പറവൂര്‍: കൊവിഡ് വ്യാപനം മൂലം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പറവൂരിലെ വഴിയോര കച്ചവടക്കാരും തട്ടുകടക്കാരും ദുരിതത്തിലാണ്. പറവൂര്‍ നഗരസഭ പ്രദേശത്ത് മാത്രം നൂറ്റി അന്‍പതോളം വഴിയോര കച്ചവടക്കാരും നാല്പതോളം തട്ട് കടക്കാരുമാണുള്ളത്.
കൊവിഡ് വ്യാപനത്തിന്റെ തോത് പതിനാലര ശതമാനത്തിന് മുകളില്‍ എത്തിയതോടെ ഡി കാറ്റഗറിയിലെത്തിയ പ്രദേശത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വെള്ളിയാഴ്ച മാത്രം വഴിയോര കച്ചവടക്കാര്‍ക്ക് വില്പന നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. പച്ചക്കറിയും, തുണികളും, ഫ്രൂട്ട്‌സ് എന്നീ ഇനങ്ങളുടെ വില്പനയാണ് പ്രധാനമായും വഴിയോരങ്ങളില്‍ നടക്കുന്നത്.
വൈകുന്നേരങ്ങളില്‍ തട്ടുകട നടത്തുന്നവര്‍ക്ക് വെള്ളിയാഴ്ച ദിവസം പോലും കട നടത്താന്‍ അനുവാദമില്ല. ഇത്തരത്തില്‍ ഉപജീവനത്തിന് വഴിമുട്ടിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഈ വിഭാഗം. പലരും കൂലിപ്പണിക്ക് പോലും പോകാന്‍ പറ്റാത്ത രോഗികളാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ കുടുംബങ്ങളെ പട്ടിണിയില്‍ നിന്നും കരകയറ്റാന്‍ സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിന് പുറമെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രതിദിനം കച്ചവടം നടത്താന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: