ന്യൂദല്‍ഹി: ഹോക്കിയില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ടോക്യോ ഒളിമ്പിക്സില്‍ മെഡല്‍ പട്ടികയില്‍ ഇടം നേടിയതോടെ ഇന്ത്യക്കാരുടെ കണ്ണുകള്‍ പായുന്നത് ഒഡീഷയിലേക്ക് കൂടിയാണ്. ഇന്ത്യന്‍ ഹോക്കി ടീമുകളുടെ വളര്‍ച്ചയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കിയ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനും ഒഡീഷ സര്‍ക്കാരിനും ബിഗ് സല്യൂട്ട് നല്‍കുകയാണ് സമൂഹമാധ്യമങ്ങള്‍.
ഇതിന് രണ്ട് കാരണങ്ങളുണ്ട്. 2018 മുതല്‍ ഇന്ത്യയുടെ പരുഷ, വനിതാ ഹോക്കി ടീമുകളെ സ്പോണ്സര് ചെയ്യുന്നത് ഒഡീഷ സര്‍ക്കാരാണ്. അതുപോട്ടെ, അതിനുമപ്പുറം ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ബീരേന്ദ്ര ലക്രയും വനിതാ ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ദീപ് ഗ്രേസ് എക്കയും ഒഡിഷയില്‍ നിന്നുള്ള താരങ്ങളാണ്.
അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ പുരുഷ, വനിതാ ഹോക്കിടീമിന്റെ സ്പോണ്സര് ഒഡീഷ സര്‍ക്കാരാണ്. കളിക്കാരുടെ ജഴ്സികളില്‍ ഒഡിഷ സര്‍ക്കാരിന്റെ മുദ്ര കാണാം. ഇതിന് സര്‍ക്കാര്‍ ചെലവിടുന്ന തുക എത്രയെന്നോ? 150 കോടി രൂപ! കൃത്യമായ തുക എന്തായാലും ഇതിനേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് സ്പോര്‍ട്സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്കുന്ന സൂചന. ഇന്ത്യന്‍ ഹോക്കി ടീമിന്റെ തൊട്ടുമുന്‍പുള്ള സ്പോണ്‍സറായ സഹാറയേക്കാള്‍ എന്തായാലും മൂന്നോ നാലോ ഇരട്ടി തുക ഒഡിഷ സര്‍ക്കാര്‍ ചെലവഴിക്കും.
ആസ്ത്രേല്യയെ തോല്പിച്ച് ഇന്ത്യയുടെ വനിതാ ടീമിന് സെമി ബെര്‍ത്ത് നല്കിയ ഗംഭീര വിജയത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി നവീന്‍ പട്നായിക് തന്നെ തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. ട്വീറ്റ് കാണുക
ഹോക്കി ഇന്ത്യയുമായി ചേര്‍ന്ന് ഒഡിഷ ഭുവനേശ്വരില്‍ പുരുഷ ലോകകപ്പ്, വേള്‍ഡ് ലീഗ്, പ്രോലീഗ്, ഒളിമ്പിക് ക്വാളിഫയര്‍ എന്നിങ്ങനെ നിരവധി ഹോക്കി ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിച്ചിരുന്നു. ഹോക്കി ടീമുകള്‍ രണ്ടും വീണ്ടും മെഡലുറപ്പിച്ച് നില്ക്കുമ്പോള് തീര്‍ച്ചയായും ഒഡിഷയ്ക്കും മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനും നന്ദി പറയാം.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ചിലത്:
“രണ്ട് ഹോക്കി ടീമുകളും ഒളിമ്പിക്സ് സെമിയില്‍ എത്തിയത് ആഘോഷിക്കുന്നു. അതിന് വിനയപുരസ്സരം ഒരു നന്ദി ഒഡിയ്ക്കും അതിന്റെ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനും നല്‍കാം….അത്ര സമ്പന്നമല്ലാത്ത സംസ്ഥാനമായിട്ടു കൂടി ആറ് വര്‍ഷത്തോളമായി പുരുഷ, വനിതാ ഹോക്കിടീമുകളെ സ്പോണ്സര് ചെയ്യുന്ന സംസ്ഥാനമാണത്.”
“ഇന്ത്യന്‍ ഹോക്കിക്ക് ഒഡീഷ സര്‍ക്കാര്‍ നല്കിയ പിന്തുണയ്ക്ക് നന്ദി”
“ഒഡീഷയിലേക്ക് ഹോക്കി ആദ്യത്തെ ഒളിമ്പിക്സ് മെഡല്‍ കൊണ്ടുവരുന്നത് തികച്ചും അര്‍ഹിക്കുന്നതു തന്നെ”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: