ടോക്കിയോ: ഇടിക്കൂട്ടിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി. വനിതകളുടെ 69 കിലോ വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തിലെ സെമിയില്‍ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെനെലിയോട് ഇന്ത്യന്‍ താരം ലവ്‌ലിനാ ബൊര്‍ഗോഹെയ്‌ന് തോല്‍വി ഏറ്റുവാങ്ങി.
സെമിയില്‍ ഇന്ത്യന്‍ താരത്തിന്റെ എതിരാളിയായ സുര്‍മെനെലി വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തിലെ ലോക ചാമ്പ്യനാണ്. മൂന്നു റൗണ്ടുകളില്‍ മികച്ച പ്രകടനമാണ് തുര്‍ക്കി താരം കാഴ്ചവച്ചത്. അഞ്ചു ജഡ്ജസും മൂന്നു റൗണ്ടുകളിലും തുര്‍ക്കി താരത്തിന് അനുകൂലമാണ് വിധിയെഴുതിയത്.
ലോകവേദിയില്‍ മികവ് തെളിയിച്ച ബോക്‌സര്‍ കൂടിയാണ് ഈ തുര്‍ക്കി താരം. നേരത്തെ മിഡില്‍വെയ്റ്റ് വിഭാഗത്തിലാണ് മത്സരിച്ചിരുന്നത്, പിന്നീട് വെല്‍റ്റര്‍വെയ്റ്റിലേക്ക് കളം മാറ്റുകയായിരുന്നു. മത്സരം കടുപ്പമാകും എന്നറിയാവുന്നതിനാല്‍ കൈ മെയ് മറന്ന് പോരാടാന്‍ ഉറച്ചാണ് ലവ്‌ലിന ഇറങ്ങിയത്. എന്നാല്‍ വെങ്കല മെഡല്‍ ലവ്‌ലിന സ്വന്തമാക്കി.
വിജേന്ദര്‍ സിങ് (2008), മേരി കോം (2012) എന്നിവരാണ് ബോക്‌സിങ്ങില്‍ ഇന്ത്യക്ക് വേണ്ടി ഇതിന് മുന്‍പ് മെഡല്‍ നേടിയിട്ടുള്ളത്. സെമിയില്‍ എത്തിയതോടെ ഇന്ത്യക്ക് വേണ്ടി ബോക്‌സിങ്ങില്‍ മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടം ലവ്‌ലിന നേരത്തെ ഉറപ്പാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: