ന്യൂദല്‍ഹി: രാജ്യസുരക്ഷയെ പോലും ഗുരുതരമായ ബാധിക്കുന്ന തരത്തില്‍ രാജ്യത്തെ സിപിഎമ്മും സിപിഐയും ചൈനയ്ക്കു വേണ്ടി ഇന്ത്യക്കെതിരേ നീക്കം നടത്തിയെന്ന ഗുരുതര ആരോപണവുമായി മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ.രാജ്യത്തെ സുപ്രധാനമായ വിദേശ കരാറുകള്‍ അട്ടിമറിക്കാന്‍ ചൈന ഇടതുപാര്‍ട്ടികളെ ഉപയോഗിച്ചെന്നാണ് തന്റെ പുതിയ പുസ്തകമായ ”ലോങ് ഗെയിം, ഹൗ ദി ചൈനീസ് നെഗോഷിയേറ്റ് വിത്ത് ഇന്ത്യ”യില്‍ വിജയ് ഗോഖലെ വെളിപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ ഇടത് പാര്‍ട്ടികള്‍ക്ക് ചൈനയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഇടത് നേതാക്കളെ ഉപയോഗിച്ച് ചൈന യുപിഎ സര്‍ക്കാരില്‍ ഇടപെടലുകള്‍ നടത്തിയെന്നും വിജയ് ഗോഖലെ വെളിപ്പെടുത്തുന്നു. 2007 -2008ലെ യുപിഎ ഭരണകാലത്തെ ചില സംഭവവികാസങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഗോഖലെ ഇടത് പാര്‍ട്ടികളെ തുറന്നു കാട്ടുന്നത്. ഇന്ത്യയും അമേരിക്കയുമായുള്ള കരാറുകളില്‍ ചൈനയ്ക്ക് ആശങ്കയുണ്ടായിരുന്നു. ഈ കരാറുകള്‍ക്കെതിരെ ആഭ്യന്തര എതിര്‍പ്പുയര്‍ത്താന്‍ ചൈന ഇന്ത്യയിലെ ഇടതുപാര്‍ട്ടികളെ ഉപയോഗിച്ചെന്നാണ് പുസ്തകത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
യുപിഎ ഭരണകാലത്ത് ചൈന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യക്ഷമായ ഇടപെട്ടത് തെളിവുകള്‍ സഹിതമാണ് ഗോഖലെ വിശദീകരിക്കുന്നത്. കരാറുകള്‍ അട്ടിമറിക്കാന്‍ ഇടതുമാധ്യമങ്ങളെയും ചൈന ഉപയോഗപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചികിത്സയ്ക്കോ യോഗങ്ങളില്‍ പങ്കെടുക്കാനോ ചൈനയില്‍ പോകുന്നതിന്റെ മറവിലാണ് ഇടത് നേതാക്കള്‍ ചൈനയുമായി രഹസ്യ ബന്ധം സ്ഥാപിച്ചതെന്നും പുസ്തകത്തില്‍ വിശദീകരിക്കുന്നു.
39 വര്‍ഷത്തെ നയതന്ത്ര സര്‍വ്വീസുള്ള ഗോഖലയെക്ക് ചൈനീസ് ഭാഷയായ മന്‍ഡാരിനില്‍ നല്ല പ്രാവീണ്യം ഉണ്ട്. 20 വര്‍ഷത്തിലധികം ചൈനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ദേഹം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയും ചൈനയുമായും ബന്ധപ്പെട്ട ആറ് വിഷയങ്ങളെ മുന്‍ നിര്‍ത്തി പുതിയ പുസ്തകം പുറത്തിറക്കിയത്. 2007 -2008ലെ യുപിഎ ഭരണകാലത്തെ ചില സംഭവവികാസങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇടതുപാര്‍ട്ടികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്.
ചൈനയുമായി ബന്ധപ്പെട്ട മിക്ക വിഷയങ്ങളിലും സിപിഎമ്മും സിപിഐയും ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ചു. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎസര്‍ക്കാരിന് ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്നു. യുപിഎ സര്‍ക്കാരില്‍ ഇടതുപാര്‍ട്ടികള്‍ക്കുള്ള സ്വാധീനം മനസ്സിലാക്കിയാണ് ചൈന ഇടപെടല്‍ നടത്തിയതെന്നും വിജയ് ഗോഖലെ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ചൈന നടത്തിയ ഓപ്പറേഷനായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: