കൊച്ചി : ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ കസ്റ്റംസിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ശിവശങ്കറിനെ കൂടാതെ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ്, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനും ഈജിപ്ത്യന്‍ പൗരനായ ഖാലിദ്, യൂണിടാക് ഉടമ സന്തോഷ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
2019ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒന്നരക്കോടി ഡോളര്‍ നയതന്ത്ര പ്രതിനിധികളുടെ സഹായത്തോടെ യുഎഇയിലേക്ക് കടത്തിയെന്നതാണ് ഇവര്‍ക്കെതിരായ കേസ്. എന്നാല്‍ മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ നോട്ടീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കോണ്‍സുലേറ്റ് ജനറലടക്കമുള്ളവരുടെ മൊഴിയെടുത്ത ശേഷമേ ശ്രീരാമകൃഷ്ണന് നോട്ടീസയയ്ക്കുന്ന കാര്യം പരിഗണിക്കൂവെന്നാണ് കസ്റ്റംസ് ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. സ്വപ്ന സുരേഷ്, സരിത്ത് എന്നിവര്‍ നല്കിയ മൊഴിയിലാണ് വിദേശ വിനിമയ ഇടപാടുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സ്പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണനും അറിവുള്ളതായി മൊഴി നല്‍കിയിരുന്നു.
കസ്റ്റംസ് കമ്മിഷണര്‍ സുമിത്ത് കുമാര്‍ സ്ഥലം മാറി പോകുന്നതിന് മുമ്പാണ് ഡോളര്‍ കടത്ത് കേസില്‍ ആരോപിതരായവര്‍ക്കെതിരെ നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസിലെ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം ഇനിയും ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. അന്വേഷണം ഇപ്പോഴും നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: