്യാനത്തോട് ചേര്‍ന്ന് കിടക്കുന്നതും ചിന്നക്കനാല്‍, സൂര്യനെല്ലി മലനിരകളും ആനയിറങ്കല്‍ ജലാശയവും ഉള്‍പ്പെടുന്ന വിശാലമായ കാഴ്ചകളും ടൂറിസം സാധ്യതയുമാണ് കൈയേറ്റക്കാരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
സ്ഥലത്തെ കൈയേറ്റം ഡെപ്യൂട്ടി തഹസില്‍ദാര്‍, താലൂക്ക് തഹസില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഒഴിപ്പിച്ചതായി ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന് ജന്മഭൂമിയോട് പറഞ്ഞു. സ്ഥലം വെട്ടി തെളിച്ച് ഇറക്കിയ ഫലവൃക്ഷ തൈകളും പിഴുത് മാറ്റിയതായും അദ്ദേഹം പറഞ്ഞു. ശാന്തമ്പാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: