ആലപ്പുഴ: കൈനകരിയിലെ വാക്സിന് വിതരണ കേന്ദ്രത്തില്‍ ഡോക്ടറെ മര്‍ദ്ദിച്ച പഞ്ചായത്ത് പ്രസിഡന്റിനേയും സിപിഎം നേതാവിനേയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ ഡോക്ടര്‍മാര്‍ കൂട്ടഅവധിയെടുത്ത് പ്രതിഷേധിച്ചത് ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി. സമരത്തിനിറങ്ങുമെന്ന് ഡോക്ടര്‍മാരുടെ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍തലത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചതിന്റെ ദുരിതം അനുഭവിച്ചത് ആശുപത്രികളിലെത്തിയ നൂറുകണക്കിന് രോഗികളായിരുന്നു.
പലരും ആശുപത്രികളിലെത്തിയ മടങ്ങി. ജില്ലയിലെ മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി പ്രവര്‍ത്തനമാണ് തടസ്സപ്പെട്ടത്. ഒപി, വാക്സിനേഷന്, സ്വാബ് പരിശോധന എന്നിവയില്‍ നിന്നും ഡോക്ടര്‍മാര്‍ പൂര്‍ണ്ണമായി വിട്ടു നിന്നു. ഡോക്ടര്‍മാര്‍ ഒന്നാകെ കെജിഎംഒ എ ആഹ്വാനം ചെയ്ത സമരത്തിന് പിന്തുണ നല്‍കിയതോടെ അടിയന്തര സേവനങ്ങള്‍ ഒഴികെയുള്ളവ തടസ്സപ്പെട്ടു. വാക്സിന് വിതരണം ഉണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയതോടെ വിതരണം നടന്നില്ല. എല്ലാ കേന്ദ്രങ്ങളിലും ഡോക്ടര്‍മാരുടെ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. സംസ്ഥാനത്തും പ്രത്യേകിച്ച് ജില്ലയിലും ഡോക്ടര്‍മാര്‍ക്ക് നേര്‍ക്ക് നടക്കുന്ന ആക്രമണങ്ങളില്‍ നടപടിയില്ലെന്നാണ് സംഘടനയുടെ ആക്ഷേപം.
സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ട വാക്സിന് അനധികൃതമായി നല്‍കാത്തതിനെത്തുടര്‍ന്നാണ് കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായ ഡോ. ശരത്ചന്ദ്രബോസിനെ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം. സി പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സി പി എമ്മിന്റെ സംരക്ഷണയിലാണ് പ്രതികളെന്നും കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യമെടുക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നതെന്നും ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഞായറാഴ്ച ഡോ.ശരത്ചന്ദ്ര ബോസ് അധിക സമയം ജോലി ചെയ്ത് പ്രതിഷേധിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായ സമരത്തിന് ആഹ്വാനം ചെയ്യുമെന്ന് കെജിഎംഒഎ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: