ആലപ്പുഴ : ഓണത്തിന് ന്യായവിലയില്‍ പച്ചക്കറികള്‍ വിപണിയിലെത്തിക്കാന്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഓണച്ചന്തകള്‍ ഒരുങ്ങുന്നു. കൃഷി വകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ 164 ഓണചന്തകളാണ് ഒരുങ്ങുന്നത്. ഈ മാസം 17 മുതല്‍ 20 വരെയാണ് ചന്തകള്‍. മന്ത്രി പി. പ്രസാദ് സംസ്ഥാനതല വിതരണത്തിന്റെ മുന്നോരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു.
ഓണക്കാലത്ത് പച്ചക്കറികളുടെ വില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെ 108 ചന്തകളും, വിഎഫ്പിസി.യുടെ (വെജിറ്റബിള്‍ ആന്‍ഡ് ക്രോപ്പ് കൗണ്‍സില്‍ കേരള) 11 ചന്തകളും, ഹോര്‍ട്ടികോര്‍പ്പിന്റെ 45 ചന്തകളും ജില്ലയില്‍ പ്രവര്‍ത്തിക്കും. പ്രാദേശിക കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ച ഗുണമേന്മയുള്ള പച്ചക്കറികളാണ് വില്‍പ്പനയ്ക്കായി എത്തുക.
കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കൃഷിഭവനുകള്‍ വഴി വിപണി സംഭരണ വിലയേക്കാള്‍ 10% അധികം തുക നല്‍കിയാണ് കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ സംഭരിക്കുന്നത്. പച്ചക്കറികള്‍ വിപണി വിലയേക്കാള്‍ 30% കുറവില്‍ ഓണ ചന്തയില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കും. എല്ലാ പഞ്ചായത്തുകളിലും എക്കോ ഷോപ്പുകളിലും ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: