തിരുവനന്തപുരം: നടന് മണിയന്‍പിള്ള രാജുവിന്റെ വീട്ടില്‍ മന്ത്രി തന്നെ നേരിട്ടെത്തി ഓണക്കിറ്റ് നല്കിയ നടപടി വിവാദമാകുന്നു.
ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്.അനിലാണ് ആഗസ്ത് 3ന് കിറ്റ് നടന് മണിയന്‍പിള്ള രാജുവിന്റെ വീട്ടിലെത്തി ഓണക്കിറ്റ് സമ്മാനിച്ചത്. വി ഐപികള്‍ക്ക് ഓണക്കിറ്റ് വീട്ടില്‍ കൊണ്ടുകൊടുത്ത മന്ത്രി കിടപ്പുരോഗികളും അവശരുമായവര്‍ക്ക് വീട്ടില്‍ റേഷനും ഓണക്കിറ്റും നല്‍കുമോ എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
മാത്രമല്ല, മണിയന് പിള്ള രാജുവിന്റേത് വെള്ള റേഷന്‍കാര്‍ഡാണ്. മുന്ഗണനാപട്ടികയില്പ്പെട്ട വെള്ളക്കാര്‍ഡുകാര്‍ക്ക് ആഗസ്ത് 13 മുതലേ ഓണക്കിറ്റ് നല്കാന് പാടൂ. ഏതടിസ്ഥാനത്തിലാണ് മന്ത്രി ആഗസ്ത് 3ന് കിറ്റ് മണിയന്‍പിള്ള രാജുവിന്റെ വീട്ടിലെത്തിച്ചു നല്‍കിയതെന്ന ചോദ്യവും ഉയരുന്നു. മന്ത്രിയും മണിയന്‍പിള്ളരാജുവും നില്ക്കുന്ന ചിത്രം മന്ത്രിതന്നെ ഇതിനകം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുകഴിഞ്ഞതിനാല് മന്ത്രിക്ക് ഇനി ഇത് നിഷേധിക്കാനും ആവില്ല. റേഷന്‍ കടയിലെ ഇ-പോസ് മെഷീനില്‍ വിരലമര്‍ത്തിയ ശേഷമേ ഏതൊരാള്‍ക്കും ഓണക്കിറ്റ് കൊടുക്കാവൂ എന്ന നിയന്ത്രണവും ഇവിടെ ലംഘിക്കപ്പെട്ടു. വിവാദങ്ങള്‍ക്ക് തടയിടാന്‍ താന്‍ പിന്നീട് റേഷന്‍ കടയില്‍ പോയി ഇപോസ് മെഷീനില്‍ വിരല്‍ പതിപ്പിക്കുമെന്ന് മണിയന്‍പിള്ള രാജു പറയുന്നു.
നേരത്തെ റേഷന്‍ കടകള്‍ തോറും പ്രമുഖരെ എത്തിച്ച് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യിക്കാനുള്ള മന്ത്രിയുടെ തീരുമാനവും വിവാദമായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സിവില്‍ സപ്ലൈസ് ഡയക്ടറെയോ ജില്ലാ സപ്ലൈ ഓഫീസറെയോ അറിയിക്കാനും റേഷന്‍ വ്യാപാരികള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതും വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: