സഹസ്രാബ്ധം മുമ്പ് കുടിയേറി പാര്‍ത്ത ഏഷ്യന്‍ ജനതയില്‍ നിന്നു തുടങ്ങുന്ന അമേരിക്കയുടെ ചരിത്രം. വേട്ട മൃഗങ്ങളെ പിന്തുടര്ന്ന് വന്നവര്‍ താമസം ഉറപ്പിച്ച ഭൂഖണ്ഡം. മഹത്തായ സംസ്കാരത്തിന്റെ ഉടമകളായിരുന്നു അമേരിക്കയിലെ ആദിവാസികള്‍. മധ്യ അമേരിക്കയിലും ആന്‍ഡിയന്‍ പ്രദേശങ്ങളിലും വസിച്ചിരുന്ന പ്രചീന അമേരിക്കക്കാരുടെ മായാ, ഇന്‍കാ, ആസ്ചെക്ക് എന്നീ സംസ്കാരങ്ങള്‍ ഏറെ വളര്‍ച്ച പ്രാപിച്ചവയായിരുന്നു. എങ്കിലും യൂറോപ്യന്മാര്ക്കോ ഇതരദേശക്കാര്‍ക്കോ അവരെ കുറിച്ച് വലിയ അറിവൊന്നുമണ്ടായിരുന്നില്ല.
സമ്പത്തിന്റെ കേദാരമായി കരുതപ്പെട്ടിരുന്ന ഇന്ത്യയെ തേടിയുള്ള സമുദ്രയാത്രകള്‍ക്കിടയില്‍ യൂറോപ്യന്മാര് ആകസ്മികമായി കണ്ടെത്തിയ വന്‍കരയായിരുന്നു അമേരിക്ക. വളരെ വേഗം അത് യൂറോപ്യന്മാരുടെ സ്വപ്നദേശമായി മാറി. കോളനികള്‍ സ്ഥാപിച്ച് സാമ്രാജ്യം വിപുലമാക്കാന്‍ മണ്ണും സ്വര്‍ണവും തേടി അറ്റ്ലാന്റിക്കിനെ ഭേദിച്ച് യൂറോപ്യന്മാര് അവിടേക്ക് കുതിച്ചു. രണ്ടു നൂറ്റാണ്ടോളം നീണ്ടു നിന്നു ഇടതടവില്ലാത്ത ആ കുടിയേറ്റം. ഇംഗ്ലീഷുകാര്‍, ഫ്രഞ്ചുകാര്‍, ജര്‍മ്മന്‍കാര്‍, ഡച്ചുകാര്‍, സ്വീഡന്‍കാര്‍ ഒസ്ട്രേലിയയിലും ഹംഗറിയിലും നിന്നുള്ളവര്‍യൂറോപ്പിന്റെ സകല കോണുകളില്‍ നിന്ന് കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് എത്തി.
യൂറോപ്യരുടെ ആഗമനം അവിടത്തെ ആദിമനിവാസികളുടെ ജീവിതവും സംസ്കാരവും ആകെ മാറ്റിമറിച്ചു. ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയും മദ്യം നല്കി വശപ്പെടുത്തിയും നിര്‍ദാക്ഷിണ്യം കൊന്നൊടുക്കിയും ആദിമനിവാസികള്‍ക്കുമേല്‍ വെള്ളക്കാര്‍ അധികാരം സ്ഥാപിച്ചു. കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട ആദിമ ജനത ഏറെക്കുറെ നാശത്തിലേക്ക് നീങ്ങി.
യൂറോപ്യന്‍ അധിവാസം വ്യാപിച്ചതിന്റെ ഫലമായി തദ്ദേശീയരുടെ സംസ്കാരം മിക്കയിടങ്ങളിലും നാമാവശേഷമായിട്ടുണ്ട്. എന്നിരിക്കിലും അപൂര്‍വം പ്രദേശങ്ങളില്‍ തദ്ദേശീയരായ അമേരിന്ത്യരുടെ തനതായ സംസ്കാരം കാത്തുസൂക്ഷിച്ചിട്ടുള്ളതായി കാണാം.
തദ്ദേശീയ സംസ്കാരം യൂറോപ്യന്‍ ആക്രമണത്തിന്റെ ഫലമായി തുടച്ചു മാറ്റപ്പെട്ടതുപോലെതന്നെ, പ്രകൃതിവിഭവങ്ങളുടെ കാര്യത്തിലും വലുതായ പരിവര്‍ത്തനങ്ങള്‍ ഉണ്ടായി. കൃഷിഭൂമി, മേച്ചില്‍ സ്ഥലങ്ങള്‍, വനങ്ങള്‍, ധാതുക്കള്‍ തുടങ്ങിയവയുടെ അനിയന്ത്രിതമായ ഉപഭോഗവും അമേരിക്കയുടെ മുഖച്ഛായ പാടേ മാറ്റി.
സമുദ്രസഞ്ചാരത്തില്‍ വൈദഗ്ദ്ധ്യവും കോളനികള്‍ സ്ഥാപിക്കുന്നതില്‍ ഏറെ പരിചയവുമുണ്ടായിരുന്ന സ്പെയിനുകാരാണ് വടക്കേ അമേരിക്കയില്‍ ആദ്യം കുടിയേറി പാര്‍ത്തത്. 16ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ വെസ്റ്റിന്‍ഡീസിലും മധ്യ അമേരിക്കയിലും മെക്സിക്കോവിലും അവര്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. 17ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇംഗ്ലീഷുകാര്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ വന്‍തോതില്‍ കുടിയേറന്‍ തുടങ്ങിയത്. അമേരിക്കയുടെ കിഴക്കന്‍ തീരത്തും കുടിയേറിയ ഇംഗ്ലീഷുകാര്‍ ഒരു നൂറ്റാണ്ടുകൊണ്ട് തീരത്തുടനീളം 12 കോളനികള്‍ സ്ഥാപിച്ചു.
ചെറുചെറു കപ്പലുകളിള്‍ അമേരിക്ക എന്ന സ്വതന്ത്രദേശം തേടി പുറപ്പെട്ട യൂറോപ്പ്യന്മാര്ക്ക് ആ കപ്പല്‍ യാത്രകളൊന്നും മധുരനുഭവങ്ങളായിരുന്നില്ല. അറ്റ്ലാന്റിക്കിന്റെ ഓളങ്ങളില്‍ അമര്‍ന്നു പോയ സഞ്ചാരികള്‍ നൂറു കണക്കിനുണ്ട്. കാറ്റിലും കോളിലും പെട്ട് കപ്പലുകള്‍ തകര്‍ന്നും കാറ്റടിച്ച് അന്യദേശങ്ങളിലടിഞ്ഞും ആയിരങ്ങള്‍ ദുരിതത്തിലായി. അതിനെയെല്ലാം അതിജീവിച്ച് മുന്നേറിയ യൂറോപ്യന്മാര് വളരെ വേഗം ആ പുതിയ ഭൂഖണ്ഡത്തെ കാല്ച്ചുവട്ടിലാക്കി.
മാന്‍ഹട്ടന്‍ ദ്വീപില്‍ കുടിയേറിപാര്‍ത്ത ഡച്ചുകാര്‍ 17ാം നൂറ്റാണ്ടില്‍ അവിടെയൊരു കോളനി സ്ഥാപിച്ചു. ന്യൂ ആംസ്റ്റര്‍ഡാം എന്നാണ് അവര്‍ ഇതിനു പേരിട്ടത്. പിന്നീട് ബ്രിട്ടീഷുകാര്‍ ഈ കോളനി കീഴടക്കി. അവരാണ് അതിനു ന്യൂയോര്‍ക്ക് എന്ന് പേരിട്ടത്. രണ്ടര നൂറ്റാണ്ടുകൊണ്ട് ന്യൂയോര്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായി വളര്‍ന്നു. കോളനികള്‍ക്കായി യൂറോപ്യന്മാര് ലോകമെമ്പാടും നടത്തികൊണ്ടിരുന്ന പോരാട്ടങ്ങള്‍ അമേരിക്കയിലും തുടരുകയായിരുന്നു. അവിടേയും വിജയം വരിച്ചത് ബ്രിട്ടീഷുകാര്‍ തന്നെ.ഫ്രഞ്ചു കോളനികളും ഡച്ചു കോളനികളും സ്പാനിഷ് കോളനികളുമെല്ലാം ഇംഗ്ലീഷുകാര്‍ പിടിച്ചെടുത്തു. 1775ല്‍ ബ്രിട്ടണ് അമേരിക്കയിലെ കോളനികളെല്ലാം ഏകോപിപ്പിച്ചു.
യുറോപ്പിന് അഭിമുഖമായി കിടന്ന കിഴക്കന്‍ തീരപ്രദേശങ്ങളിലാണ് അവിടെ നിന്നുമുള്ള കുടിയേറ്റക്കാര്‍ മുഖ്യമായും താവളമുറപ്പിച്ചത്. പടിഞ്ഞാറന്‍ പര്‍വ്വത മേഖലകളിലേക്ക് ആദ്യകാല കുടിയേറ്റക്കാര്‍ ഏറെയൊന്നും കടന്നു ചെന്നിരുന്നില്ല. യൂറോപ്യന്മാര് കുടിയേറിയ ഇന്ത്യയുള്‍പ്പെടെയുള്ള മറ്റു ദേശങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് അമേരിക്കയുടെ കാര്യം. മറ്റെല്ലായിടങ്ങളിലും ശക്തമായ ഭരണവ്യവസ്ഥതയും ശക്തിയുള്ള ജനസമൂഹവും ഉണ്ടായിരുന്നു. അതിനെ ഉന്മൂലനം ചെയ്യാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ അമേരിക്കയിലെ ആദിമനിവാസികളെ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ പുറം തള്ളാന്‍ യുറോപ്യന്മാര്ക്ക് കഴിഞ്ഞു. അങ്ങനെ ഒരു ക്ലീന്‍ സ്റ്റേറ്റില്‍ ഒരു സങ്കര യൂറോപ്യന്‍ സംസ്കാരം അവിടെ കെട്ടിപ്പെടുത്തു.
വടക്ക് മായിന്‍ മുതല്‍ തെക്ക് ജോര്‍ജിയ വരെ അതിവിശാലമായി നീണ്ടു പരന്നു കിടന്ന വമ്പന്‍ വനപ്രദേശം. പ്രകൃതി വിഭവങ്ങളുടെ കലവറ. അതിവിശാലമായ കൃഷിയിടങ്ങള്‍ എന്നിങ്ങനെ സമ്പന്നതയുടെ കേദാരമായിരുന്നു യൂറോപ്യന്‍ അധിനിവേശക്കാര്‍ക്ക് മുന്നില്‍ തുറന്നത്. തങ്ങള്‍ സ്വപ്നം കണ്ടിരുന്നതു പോലെ ആസൂത്രണം ചെയ്ത ചിട്ടയുള്ള നഗരങ്ങളും ജനപദങ്ങളും അവര്‍ അവിടെ സ്ഥാപിച്ചു. നീണ്ടു നിവര്‍ന്ന വെടിപ്പുള്ള വഴികളും വിശാലമായ കെട്ടിടകളും പണിതൊരുക്കി. യൂറോപ്പിന്റെ പരാധീനതകളോടും അറ്റ്ലാന്റിക്കിന്റെ കടല്‍ക്ഷോഭങ്ങളോടും പൊരുതി അമേരിക്കയില്‍ എത്തിയവര്‍ ധാരളിത്തത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും പുതിയൊരു ജീവിതമാണ് നയിച്ചത്. എല്ലാ ലോകത്തു നിന്നുമുള്ള ശാസ്ത്രജ്ഞന്മാരും ഗവേഷകരും അമേരിക്കയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. എപ്പോഴും ഒന്നാമതു നില്‍ക്കാനുള്ള വെമ്പല്‍. സ്വാതന്ത്ര്യം , ധാരാളിത്തം എന്നിവയൊക്കെ അമേരിക്കയിലെ വെള്ളക്കാരുടെ സവിശേഷതകളായി മാറി.
ഇന്ന് ഭൂമുഖത്തെ ഏറ്റവും പ്രതാപശാലിയായ രാജ്യമായി അമേരിക്ക കരുതപ്പെടുമ്പോള് അതിനു പിന്നില്‍ കഠിനാദ്ധ്വാനത്തിന്റെ ചരിത്രമുണ്ട്. യുറോപ്യന്‍ ആധിപത്യത്തിനെതിരെ വര്‍ഷങ്ങള്‍ നീണ്ട രക്തരൂക്ഷിതമായ പോരാട്ടത്തിനൊടുവില്‍ 1776ല്‍ കോളനികള്‍ സ്വതന്ത്രരായി അമേരിക്കന്‍ ഐക്യനാടുകളായി മാറുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും കൂടുതല്‍ സംസ്ഥാനങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടെങ്കിലും അടിമത്തത്തിന്റെ പേരില്‍ 1860 കളില്‍ ഉണ്ടായ ആഭ്യന്തര കലാപം അമേരിക്കയെ ഭിന്നിപ്പിച്ചു. ആഭ്യന്തര യുദ്ധവും അടിമത്തവും അവസാനിച്ചതോടെ അമേരിക്കയ്ക്ക് പുനര്‍ നിര്‍മ്മാണത്തിന്റെ കാലഘട്ടമായിരുന്നു. വ്യവസായം, നഗരവല്‍ക്കരണം, ഗതാഗതം എന്നിവയിലെല്ലാം വന്‍ കുതിച്ചു ചാട്ടം. ലോകത്തെ ഒന്നാമത്തെ സാമ്പത്തിക സൈനിക ശക്തിയായി അമേരിക്ക വളര്‍ന്നു.
20ാം നൂറ്റാണ്ട് അവസാനിച്ചപ്പോഴേക്കും വെല്ലുവിളിക്കാന്‍ ആരുമില്ലാത്ത രാജ്യമായി അമേരിക്ക മാറി. രണ്ടു മഹായുദ്ധങ്ങളിലും സ്വന്തം മണ്ണിന് പോറലേല്‍ക്കാതെ സഖ്യകക്ഷികള്‍ക്കായി അവര്‍ പോരാടി. ശാസ്ത്ര സാങ്കേതിക മേഖലയിലെ പകയുടെ പേരില്‍ റഷ്യയുമായി നടന്ന ശീതസമരത്തിലും അന്തിമ വിജയം അമേരിക്കയ്ക്കായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ തീവ്രവാദവും സാമ്പത്തിക മാന്ദ്യവും പിടിച്ചുലയ്ക്കുന്നതാണെങ്കിലും ത്യാഗവും നോവും ബുദ്ധിയും ധീരതയും അലിഞ്ഞു ചേര്‍ന്ന അമേരിക്ക ഒന്നാമനായി തന്നെ നില്ക്കുന്നു. ഇന്ന് അമേരിക്കയുടെ കണ്ണെത്താത്ത ഒരു ഭൂപ്രദേശവും ഭൂമിയിലില്ല എന്ന സ്ഥിതിയാണ്. ലോകത്തെ തന്നെ തങ്ങളുടെ അധീനതയിലാക്കാനാണ് ഈ മിശ്രസംസ്കാര രാജ്യത്തിന്റെ താല്പര്യം.
അമേരിക്ക കാഴ്ചക്കപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: