കൊച്ചി: ഓണക്കാലം ലഹരിയില്‍ മുക്കാന്‍ ജില്ലയില്‍ ഹൈടെക് വാറ്റ് കേന്ദ്രങ്ങള്‍ സജീവമായി. രണ്ടാം ലോക് ഡൗണില്‍ പണം വാരിയ സംഘങ്ങളാണ് വലിയ തോതില്‍ വാറ്റിനുള്ള കോപ്പ് കൂട്ടുന്നത്. വിദേശ നിര്‍മ്മിത മദ്യത്തിന് ഉണ്ടായ വില വര്‍ധനവും വാറ്റ് സംഘങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്.
കൊവിഡ് പ്രതിരോധ ജോലികളുണ്ടെങ്കിലും വാറ്റുകാരെ കുടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് എക്‌സൈസും പോലീസും. ജില്ലയുടെ കിഴക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് വാറ്റ് സംഘങ്ങള്‍ കൂടുതല്‍ സജീവമാകുന്നതെന്നാണ് വിവരം. രണ്ടാം ലോക് ഡൗണ്‍ കാലയളവില്‍ മുവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, കാലടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് കൂടുതല്‍ വാറ്റ് പിടികൂടിയത്. ഗ്യാസ് സിലിണ്ടറും ഇന്‍ഡക്ഷന്‍ കുക്കറും അടക്കം ആധുനിക രീതിയിലാണ് നിലവിലെ വാറ്റു സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ദിവസങ്ങള്‍ എടുത്താണ് മുമ്പ് കോട തയാറാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ മണിക്കൂറുകള്‍ മതി. ശര്‍ക്കരയും പഴകിയ പഴവര്‍ഗങ്ങളും വെള്ളത്തില്‍ കലക്കിയശേഷം വൈദ്യുതി കടത്തിവിട്ടാണ് കോട തയാറാക്കുന്നത്. പിന്നീടിത് കുക്കറിലാക്കി തിളപ്പിച്ച് വാറ്റിയെടുക്കും. വൈദ്യുതിക്ക് പകരം നീറ്റുകക്ക ഉപയോഗിക്കുന്നതും വ്യാപകമായിട്ടുണ്ട്.
പണം വാരുന്നു
പത്ത് ലിറ്റര്‍ കോട വാറ്റിയാല്‍ 13 മുതല്‍ 15 ലിറ്റര്‍ വരെ ചാരായം ലഭിക്കും. 1000 രൂപയില്‍ താഴെ മാത്രമാണ് ചെലവ്. ഒരു കുപ്പിക്ക് ഇപ്പോള്‍ 1000 മുതല്‍ മുകളിലേക്കാണ് വില. വാറ്റിനുമുണ്ട് തരം തിരിവ്! ഒഴുകി വരുന്ന ചാരായത്തില്‍ വിരല്‍ മുക്കി തീയുടെ അടുത്തേക്ക് കൊണ്ടുവരുമ്പോള്‍ തീ പടര്‍ന്നാല്‍ ഒന്നാം തരം. ഇല്ലെങ്കില്‍ രണ്ടാം തരം. ഇതിന് അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്.
മയക്കുമരുന്നും സുലഭം
ഓണം കൊഴുപ്പിക്കാന്‍ കഞ്ചാവും മയക്കുമരുന്നും. ഒറിസയിലെ മാവോയിസ്റ്റ് കേന്ദ്രത്തില്‍ നിന്നാണ് കേരളത്തിലേക്ക് അടക്കം കഞ്ചാവ് എത്തിക്കുന്നത്. കഞ്ചാവ് ബോള്‍ രൂപത്തില്‍ പായ്‌ക്ക് ചെയ്താണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കടത്തുന്നത്. ഇതിന് വിദ്യാര്‍ഥികളെയാണ് ഉപയോഗിക്കുന്നത്. വിദേശ നിര്‍മിത മയക്കുമരുന്നും ഓണം ആഘോഷം ലക്ഷ്യമാക്കി കൊച്ചിയില്‍ തയാറാവുന്നുണ്ട്. പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ചാണ് ഇവരുടെ നീക്കങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: